കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ശക്തിപ്പെടുത്താൻ മത്യാസ് ഹെർണാണ്ടസുമായി ക്ലബ് കരാറിലെത്തി. ഗോകുലം കേരള എഫ് സിയിൽ നിന്നാണ് മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ ടീമിന്റെ കരുത്തു വർധിപ്പിക്കാൻ താരത്തിന്റെ വരവോടെ സാധിക്കുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ.
വലംകാലൻ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ഹെർണാണ്ടസ് ഗോകുലം കേരള എഫ് സിയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ്. 1.86 മീറ്റർ ഉയരമുള്ള താരത്തിന്റെ ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും. സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്റെ സവിശേഷതയാണ്.
സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെൻ്ററ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്നു. വിവിധ ഫുട്ബോൾ സാഹചര്യങ്ങളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് മത്യാസ് ഹെർണാണ്ടസ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
"മധ്യനിരയിൽ കളിയ്ക്കാൻ കഴിയുന്ന മികവുള്ള താരമാണ് മത്യാസ്. അദ്ദേഹത്തിൻ്റെ പ്രൊഫൈൽ ടീമിന് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. ആവശ്യമുള്ളപ്പോൾ പ്രതിരോധ നിരയിലും സഹായകമാകാൻ അദ്ദേഹത്തിന് സാധിക്കും. മത്യാസിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നു." മത്യാസ് ഹെർണാണ്ടസിൻ്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates