

ന്യൂയോര്‍ക്ക്: മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ കുതിപ്പില്‍ എഫ്‌സി ഡാലസിനെ തകര്‍ത്ത് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും നാല് ഗോള്‍ വീതം നേടിയ മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. മയാമി അഞ്ചും വലയില്‍ എത്തിച്ചപ്പോള്‍ ഡാലസിന്റെ മൂന്ന് കിക്കുകള്‍ മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
4-3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മയാമിക്കായി 85ാം മിനിറ്റില്‍ മെസി സമനില ഗോള്‍ നേടിയത്. മത്സരത്തില്‍ ആദ്യഗോളും മെസിയുടെ വകയായിരുന്നു. ആറാം മിനിറ്റിലായിരുന്നു മയാമിക്കായി മെസി പന്ത് വലയിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ എഫ്‌സി ഡാലസ് രണ്ടുഗോളുകള്‍ മടക്കി മത്സരത്തില്‍ ലീഡ് നേടി.
രണ്ടാം പകുതിയിലും ഡാലസിന്റെ മുന്നേറ്റമാണ് കണ്ടത്. 63ാം മിനിറ്റില്‍ വീണ്ടും ഡാലസ് ലീഡ് ഉയര്‍ത്തി. രണ്ടുഗോളുകള്‍ക്ക് പിറകിലായ മയാമി മിനിറ്റുകള്‍ക്കകം ഒരു ഗോള്‍ മടക്കി. തൊട്ടുപിന്നാലെ വീണ്ടും മനോഹരമായ ഗോളിലൂടെ ഡാലസ് ലീഡ് ഉയര്‍ത്തി. കളി തീരാന്‍ പത്ത് മിനിറ്റ് മാത്രം അവശേഷിക്കെ മയാമി മൂന്നാമത്തെ ഗോള്‍ നേടി. ഏതാണ്ട് വിജയം ഉറപ്പിച്ചെന്ന് കരുതിയ ഡാലസിന്റെ സ്വപ്‌നങ്ങളെ തകര്‍ത്ത് 85ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെ മെസി വീണ്ടും വലകുലുക്കി.
മയാമിക്കായി കളിച്ച നാലുമത്സരങ്ങളില്‍ നാലിലും ടീമിനെ വിജയിപ്പിക്കുന്നതില്‍ മെസിയുടെ പങ്ക് നിര്‍ണായകമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates