

കൊച്ചി: ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയതിനാണെന്നും കെഎസിഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണെന്നും കെസിഎ വ്യക്തമാക്കി.
താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത അധ്യായമായിരുന്ന വാതുവയ്പില്‍ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിയേഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാതുവയ്പ്പില്‍ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി കുറക്കുകയായിരുന്നു.
കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്തെകിലും വാതുവെപ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിലുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉള്‍പ്പടെ ഉള്ള മത്സങ്ങളില്‍ കെസിഎ വീണ്ടും അവസരങ്ങള്‍ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടുമാത്രമാണ്. വാതുവെപ്പില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകള്‍ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാല്‍ അറിയാവുന്നതാണ്. ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയില്‍ അസോസിയേഷന്‍ കളിക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ വാനോളം പുകഴ്ത്തിയിരുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സഞ്ജു സാംസണ് ശേഷം ഇന്ത്യന്‍ ടീമില്‍ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്‌ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യന്‍ അണ്ടര്‍ 19 വേള്‍ഡ് കപ്പ് ജേതാക്കളുടെ ടീമില്‍ ജോഷിത വിജെ, അണ്ടര്‍ 19 ടീമില്‍ നജ്ല സിഎംസി, പുരുഷ അണ്ടര്‍ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാന്‍ എന്നിവര്‍ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു. അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കാന്‍ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങള്‍ പറഞ്ഞു അപകീത്തി ഉണ്ടാക്കിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുക്കുന്നതാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates