ബാംഗ്ലൂർ: വിജയങ്ങളിൽ ഭ്രമിക്കരുത് എന്നാണ് ഐപിഎല്ലിൽ നായകൻ വിരാട് കോഹ് ലി തനിക്ക് നൽകിയ ഉപദേശമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കൽ. എങ്ങനെ ഇന്നിങ്സ് പടുത്തുയർത്തണം എന്നതിൽ കോഹ് ലി തന്നെ ഒരുപാട് സഹായിച്ചിരുന്നതായും ദേവ്ദത്ത് പറഞ്ഞു.
എനിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഒരുപാട് കാര്യങ്ങളിൽ എനിക്ക് മെച്ചപ്പെടാനുമുണ്ട്. ഇത് തുടക്കം മാത്രമാണ്. ഇന്നിങ്സ് പടുത്തുയർത്തുന്നതിൽ ഉൾപ്പെടെ കോഹ് ലി എന്നെ സഹായിച്ചു. കഠിനാധ്വാനം തുടരാനും, വിജയങ്ങളിൽ ഭ്രമിക്കരുത് എന്നുമാണ് കോഹ് ലി എന്നോട് പറഞ്ഞത്. മുൻപോട്ട് പോവാനായും, കൂടുതൽ മികവിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ടിരിക്കാനും കോഹ് ലി പറഞ്ഞു. അതാണ് ഞാൻ ചെയ്യാൻ പോവുന്നത്, ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദേവ്ദത്ത് പടിക്കൽ പറഞ്ഞു.
ആസ്വദിച്ച് കളിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിന്തിക്കേണ്ടതില്ല. കാരണം ശരിയായ സമയത്ത് അതെല്ലാം സംഭവിക്കും. ചുറ്റുമുള്ള മുതിർന്ന കളിക്കാരിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാൻ സാധിച്ചു. പല സാഹചര്യങ്ങളിലും എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച എന്റെ പല ചിന്താഗതികളും ഇതിലൂടെ മാറ്റാനായി. മുതിർന്ന താരങ്ങൾ ടൂർണമെന്റിൽ ഉടനീളം ഉറച്ച് നിൽക്കുകയാണ് ചെയ്തത്. ഫലം എന്ത് എന്നത് അവരെ ബാധിക്കുന്നില്ല. ആ പ്രക്രീയയിൽ ഉറച്ച് നിന്നാണ് മുതിർന്ന താരങ്ങൾ മുൻപോട്ട് പോവുന്നത് എന്നും ദേവ്ദത്ത് പടിക്കൽ പറഞ്ഞു.
സീസണിൽ ആർസിബിയുടെ ടോപ് സ്കോർ ആണ് ഇരുപതുകാരനായ ദേവ്ദത്ത്. 15 കളിയിൽ നിന്ന് 473 റൺസ് ആണ് ദേവ്ദത്ത് കണ്ടെത്തിയത്. അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ശ്രേയസ് അയ്യരുടെ റെക്കോർഡും ദേവ്ദത്ത് മറികടന്നു. സീസണിലെ എമർജിങ് പ്ലേയറായും ദേവ്ദത്ത് മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates