മുംബൈ: ഓസ്ട്രേലിയയിൽ വീരേതിഹാസം രചിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി അയൽക്കാർ. മുംബൈയിലെ വീട്ടിലേക്കു താരമെത്തിയപ്പോഴായിരുന്നു സ്വീകരണം. ഭാര്യയും മകളും അടക്കം താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. പൂച്ചെണ്ടുകൾ നൽകിയാണ് ആരാധകരും അയൽക്കാരും ചേർന്ന് ക്യാപ്റ്റൻ രഹാനെയെ വരവേറ്റത്.
അതേസമയം സ്വീകരണത്തിനിടയ്ക്കുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായത്. സ്വീകരണത്തിനൊപ്പം അയൽക്കാർ കൊണ്ടുവന്ന കേക്ക് കട്ട് ചെയ്യാൻ താരം തയാറാകാഞ്ഞതാണ് ശ്രദ്ധേയമായത്. കേക്കിന് മുകളിൽ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രഹാനെ കേക്ക് കട്ട് ചെയ്യാൻ വിസമ്മതിച്ചത്.
കത്തിയെടുത്ത് കേക്കിന്റെ മുകളിൽ വച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ താരം പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് ഉയർത്തിയത്. ഓസീസ് ക്രിക്കറ്റ് ടീമിനെ കംഗാരുക്കൾ എന്നു വിളിക്കാറുണ്ട്. ഓസ്ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇക്കാരണം കൊണ്ടാണ് കേക്ക് കട്ട് ചെയ്യാൻ രഹാനെ വിസമ്മതിച്ചതെന്നാണു വിവരം. എന്തായാലും ഓസ്ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.
ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു മുന്നിൽ നിന്നു നയിച്ചത്. പരമ്പര പിടിച്ചെടുത്ത് അജിൻക്യ രഹാനെ ക്യാപ്റ്റൻസി മികവ് തെളിയിച്ചു. മത്സര ശേഷം ആഘോഷങ്ങളിൽ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടി. നൂറാം മത്സരം കളിച്ച ഓസീസ് താരം നതാൻ ലിയോണിന് ഇന്ത്യൻ താരങ്ങൾ എല്ലാവരും ഒപ്പിട്ട ജഴ്സി സമ്മാനിച്ച രഹാനെയുടെ നടപടിയും ശ്രദ്ധേയമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates