

കൊൽക്കത്ത: അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനം വൻ ആവേശത്തിൽ അവസാനിച്ചപ്പോൾ കൊൽക്കത്തയിലെ പരിപാടി മാത്രം കളങ്കമായി നിന്നു. ഗോട്ട് ടൂറിന്റെ ആദ്യ വേദി കൊൽക്കത്തയായിരുന്നു. എന്നാൽ വിവിഐപികളുടെ തള്ളിക്കയറ്റത്തെ തുടർന്നു പരിപാടിക്കായി ഗ്രൗണ്ടിലെത്തിയ മെസി അതിവേഗം മടങ്ങിയതോടെ കാണികൾ അക്രമാസക്തരായി ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും എറിഞ്ഞത് നാണക്കേടായി മാറിയിരുന്നു.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ലണ്ടനിൽ താമസിക്കുന്ന മലയാളി ഗായകൻ ചാൾസ് ആന്റണിയുടെ സംഗീത നിശയും സ്റ്റേഡിയത്തിൽ തീരുമാനിച്ചിരുന്നു. ആ ദിവസം തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറയുകയാണ് ചാൾസ് ആന്റണി.
ജീവിതത്തിൽ അപൂർവമായി ലഭിക്കുന്ന ഭാഗ്യമെന്ന നിലയിലാണ് മെസിക്ക് ആദരമർപ്പിച്ചുള്ള സംഗീത പരിപാടിയെ ചാൾസ് ആന്റണി കണ്ടത്. എന്നാൽ അത് ഇത്തരത്തിൽ അലോങ്കലമായതിന്റെ നിരാശയിലാണ് അദ്ദേഹം. പരിപാടിയ്ക്കിടെ കാണികൾ അക്രമാസക്തരായതോടെ ജീവൻ രക്ഷിക്കാൻ താൻ സ്റ്റേഡിയത്തിൽ നിന്നു ഓടുകയായിരുന്നുവെന്നു അദ്ദേഹം പറയുന്നു.
ബംഗാളി ഉൾപ്പെടെ 18 ഭാഷകളിൽ പാടുന്ന ആന്റണി, കൊൽക്കത്തയിൽ മെസിയെ സ്വാഗതം ചെയ്യുന്നതിനായി ഒരു പ്രത്യേക സ്പാനിഷ് ഗാനം തന്നെ രചിച്ച് സംഗീതം ചെയ്തു വച്ചിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ അദ്ദേഹത്തിനു അതു പാടാൻ പോലും സാധിച്ചില്ല.
4,000 മുതൽ 12,000 രൂപ വരെ മുടക്കിയാണ് അന്ന് ആരാധകർ മെസിയെ നേരിൽ കാണാനായി സ്റ്റേഡിയത്തേലേക്ക് ആവേശത്തോടെ എത്തിയത്. എന്നാൽ വിവിഐപികളടക്കമുള്ളവരുടെ അതിരുവിട്ട പെരുമാറ്റം മെസിയെ അസ്വസ്ഥനാക്കി. ഇതോടെ 5 മിനിറ്റിനുള്ളിൽ തന്നെ മെസി സ്റ്റേഡിയത്തിൽ നിന്നു പുറത്തു പോയി. ഇത്രയും പണം മുടക്കിയിട്ടും മെസിയെ ഒരുനോക്കു കാണാൻ പോലും സാധിക്കാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്.
ആ ദിവസം നേരിൽക്കണതിനെക്കുറിച്ച ചാൾസ് ആന്റണി പറയുന്നു.
'അന്ന് മെസിയെ കുറച്ചു നേരം മാത്രമാണ് കണ്ടത്. അദ്ദേഹം പുഞ്ചിരിയോടെയാണ് നിന്നതെങ്കിലും അസ്വസ്ഥത വ്യക്തമായിരുന്നു. കാര്യങ്ങൾ കൈവിടുമ്പോൾ ഞാൻ റണ്ണിങ് ട്രാക്കിലായിരുന്നു. മെസി ഗ്രൗണ്ടിൽ നിന്നു കാണികളെ അഭിവാദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ ചുറ്റിലുമായി സഹ താരങ്ങളായ ലൂയീസ് സുവാരസും റോഡ്രിഗോ ഡി പോളും അടക്കമുള്ളവർ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ അന്തരീക്ഷം അതിവേഗമാണ് മാറിയത്.'
'ഗാലറിയിൽ നിന്ന് വെള്ളക്കുപ്പികൾ, ഭക്ഷണ പാക്കറ്റുകൾ, കല്ലുകൾ, ലോഹ വസ്തുക്കൾ എന്നിവ എറിയുന്നതാണ് പിന്നീട് കണ്ടത്. അതോടെ ഞാനാകെ പരിഭ്രാന്തനായി. ഭാഗ്യത്തിനു എനിക്കു പരിക്കേറ്റില്ല. എന്റെ സംഗീത ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചില്ല.'
'കാര്യങ്ങൾ കൈവിട്ടതോടെ വിവിഐപികളെ മറ്റൊരു വഴിയിലൂടെ പുറത്തേക്ക് മാറ്റുകയായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടക്കമുള്ളവർ പുറത്തേക്കു പോയതിനു പിന്നാലെയാണ് കാര്യങ്ങൾ പൂർണമായും കൈവിട്ടത്. അപ്പോഴാണ് പൊലീസ് എന്നോട് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടാൻ ആവശ്യപ്പെട്ടത്.'
'ആരും സഹായിക്കാനില്ലായിരുന്നു. ഗിറ്റാറും കേബിളുകളും മൗത്ത് ആർഗനും വോക്കൽ പ്രോസസറുകളടക്കമുള്ളവയും അതിവേഗം ബാഗിൽ നിറച്ചു പുറത്തു കടക്കുകയായിരുന്നു. എല്ലാവരും വിവിഐപികളുടെ സുരക്ഷ മാത്രമാണ് ശ്രദ്ധിച്ചത്. ഞാനടക്കമുള്ളവരുടെ സുരക്ഷയൊന്നും ആരെയും ആശങ്കപ്പെടുത്തിയില്ല. മാത്രമല്ല കഴുത്തിൽ പരിപാടിയുടെ ടാഗ് ഉണ്ടായിരുന്നതിനാൽ സംഘാടകരാണെന്നു അവരെന്നെ തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ എന്റെ ജീവനു തന്നെ ഭീഷണി നേരിടുന്ന അവസ്ഥയായിരുന്നു.'
'ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തേയ്ക്ക് ഓടാനാണ് പൊലാസ് എന്നോടു പറഞ്ഞത്. ഒടുവിൽ ഗ്രൗണ്ടിനു പുറത്തേക്ക് ഓടി താമസിക്കുന്ന ഹോട്ടലിലേക്ക് പോകുകയായിരുന്നു. മറ്റാരെയും അന്വേഷിക്കാൻ ഞാൻ നിന്നില്ല. ജീവനും കൊണ്ടു ഓടുകയായിരുന്നു. പരിപാടിയ്ക്കു ക്ഷണിച്ച സംഘാടകനായ ശതാദ്രു ദത്തയെ പല തവണ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചില്ല. അടിമുടി അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷമായിരുന്നു.'
'മെസിയെ കാണാൻ മേഘാലയ, അസം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു. അവർക്ക് മെസിയെ കാണാൻ പോലും കഴിഞ്ഞില്ല. അവർ വളരെ നിരാശരായി. പലരും കരയുന്നത് ഞാൻ കണ്ടു'- ചാൾസ് ആന്റണി വ്യക്തമാക്കി.
സംഗീത പരിപാടിയ്ക്കു പ്രതിഫലമൊന്നും താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നു ആന്റണി പറയുന്നു. ലണ്ടനിൽ നിന്നുള്ള യാത്രാ ചെലവുകളും ഇന്ത്യയിലെ താമസച്ചെലവും മാത്രമാണ് സംഘാടകർ വഹിച്ചത്. ഈ ദുരിതം അനുഭവിച്ചിട്ടും, സ്റ്റേഡിയത്തിലെ മോശം മാനേജ്‌മെന്റിന് സംഘാടകനായ ശതാദ്രുവിനെ കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല.
'ശതാദ്രു മാത്രമാണ് ഉത്തരവാദിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മെസിയോടു അടുക്കുന്നത് തടയാൻ അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ വിവിഐപികൾ സെൽഫികൾ എടുക്കാനുള്ള ശ്രമത്തിലായിരുന്നു. അദ്ദേഹം നിസഹായനായിരുന്നു- ചാൾസ് ആന്റണി വ്യക്തമാക്കി.
തനിക്കു പാടാൻ സാധിക്കാത്തതിലല്ല അദ്ദേഹത്തിനു നിരാശ വന്നത്. മെസിയെ പോലൊരു താരത്തെ കൊണ്ടു വന്നിട്ട് മികച്ച പ്രോഗ്രാം നടത്താൻ സാധിക്കാത്തതും ജീവൻ പോലും അപകടത്തിലാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതും അദ്ദേഹത്തെ ദുഃഖത്തിലാക്കുന്നു.
2016ൽ കൊൽക്കത്ത സന്ദർശിച്ചപ്പോൾ ഡീഗോ മറഡോണയുടെ സാന്നിധ്യത്തിൽ പാടിയ അനുഭവം സന്തോഷകരവും മികച്ച രീതിയിൽ കൈകാര്യം ചെയ്തതുമാണെന്ന് ആന്റണി വിശേഷിപ്പിച്ചു. അന്നത്തെ സംഘാടനത്തിലെ വ്യത്യാസം വളരെ വ്യക്തമായിരുന്നു.
'അന്ന് മറഡോണയ്ക്കൊപ്പം സുരക്ഷാ ജീവനക്കാർക്കൊപ്പമായിരുന്നു എനിക്കും സ്ഥാനം കിട്ടിയത്. എന്നാൽ ഇത്തവണ അതായിരുന്നില്ല. ഞാൻ സുരക്ഷയ്ക്കു പുറത്തായിരുന്നു. രണ്ട് ഘട്ടങ്ങളിലും ആൾക്കൂട്ടം സമാന രീതിയിൽ തന്നെയായിരുന്നു. ഇത്രയും ആളുകളെ ഞാൻ ആദ്യമായാണ് ഒരു പരിപാടിയ്ക്കു കാണുന്നത്. അന്ന് രണ്ട് പാട്ടുകൾ പാടാൻ എനിക്കു ഭാഗ്യമുണ്ടായി. മറഡോണയ്ക്കും മെസിയ്ക്കുമൊപ്പം പാടാനുള്ള ഭാഗ്യമാണ് എനിക്കു കൈവന്നത്'- ചാൾസ് ആന്റണി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates