

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടന്ന സൗഹൃദ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നയിച്ച കെസിഎ സെക്രട്ടറി ഇലവന് മിന്നും ജയം. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ മത്സരത്തില്‍ സച്ചിന്‍ ബേബി നയിച്ച കെസിഎ പ്രസിഡന്റ് ഇലവനെ ഒരുവിക്കറ്റിനാണ് സഞ്ജുവിന്റെ ടീം തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്റ് ഇലവന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവും സംഘവും രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 29 പന്തില്‍ 69 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെയും 36 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവിന്റെയും ബാറ്റിങ് പ്രകടനമാണ് സെക്രട്ടറി ഇലവന് വിജയ വഴിയൊരുക്കിയത്. സ്‌കോര്‍: കെസിഎ പ്രസിഡന്റ് ഇലവന്‍ 20 ഓവറില്‍ എട്ടിന് 184. കെസിഎ സെക്രട്ടറി ഇലവന്‍ 19.4 ഓവറില്‍ ഒമ്പതിന് 188.
റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ കെസിഎ സെക്രട്ടറി ഇലവന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര നിറം മങ്ങിയപ്പോള്‍, കെസിഎ പ്രസിഡന്‍സ് ഇലവന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത് രോഹന്‍ കുന്നുമ്മലിന്റെ ഇന്നിങ്സായിരുന്നു. മൊഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും അഹ്മദ് ഇമ്രാനും, അബ്ദുള്‍ ബാസിദും സച്ചിന്‍ സുരേഷും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വലിയൊരു തകര്‍ച്ചയുടെ ഘട്ടത്തില്‍ നിന്ന് ടീമിനെ കരകയറ്റിയത് രോഹന്റെ ഇന്നിങ്സാണ്. ഒരുവശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്പോഴും കൂറ്റന്‍ ഷോട്ടുകളുമായി റണ്‍ റേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ട് നീക്കി. വെറും 29 പന്തുകളില്‍ അഞ്ച് ഫോറും നാല് സിക്സും അടക്കമാണ് രോഹന്‍ 60 റണ്‍സ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ വിഷ്ണു വിനോദ് നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് കെസിഎ സെക്രട്ടറി ഇലവന്റെ വിജയത്തില്‍ നിര്‍ണായകമായത്. തുടക്കം മുതല്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു വിഷ്ണു വിനോദ്. 29 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം 69 റണ്‍സാണ് വിഷ്ണു നേടിയത്. വിഷ്ണു പുറത്തായതോടെ തകര്‍ച്ചയിലേക്ക് വഴുതിയ ഇന്നിങ്സിനെ വിജയത്തിലേക്ക് എത്തിച്ചത് സഞ്ജു സാംസന്റെ സമചിത്തതയോടെയുള്ള ഇന്നിങ്സാണ്. കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച സഞ്ജു, വിക്കറ്റ് നഷ്ടപ്പെടുത്താതെ ഒരറ്റത്ത് നിലയുറപ്പിക്കുകയും ചെയ്തു. 36 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 54 റണ്‍സെടുത്ത സഞ്ജു ടീമിനെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ചാണ് മടങ്ങിയത്.
സിജോമോന്‍ ജോസഫിനെ (ഏഴ്) ബിജു നാരായണനും പിന്നാലെയെത്തിയ എന്‍.എം ഷറഫുദീനെ (പൂജ്യം) നിധീഷും പുറത്താക്കിയതോടെ എട്ടിന് 182 എന്ന നിലയിലായി. കെഎം ആസിഫിന്റെ അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളില്‍ നാല് റണ്‍സെടുത്ത സഞ്ജുവിനെ മൂന്നാം പന്തില്‍ തേഡ് മാനില്‍ അഹമ്മദ് ഇമ്രാന്റെ കൈകളിലെത്തിച്ചതോടെ കളി ആവേശമായി. എന്നാല്‍ സച്ചിന്റെയും ടീമിന്റെയും പ്രതീക്ഷകളെ തല്ലിയൊടിച്ച് ആസിഫിന്റെ നാലാം പന്ത് ഗാലറിക്ക് മുകളിലേക്ക് പറത്തി ബേസില്‍ തമ്പി വിജയക്കൊടി പാറിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
