

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരവും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുമായ ഇറ്റലിയുടെ യാനിക് സിന്നര്‍ റോളണ്ട് ഗാരോസില്‍ അട്ടിമറി തോല്‍വി വഴങ്ങി.
രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ യുവാന്‍ മാനുവല്‍ സെറുണ്ടോലോയോടാണ് സിന്നര്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ നേടിയ ശേഷമായിരുന്നു താരത്തിന്റെ അവിശ്വസനീയ പതനം. സ്‌കോര്‍: 6-3, 6-2, 5-7, 1-6, 1-6.
കനത്ത ചൂടിൽ താരം വെന്തുരുകി. രണ്ട് മണിക്കൂറിലേറെ പോരാട്ടം നീണ്ടതോടെ സിന്നര്‍ ശരീരികമായി വലിയ വെല്ലുവിളി നേരിട്ടു. പലപ്പോഴും താരം വൈദ്യ സഹായം തേടി.
കനത്ത ചൂടില്‍ താരം തളര്‍ന്നത് എതിരാളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ആദ്യ രണ്ട് സെറ്റിലേയും മുന്‍തൂക്കം നിലനിര്‍ത്താന്‍ കനത്ത ചൂട് താരത്തെ അനുവദിച്ചില്ല. കരിയറിലെ തന്നെ ഏറ്റവും നാടകീയ പുറത്താകലാണ് സിന്നര്‍ക്ക് നേരിടേണ്ടി വന്നത്.
കരിയറില്‍ കിട്ടാക്കനിയായി നില്‍ക്കുന്ന ഏക ഗ്രാന്‍ഡ് സ്ലാം കിരീടമാണ് സിന്നര്‍ക്ക് ഫ്രഞ്ച് ഓപ്പണ്‍. കഴിഞ്ഞ തവണയാണ് താരം ആദ്യമായി ഫൈനല്‍ കളിച്ചത്. എന്നാല്‍ കാര്‍ലോസ് അല്‍ക്കരാസിനു മുന്നില്‍ തോല്‍വി വഴങ്ങുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates