

അഹ്മദാബാദ്: രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കേരളത്തിനെതിരെ ഗുജറാത്തിന് വമ്പന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളം 279ന് പുറത്തായതോടെ, 254 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. നാല് വിക്കറ്റ് നേടിയ അര്‍സന്‍ നാഗ്വാസ്വല്ല, മൂന്ന് വിക്കറ്റ് നേടിയ ചിന്തന്‍ ഗജ എന്നിവരാണ് ഗുജറാത്ത് ബൗളിങ് നിരയില്‍ തിളങ്ങിയത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 533 റണ്‍സാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി മധ്യനിര താരങ്ങള്‍ അര്‍ധ ശതകങ്ങള്‍ കണ്ടെത്തി. 42 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് ബുധനാഴ്ച ആദ്യ സെഷനില്‍ വീണത്. ക്യാപ്റ്റന്‍ വിഷ്ണു വിനോദ് (66), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (57), ആദിത്യ സര്‍വാതെ (58) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്. വിഷ്ണുവും അസ്ഹറും ചേര്‍ന്ന അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി പാര്‍ട്‌നര്‍ഷിപ് പിറന്നെങ്കിലും ഗുജറാത്തിന്റെ റണ്‍മല താണ്ടാന്‍ അത് പര്യാപ്തമായിരുന്നില്ല.
ജലജ് സക്‌സേന 10 റണ്‍സ് മാത്രമാണ് നേടിയത്. വാലറ്റത്ത് ആര്‍ക്കും ശോഭിക്കാനാകാതെ പോയതോടെ അവസാന നാല് വിക്കറ്റുകള്‍ രണ്ട് റണ്‍സിന്റെ ഇടവേളയില്‍ വീണു. നേരത്തെ ഉര്‍വില്‍ പട്ടേലിന്റെ അപരാജിത ഇരട്ട സെഞ്ച്വറി (210*) യാണ് ഗുജറാത്തിന് വമ്പന്‍ സ്‌കോര്‍ ഒരുക്കുന്നതില്‍ നിര്‍ണായകമായത്. ആര്യ ദേശായ് (95), വിശാല്‍ ജയ്‌സ്വാള്‍ (77) എന്നിവര്‍ അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates