

കൊച്ചി: ലോക ഫുട്ബോൾ ചാംപ്യൻമാരായ അർജന്റീന ടീമിന്റെ കേരള സന്ദർശനം സംബന്ധിച്ച തീരുമാനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. നവംബർ 15ഓടെ ടീം കേരളത്തിലെത്തും. 15നും 18നും ഇടയിലുള്ള ഒരു ദിവസമായിരിക്കും സൗഹൃദ ഫുട്ബോൾ പോരാട്ടം. കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഓസ്ട്രേലിയ ടീമായിരിക്കും മെസിക്കും സംഘത്തിനുമെതിരെ പോരാടുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മത്സരം സംബന്ധിച്ചു ഓസ്ട്രേലിയ ടീമും സ്പോൺസറും തമ്മിൽ കരട് കൈമാറിയതായും സ്ഥിരീകരണമുണ്ട്.
ടീമിന്റെ സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും. ഉച്ചയ്ക്ക് രണ്ടരയോടെയായിരിക്കും സ്റ്റേഡിയം സന്ദർശനം. അദ്ദേഹത്തിനൊപ്പം കായിക മന്ത്രി വി അബ്ദുറഹിമാനും ഉണ്ടാകും. ഒരാഴ്ച മുൻപ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. പിന്നാലെയാണ് അർജന്റീന ടീം മാനേജർ ഇന്നെത്തുന്നത്.
അന്ന് പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ വീഴ്ത്തി
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ ഓസ്ട്രേലിയ ആയിരുന്നു. അന്ന് 2-1നാണ് അർജന്റീന ജയിച്ചു കയറിയത്. മെസിയുടേയും ജൂലിയൻ ആൽവരസിന്റേയും ഗോളുകളാണ് അർജന്റീനയ്ക്ക് ജയം സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്ക് കിട്ടിയ ഗോളും അർജന്റീനയുടെ വക തന്നെയായിരുന്നു. എൻസോ ഫെർണാണ്ടസിന്റെ ഓൺ ഗോളാണ് അവർക്ക് ആശ്വാസമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
