'ഓ... പ്രിയപ്പെട്ട സന ഈ രാത്രി നിന്റേതാണ്, ഈ കിരീടം നിനക്കുള്ളതാണ്...'

Luis Enrique pays PSG tribute to late daughter Xana Martínez
ലൂയീസ് എൻ‍റിക്കെ (Luis Enrique) മകൾക്കൊപ്പം, ചാംപ്യൻസ് ലീ​ഗ് കിരീടവുമായി, ആരാധകർ ഉയർത്തിയ കൂറ്റൻ ടിഫോX
Updated on
3 min read

രു ഫുട്‌ബോള്‍ പോരാട്ടവും സമീപ കാലത്ത് ഇങ്ങനെ വിസ്മയിപ്പിച്ചിട്ടില്ല. അന്തം വിട്ടിരിക്കുക എന്നതായിരുന്നു സത്യം. അത്ര മനോഹരമായിരുന്നു ചാംപ്യന്‍സ് ലീഗ് ഫൈനല്‍. 5 ഗോള്‍ കാണുമ്പോള്‍ കളി ഏകപക്ഷീയമാണെന്നു തോന്നാം. അങ്ങനെ പറഞ്ഞാലും തെറ്റില്ല. പക്ഷേ...

പോരാട്ടം 90 മിനിറ്റില്‍ അവസാനിച്ചപ്പോള്‍ അലിയന്‍സ് അരീനയുടെ ആകാശത്തിരുന്നു ഒരു കുഞ്ഞു നക്ഷത്രം ആനന്ദ കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാകും. കിരീട വിജയം സാധ്യമായ നിമിഷത്തില്‍ 'ലൂച്ചോ'യുടെ ആത്മവിലും അതിന്റെ പ്രകാശം തട്ടിയിരിക്കാം. കാരണം അയാളുടെ എല്ലാമെല്ലാമായ 'സന' എന്ന പെണ്‍കുട്ടി ആകാശത്തിരുന്നു ആ കളി മുഴുവനായി കണ്ടിട്ടുണ്ടാകാം...

11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡെസിര്‍ ഡുവേ എന്ന 19 കാരന്‍ പോസ്റ്റിന്റെ ഉള്ളില്‍ നിന്നു നേര്‍രേഖയില്‍ കൊടുത്ത പാസ് അനായാസമായി വലയിലേക്ക് ഇടേണ്ട ചുമതല അഷ്‌റാഫ് ഹക്കീമി എന്ന മൊറോക്കന്‍ താരം സുന്ദരമായി ചെയ്തപ്പോള്‍, ഫൈനല്‍ വരെ അതികായനായി നിന്നു ഇന്റര്‍ മിലാന്‍ വല കാത്ത യാന്‍ സോമര്‍ എന്ന സ്വിസ് ഗോള്‍ കീപ്പര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായില്ല.

പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ചാംപ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ അതിന്റെ അമരത്ത്, ഡെഗൗട്ടില്‍ എല്ലാം മറന്ന് തുള്ളിച്ചാടിയ ഒരു മനുഷ്യനെ കാണാം. ലൂയീസ് എൻ‍‌റിക്കെ മാര്‍ട്ടിനസ് ഗാര്‍ഷ്യ (Luis Enrique). അയാളാണ് അനിവാര്യമായത് നടപ്പാക്കാന്‍ വിധിക്കപ്പെട്ട ആള്‍. പിഎസ്ജിയുടെ കിരീട നേട്ടത്തിന്റെ മുഴുവന്‍ മാര്‍ക്കും അദ്ദേഹത്തിനു കൂടി അവകാശപ്പെട്ടതാണ്. സൂപ്പര്‍ താരങ്ങളല്ല ടീമിന്റെ കരുത്തെന്ന് അയാള്‍ മ്യൂണിക്കില്‍ പ്രൂവ് ചെയ്തു. യുവ താരങ്ങളെ നിര്‍ത്തി എങ്ങനെ ഒരു ഫുട്‌ബോള്‍ മത്സരം വസ്ത്രം നെയ്‌തെടുക്കും പോലെ ലാവണ്യമാക്കാം എന്നയാള്‍ ബോധ്യപ്പെടുത്തി. 5 വര്‍ഷം റയല്‍ മാഡ്രിഡിനും 8 വര്‍ഷം ബാഴ്‌സലോണയ്ക്കുമായി യൗവന കാലത്ത് കളിച്ച ലൂച്ചോയ്ക്ക് ഫുട്‌ബോള്‍ ജീവ വായുവാണ്. അത്രയ്‌ക്കോ അതിനു മുകളിലോ പ്രിയപ്പെട്ടവളായിരുന്നു അയാള്‍ക്ക് സനയും...

പിഎസ്ജിയുടെ രണ്ടാം ഗോളിനും അധികം താമസമുണ്ടായില്ല. 19 മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാം ഗോള്‍. ഡെംബലയുടെ പാസില്‍ നിന്നു ഡുവേ വലതു മൂലയിലൂടെ വലയിലേക്കിട്ട പന്തിനെ പ്രതിരോധിക്കാനുള്ള ഇന്ററിന്റെ അതികായനായ പ്രതിരോധക്കാരന്‍ ഡി മാര്‍ക്കോയുടെ ശ്രമം വിജയിച്ചില്ല. അവിടെ സോമര്‍ക്കും പിഴച്ചു. പന്ത് വലയില്‍. ആ ഗോള്‍ കണ്ട് ഡി മാര്‍ക്കോ അന്തംവിട്ടു നില്‍ക്കുന്നുണ്ടായിരുന്നു.

പിഎസ്ജിയുടെ പരിശീലകന്‍ ലൂയീസ് എൻ‍‌റിക്കെ എന്ന 'ലൂച്ചോ'യുടെ മകളാണ് 'സന മാര്‍ട്ടിനസ്'. കാന്‍സര്‍ ബാധിച്ച് ആ പെണ്‍കുട്ടി 9ാം വയസില്‍ ജീവിതത്തിനോടു വിട പറഞ്ഞു. മത്സര ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു- 'ഈ ചാംപ്യന്‍സ് ലീഗ് കിരീടമൊന്നും വേണമെന്നില്ല എനിക്ക് അവളെ ഓര്‍ക്കാന്‍. അവള്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്'...

Luis Enrique pays PSG tribute to late daughter Xana Martínez
Luis Enrique

ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ വന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ താളത്തിലുള്ള കടുത്ത ആക്രമണമായിരുന്നു പിഎസ്ജി നടത്തിയത്. വിറ്റിഞ്ഞയും ഡോവുവും മാര്‍ക്വിനോസും ഹക്കീമിയും ഡെംബലയും... പല ഭാഗത്തു നിന്നുള്ള തുടരന്‍ ആക്രമണങ്ങളുടെ തിരമാലക്കയറ്റം തന്നെയായിരുന്നു അലിയന്‍സ് അരീനയില്‍.

2014- 15ല്‍ ബാഴ്‌സലോണ പരിശീലകനായ കാലത്ത് എൻ‍‌റിക്കെ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. അന്ന് ഗ്രൗണ്ടില്‍ ചാംപ്യന്‍സ് ട്രോഫി കിരീടത്തിനു മുകളില്‍ സനയെ ഇരുത്തി എൻ‍‌റിക്കെ അവളെ ചേര്‍ത്തു നിര്‍ത്തിയുള്ള ചിത്രം അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. എന്റിക്കെ ബാഴ്‌സലോണയുടെ കൊടി ഗ്രൗണ്ടില്‍ കുത്തി നിര്‍ത്തുമ്പോള്‍ അതിനരികത്തു നില്‍ക്കുന്ന സനയുടെ ഫോട്ടോയും പലര്‍ക്കും ഓര്‍മയുണ്ടാകും...

മൈതാന മധ്യത്തില്‍ നിന്നു വിറ്റിഞ്ഞയുടെ ഉജ്ജ്വല മുന്നേറ്റത്തിനൊടുവില്‍ മൂന്നാം ഗോള്‍. 63ാം മിനിറ്റിനിടെ താരം അതിവേഗം കുതിക്കുമ്പോള്‍ വലത് വിങിലൂടെ മറ്റൊരാളും മുന്നേറുന്നുണ്ടായിരുന്നു. ഡുവേ. വിറ്റിഞ്ഞ തള്ളിക്കൊടുത്ത പാസ് അതേ വേഗതയില്‍ ഡോവു വലയിലേക്ക് ചെത്തിയിട്ടു. ജേഴ്‌സിയൂരി ഡുവേ ആരാധകര്‍ക്ക് മുന്നില്‍ ഹീറോയായി വാഴുമ്പോള്‍ തൊട്ടപ്പുറത്ത് മാര്‍ക്കസ് തുറാം ഹതാശനായി നില്‍ക്കുന്നുണ്ടായിരുന്നു.

ആരാധകര്‍ സനയ്ക്ക് വേണ്ടി ആ രാത്രിയില്‍ സ്‌റ്റേഡിയത്തില്‍ കൂറ്റന്‍ ടിഫോ ഉയര്‍ത്തി തങ്ങളുടെ സ്‌നേഹം പ്രഖ്യാപിച്ചു. പിഎസ്ജിയുടെ കൊടി കുത്തുന്ന എന്റിക്കെയായിരുന്നു ചിത്രത്തില്‍. തൊട്ടടുത്ത് പിഎസ്ജി ജേഴ്‌സിയില്‍ നില്‍ക്കുന്ന സനയുടെ ചിത്രവും കാണാം. കിരീട നേട്ടത്തിനു ശേഷം ഗ്രൗണ്ടില്‍ ഇറങ്ങി നിന്ന എന്റിക്കെയുടെ കറുത്ത ബനിയനു മുകളിലും ഈ ചിത്രം വരച്ചു വച്ചിരുന്നു. ഫുട്‌ബോള്‍ ചിലപ്പോള്‍ ചില ജീവിത ചിത്രങ്ങളുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ഗ്രൗണ്ടില്‍ കാണിക്കും...

പത്ത് മിനിറ്റിന്റെ ഇടവേള ഭേദിച്ച് മൈതാന മധ്യത്തില്‍ നിന്നു ഡെംബലയുടെ മികച്ച പാസ്. പന്ത് പിടിച്ചെടുത്ത് വരസ്‌കേലിയയുടെ അതിവേഗ കുതിപ്പ്. ഇന്റര്‍ പ്രതിരോധം എന്താണ് ചെയ്യേണ്ടത് എന്ന നിശ്ചയമില്ലാതെ നിരായുധരായപ്പോള്‍ താരത്തിനു കാര്യങ്ങള്‍ എളുപ്പമായി. നാലാം ​ഗോളായി പന്ത് വലയില്‍. അവിശ്വസനീയമായതെന്തോ സംഭവിക്കുന്ന പ്രതീതിയിലായിരുന്നു അപ്പോൾ ഇന്റര്‍ താരങ്ങളെല്ലാം.

Luis Enrique pays PSG tribute to late daughter Xana Martínez
Luis Enrique

ലൂച്ചോ എല്ലാ കാലത്തും ഒരു ഫൈറ്ററായിരുന്നു. അതിപ്പോഴും അങ്ങനെ തന്നെയെന്ന് അയാള്‍ അലിയന്‍സ് അരീനയില്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. മെസിയും എംബാപ്പെയും നെയ്മറും ഒരുമിച്ചു കളിച്ചപ്പോള്‍ പോലും പിഎസ്ജിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സമ്മാനിക്കാന്‍ സാധിച്ചില്ല എന്നത് ഓര്‍ക്കണം. അവിടേക്കാണ് 2023ല്‍ എന്റിക്കെ കയറി വന്നത്. ഇത്തവണ പിഎസ്ജി ഒരു കളി പോലും തോല്‍ക്കാതെയാണ് ഫ്രഞ്ച് ലീഗ് വണില്‍ കിരീടം ഉറപ്പിച്ചത്. ചാംപ്യന്‍മാരായെന്നു ഉറപ്പായ ശേഷമാണ് ആ ടീം ഒരു കളി തോല്‍ക്കുന്നത് പോലും...

ചിതറിത്തെറിച്ച ഇന്റര്‍ ടീമിനിടയിലൂടെ അഞ്ചാം ഗോളും പിഎസ്ജി സാധ്യമാക്കി. 85ാം മിനിറ്റ് പിന്നിട്ടപ്പോള്‍ പകരക്കാരനായി എത്തിയ സെന്നി മയുലു അനായാസം മുന്നേറി പട്ടിക പൂര്‍ത്തിയാക്കി. ആ സമയത്ത് ഗാലറിയില്‍ ഒരു ഇന്റര്‍ അരാധകന്‍ കൈ മുഖത്തു താങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു.

യുവ താരങ്ങളെ മുന്‍നിര്‍ത്തി പുതിയൊരു ടീമിനെ സൃഷ്ടിച്ചാണ് എന്റിക്കെ പിഎസ്ജിയില്‍ തന്റെ നിശബ്ദ വിപ്ലവം നടപ്പാക്കിയത്. ടീമിന്റെ മനോഭാവം തന്നെ മാറ്റി. പ്രതിസന്ധികളില്‍ നിന്നു ഒളിച്ചോടാതെ അതിനെ ധീരമായി നേരിടാനുള്ള മനോധൈര്യം ആ യുവ നിരയില്‍ അയാള്‍ സന്നിവേശിപ്പിച്ചു. 90 മിനിറ്റും ഇടതടവില്ലാതെ പിഎസ്ജി താരങ്ങള്‍ ആര്‍ത്തിരമ്പിയാണ് കളിച്ചത്. ജീവിത പോരാട്ടങ്ങളുടെ സമസ്ത പാഠങ്ങളും 90 മിനിറ്റില്‍ കാണിച്ചു തന്നു എന്റിക്കെയുടെ പിഎസ്ജി.

ചാംപ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിലെ ആദ്യ കിരീട ജേതാക്കള്‍ കൂടിയായി മാറുകയാണ് പിഎസ്ജി. പുതിയ പതിപ്പില്‍ തുടക്കത്തില്‍ തന്നെ പുറത്താകുന്ന ഘട്ടത്തിലായിരുന്നു പിഎസ്ജി. അവര്‍ പ്ലേ ഓഫ് കളിച്ചാണ് നോക്കൗട്ട് ഉറപ്പിച്ചത്. പിന്നീടാണ് ടീം അടിമുടി മാറിയത്. ഓരോ ഘട്ടത്തിലും വര്‍ധിത വീര്യത്തോടെ പൊരുതി കയറാനുള്ള ലൂച്ചോയുടെ ചങ്കുറപ്പും വിയര്‍പ്പുമുണ്ട് ഈ ചാംപ്യന്‍സ് ലീഗ് കീരിടത്തിനു മുകളില്‍. അതുകൊണ്ടു കൂടിയാണ് ഈ കിരീടം അയാള്‍ ആത്മാവ് കൊണ്ടു തന്റെ മകള്‍ക്ക് സമര്‍പ്പിച്ചത്.

'മനോഹരമായ 9 വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചാണ് എന്റെ മകള്‍ പോയത്. ജീവിത കാലം മുഴുവന്‍ ഓര്‍ക്കാനുള്ള അത്രയും മനോഹരമായ നിമിഷങ്ങള്‍. മറ്റൊരവസരത്തില്‍ എവിടെ വച്ചെങ്കിലും അവളെ കണ്ടുമുട്ടും എന്നു തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്'- മകളുടെ വിയോഗത്തില്‍ ലൂച്ചോ ഇങ്ങനെ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com