

കല്യാണി: രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രം തിരുത്തിക്കുറിച്ച് ജമ്മു കശ്മീര്‍. 67 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മുന്‍ ചാമ്പ്യൻമാരായ ബംഗാളിനെ പരാജയപ്പെടുത്തി ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലിലെത്തി.
നാലാം ഇന്നിങ്‌സിൽ 126 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ജമ്മു കശ്മീർ ആറു വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുക ആയിരുന്നു. മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾ നേടിയ ജമ്മു കശ്മീരിന്റെ ഔഖിബ് നബിയാണ് കളിയിലെ താരം.
കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ടീം സുധീപ് കുമാർ ഘരാമിയുടെ സെഞ്ച്വറിയുടെ ബലത്തിൽ 328 നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീരിന് 302 റൺസ് നേടാനേ സാധിച്ചുള്ളൂ. ബംഗാളിനായി മുഹമ്മദ് ഷമി എട്ട് വിക്കറ്റുകൾ വീഴ്ത്തി. ജമ്മു കശ്മീരിന് വേണ്ടി സമദ് 82 റൺസും ഔഖിബ് നബി 42 റൺസും നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ 26 റൺസ് ലീഡുമായി കളത്തിലിറങ്ങിയ ബംഗാൾ ബാറ്റിങ് നിരയെ ജമ്മു കശ്മീർ ബൗളർമാർ എറിഞ്ഞു ഒതുക്കി. ഔഖിബ് നബിയും സുനിൽ കുമാറും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബെംഗാളിന് വെറും 99 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു.
126 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീരിന് മൂന്നാം ദിനത്തിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടമായിരുന്നു. നാലാം ദിനത്തിൽ 55 റൺസ് വിജയലക്ഷ്യവുമായി മൈതാനത്ത് ഇറങ്ങിയ ജമ്മു കശ്മീർ സമദ് ( 27 പന്തിൽ 30) വൻഷജ് ശർമ (പുറത്താകാതെ 43 റൺസ്) എന്നിവരുടെ പോരാട്ടത്തിത്തിലൂടെയാണ് വിജയം സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates