Kerala Blasters vs Bengaluru FC
ബ്ലാസ്റ്റേഴ്സ്- ബംഗളൂരു പോരാട്ടത്തില്‍ നിന്ന്എക്സ്

കടുത്ത ആക്രമണം! പക്ഷേ തോറ്റു... കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വീഴ്ത്തി ബം​ഗളൂരു എഫ്സി

തോൽവി ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക്. എഡ്​ഗർ മെൻഡസിന് ഇരട്ട ​ഗോളുകൾ
Published on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയുടെ മണ്ണിൽ നാണംകെടുത്തി ബം​ഗളൂരു എഫ്സി. ദക്ഷിണേന്ത്യൻ നാട്ടങ്കത്തിൽ 1-3നാണ് ബം​ഗളൂരു ജയിച്ചു കയറിയത്. സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് നിറഞ്ഞു കളിച്ചു. എന്നാൽ ​​ഗോൾ വഴങ്ങിയതിനു മറുപടി ഇല്ലാതെ പോയി. ബം​ഗളൂരുവിനായി എഡ്​ഗർ മെൻഡസ് ഇരട്ട ​ഗോളുകൾ നേടി.

കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബം​ഗളൂരു വല ചലിപ്പിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡിയാസാണ് ​ലീ‍ഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പ്രീതം കോട്ടാലിന്റെ പിഴവാണ് ​ഗോളിനു വഴിയൊരുക്കിയത്. കൊമ്പൻമാരുടെ ​ഗോൾ കീപ്പർ സോം കുമാറിൽ നിന്നു പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനു പകരം ഡിയാസിനെ വെട്ടിക്കാൻ ശ്രമിച്ച കോട്ടാലിന്റെ ശ്രമം പാളി.

​ഗോൾ വഴങ്ങിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അതിനു ഫലവും വന്നു. കൊമ്പൻ പട തിരിച്ചടിച്ചു. ജീസസ് ജിമെനസാണ് വല ചലിപ്പിച്ചത്. പെനാൽറ്റിയിൽ നിന്നാണ് ​ഗോളിന്റെ പിറവി. ബം​ഗളൂരു ബോക്സിലേക്കു കയറിയ ക്വാമി പെപ്രയെ രാഹുൽ ഭേകെ വീഴ്ത്തിയതിനായിരുന്നു അനുകൂല കിക്ക്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടരുന്നു. അതിനിടെ 74ാം മിനിറ്റിൽ ആൽബർട്ടോ നൊ​ഗ്വേര എടുത്ത ഫ്രീ കിക്ക് അനായാസം തടുക്കാമെന്ന ബ്ലാസ്റ്റേഴ്സ് ​ഗോൾ കീപ്പർ സോം കുമാറിനു അബദ്ധം പറ്റി. താരത്തിന്റെ കൈയിൽ നിന്നു പന്ത് വഴുതി. തൊട്ടു മുന്നിലുണ്ടായിരുന്ന മെൻഡസ് പന്ത് അനായാസം വലയിലേക്ക് തിരിച്ചിട്ടു.

തുടരെ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് സമനിലയ്ക്കായി പൊരുതി കയറി. ഒന്നിനു പിന്നാലെ മികച്ച ആക്രമണങ്ങൾ. പക്ഷേ ബം​ഗളൂരു പ്രതിരോധത്തിൽ തട്ടി അതെല്ലാം വിഫലം. ബം​ഗളൂരു ​ഗോൾ കീപ്പർ ​ഗുർപ്രീത് സന്ധുവിന്റെ മികവും അവരെ രക്ഷപ്പെടുത്തി.

കടുത്ത ആക്രമണം ഇഞ്ച്വറി സമയത്തും ബ്ലാസ്റ്റേഴ്സ് നടത്തുന്നതിനിടെ പ്രതീക്ഷയ്ക്കു മേൽ അവസാന ആണിയും അടിച്ച് ബം​ഗളൂരുവിന്റെ മൂന്നാം ​ഗോളും വന്നു. മെൻഡസിന്റെ ലോങ് ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു പിളർന്നു.

ബംഗളൂരു അപരാജിത കുതിപ്പ് തുടരുന്നു. ആറിൽ അഞ്ചാം ജയമാണ് അവർ സ്വന്തമാക്കിയത്. ഒരു മത്സരം സമനിലയിൽ. 16 പോയിൻറുമായി അവർ ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിൻറെ സീസണിലെ രണ്ടാം തോൽവിയാണിത്. രണ്ട് വീതം ജയം, സമനില, തോൽവിയുമായി കേരള ടീം ആറാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com