2 വിക്കറ്റ്‌ നഷ്ടപ്പെട്ട സമയം, എന്നിട്ടും ഈ സ്‌ട്രൈക്ക്‌റേറ്റില്‍ കളിക്കുമ്പോള്‍ എത്രമാത്രം നിരാശനാണെന്ന്‌ മനസിലാക്കണം; മുംബൈ താരത്തെ തഴഞ്ഞതില്‍ പൊള്ളാര്‍ഡ്‌

'ഇന്ത്യയുടെ നീല കുപ്പായം അണിയാനുള്ള ആഗ്രഹം സൂര്യകുമാറില്‍ നിറഞ്ഞു കത്തുകയാണ്'
2 വിക്കറ്റ്‌ നഷ്ടപ്പെട്ട സമയം, എന്നിട്ടും ഈ സ്‌ട്രൈക്ക്‌റേറ്റില്‍ കളിക്കുമ്പോള്‍ എത്രമാത്രം നിരാശനാണെന്ന്‌ മനസിലാക്കണം; മുംബൈ താരത്തെ തഴഞ്ഞതില്‍ പൊള്ളാര്‍ഡ്‌
Updated on: 
1 min read




അബുദാബി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞത്‌ സൂര്യകുമാര്‍ യാദവിനെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ടാവാം എന്ന്‌ മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ പൊള്ളാര്‍ഡ്‌. ആര്‍സിബിക്കെതിരായ സൂര്യകുമാറിന്റെ മാച്ച്‌ വിന്നിങ്‌ ഇന്നിങ്‌സിന്‌ പിന്നാലെയാണ്‌ പൊള്ളാര്‍ഡിന്റെ വാക്കുകള്‍.

തുടക്കത്തില്‍ തന്നെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ട്‌ നില്‍ക്കുന്ന സമയം അത്രയും സ്‌ട്രൈക്ക്‌റേറ്റോടെ കളിക്കണം എങ്കില്‍ ഉള്ളില്‍ അത്രമാത്രം നിരാശനാണ്‌ അയാള്‍ എന്ന്‌ വ്യക്തമാണ്‌. കൂടുതല്‍ കൂടുതല്‍ മികവ്‌ കാണിക്കുകയാണ്‌ സൂര്യകുമാര്‍. സ്ഥിരത നിലനിര്‍ത്താനായാല്‍ അതിന്റെ ഫലം ലഭിക്കും. അതിന്റേതായ സമയമുണ്ടെന്നും പൊള്ളാര്‍ഡ്‌ പറഞ്ഞു.

ഇന്ന്‌ ഒരിക്കല്‍ കൂടി തന്റെ ക്ലാസ്‌ സൂര്യകുമാര്‍ കാണിച്ചു തന്നു. ഇന്ത്യയുടെ നീല കുപ്പായം അണിയാനുള്ള ആഗ്രഹം സൂര്യകുമാറില്‍ നിറഞ്ഞു കത്തുകയാണ്‌. ഇപ്പോഴും സ്ഥിരത കണ്ടെത്തുകയാണ്‌ അവന്‍. വ്യക്തിപരമായി അതല്ലാതെ മറ്റെന്താണ്‌ ചെയ്യാനാവുക എന്നും പൊള്ളാര്‍ഡ്‌ ചോദിക്കുന്നു.

ആര്‍സിബിക്കെതിരെ 79 റണ്‍സ്‌ നേടി പുറത്താവാതെ നിന്നാണ്‌ സൂര്യകുമാര്‍ മുംബൈ പ്ലേഓഫിലെത്താന്‍ തുണച്ചത്‌. സീസണിലെ 12 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന്‌ 40.22 എന്ന ബാറ്റിങ്‌ ശരാശരിയില്‍ 362 റണ്‍സ്‌ ആണ്‌ സൂര്യകുമാര്‍ നേടിയത്‌. മൂന്ന്‌ അര്‍ധ ശതകവും സീസണില്‍ സൂര്യകുമാര്‍ നേടി.

ഹര്‍ഭജന്‍ സിങ്‌, ദിലീപ്‌ വെങ്‌സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂര്യകുമാറിനെ തഴഞ്ഞ സെലക്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഓരോരുത്തര്‍ക്കും ഓരോ നിയമമാണോ എന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള വൈറ്റ്‌ബോള്‍ ടീമില്‍ ഫിനിഷറുടെ റോളില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തും എന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com