അതിവേഗം 25,000 റണ്‍സ്; ആ റെക്കോര്‍ഡിലും സച്ചിനെ പിന്തള്ളി; ചരിത്രമെഴുതി വിരാട് കോഹ്‌ലി

മൂന്ന് ഫോര്‍മാറ്റിലുമായി കാല്‍ ലക്ഷം റണ്‍സ് അടിച്ചെടുക്കുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്
ഓസ്ട്രേലിയക്കെതിരെ കോഹ്‌ലിയുടെ ബാറ്റിങ്/ പിടിഐ
ഓസ്ട്രേലിയക്കെതിരെ കോഹ്‌ലിയുടെ ബാറ്റിങ്/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും ബാറ്റ് വീശി ചരിത്രത്തിലേക്ക് റെക്കോര്‍ഡിന്റെ മറ്റൊരു ബൗണ്ടറി തൂക്കി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഈ നേട്ടത്തിലും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25,000ത്തിന് മുകളില്‍ റണ്‍സുകള്‍ നേടുന്ന താരമായി കോഹ്‌ലി മാറി. ഏറ്റവും കുറവ് മത്സരത്തില്‍ നിന്ന് ഇത്രയും റണ്‍സ് വാരിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. 

മൂന്ന് ഫോര്‍മാറ്റിലുമായി കാല്‍ ലക്ഷം റണ്‍സ് അടിച്ചെടുക്കുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. 492 മത്സരങ്ങളും 549 ഇന്നിങ്‌സുകളും കളിച്ച് കോഹ്‌ലി 25,012 റണ്‍സാണ് ഇതുവരെ നേടിയത്.

ഓസീസിനെതിരെ രണ്ടാം ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ 25,000 റണ്‍സ് തൊടാന്‍ 52 റണ്‍സ് വേണമായിരുന്നു കോഹ്‌ലിക്ക്. ഒന്നാം ഇന്നിങ്‌സില്‍ 44 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സും അടിച്ചെടുത്താണ് റെക്കോര്‍ഡ് നേട്ടം. രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സ് കൂടി ചേര്‍ത്തതോടെ റെക്കോര്‍ഡ് കോഹ്‌ലിക്ക് സ്വന്തമായി.

ടെസ്റ്റില്‍ 8,259 റണ്‍സും ഏകദിനത്തില്‍ 12,809 റണ്‍സും ടി20യില്‍ 4008 റണ്‍സുമാണ് താരം നേടിയത്. 107 ടെസ്റ്റുകളും 271 ഏകദിന മത്സരങ്ങളും 115 ടി20 മത്സരങ്ങളും താരം ഇന്ത്യക്കായി കളിച്ചു. 

എലൈറ്റ് പട്ടികയില്‍ ബാറ്റിങ് ആവറേജ് 50ന് മുകളിലുള്ള ഏക താരവും കോഹ്‌ലിയാണ്. 53.64ലാണ് താരത്തിന്റെ ആവറേജ്. മൂന്ന് ഫോര്‍മാറ്റിലുമായി 74 സെഞ്ച്വറികളും 129 അര്‍ധ സെഞ്ച്വറികളും കോഹ്‌ലിക്ക് സ്വന്തം. അന്താരാഷ്ട്ര മത്സരങ്ങളുടെ ആകെ സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും കോഹ്‌ലിയാണ്. സച്ചിന് സെഞ്ച്വറികളില്‍ സെഞ്ച്വറിയുണ്ട്. കോഹ്‌ലി 74 ശതകവുമായി തൊട്ടുപിന്നില്‍. 

സച്ചിന്‍ 664 മത്സരങ്ങളും 577 ഇന്നിങ്‌സുകളും കളിച്ച് 34,357 റണ്‍സ് വാരിക്കൂട്ടി. മൊത്തം കണക്കില്‍ ഇപ്പോഴും സച്ചിന്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. പട്ടികയില്‍ മുപ്പതിനായിരത്തിന് മുകളില്‍ റണ്‍സുള്ള ഏക താരവും സച്ചിന്‍ തന്നെയാണ്. 

റിക്കി പോണ്ടിങ് 560 മത്സരവും 588 ഇന്നിങ്‌സും കളിച്ച് 27,483 റണ്‍സുമായി മൂന്നാമതും ജാക്വിസ് കാലിസ് 519 മത്സരം 594 ഇന്നിങ്‌സുകളില്‍ നിന്നായി 25,534 റണ്‍സുമായി നാലാമതും നില്‍ക്കുന്നു. കുമാര്‍ സംഗക്കാരയാണ് അഞ്ചാം സ്ഥാനത്ത്. 594 മത്സരങ്ങളും 608 ഇന്നിങ്‌സും കളിച്ച് താരം 28,016 റണ്‍സ് അടിച്ചെടുത്തു. മഹേല ജയവര്‍ധനെ 652 മത്സരങ്ങളും 701 ഇന്നിങ്‌സും കളിച്ച് 25,957 റണ്‍സും എടുത്ത് ആറാം സ്ഥാനത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com