

ന്യൂഡല്‍ഹി: അത്യന്തം ആവേശം നിറഞ്ഞ, ഈ ഐപിഎല്‍ സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ഓവറിലെ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ്ങിന് അയക്കാന്‍ തീരുമാനിച്ച താരങ്ങളുടെ തെരഞ്ഞെടുപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്തുകൊണ്ട് 28 പന്തില്‍ 51 റണ്‍സ് നേടിയ നിതീഷ് റാണയെ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറക്കിയില്ല എന്ന ചോദ്യമാണ് ആരാധകര്‍ മുഖ്യമായി ഉന്നയിക്കുന്നത്.
എല്ലാവരും സൂപ്പര്‍ ഓവറില്‍ നിതീഷ് റാണ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനായി ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, പിന്നീട് യശസ്വി ജയ്സ്വാള്‍ എന്നിവരെയാണ് ഇറക്കിയത്. റാണയെ ബാറ്റിങ്ങിന് അയക്കാതിരുന്നത് സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അവസാന രണ്ട് പന്തുകളിലെ റണ്ണൗട്ടുകള്‍ ഉള്‍പ്പെടെ സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്.
രണ്ടു പന്തുകള്‍ നേരിട്ട പരാഗ് നാലു റണ്‍സെടുത്തു റണ്‍ഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്‌സ്വാളും റണ്‍ഔട്ടായി മടങ്ങി. 12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡല്‍ഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റന്‍ സ്റ്റബ്‌സും കെ.എല്‍. രാഹുലും. സന്ദീപ് ശര്‍മയെറിഞ്ഞ സൂപ്പര്‍ ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്തി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഡല്‍ഹിയുടെ വിജയ റണ്‍സ് കുറിച്ചു. ഒരു ബൗണ്ടറിയുള്‍പ്പടെ ഏഴു റണ്‍സെടുത്ത രാഹുലും തിളങ്ങി.
ഫീല്‍ഡില്‍ ആരെല്ലാം ഇറങ്ങണം എന്നതിനെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും ടീം മാനേജ്മെന്റിന്റെ കൈകളിലാണെന്നാണ് നിതീഷ് റാണയുടെ പ്രതികരണം. ''ഇത് ഒരിക്കലും ഒരാളുടെ തീരുമാനമല്ല. മാനേജ്മെന്റും സപ്പോര്‍ട്ട് സ്റ്റാഫുമാണ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നത്. ഈ ഫലം നമുക്ക് അനുകൂലമായിരുന്നെങ്കില്‍, ചോദ്യം വ്യത്യസ്തമാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ക്രിക്കറ്റ് കളി ഫലത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിമാണ്.'- നിതീഷ് റാണ പറഞ്ഞു.
'മാനേജ്മെന്റാണ് തീരുമാനിക്കുന്നത്. രണ്ട് മുതിര്‍ന്ന കളിക്കാരും ക്യാപ്റ്റനുമുണ്ട്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ഹെറ്റ്‌മെയര്‍ രണ്ട് സിക്സറുകള്‍ അടിച്ചിരുന്നെങ്കില്‍, നിങ്ങള്‍ അതേ ചോദ്യം ചോദിക്കുമായിരുന്നില്ല.'- നിതീഷ് റാണ മാധ്യമങ്ങളോട് പറഞ്ഞു.
'ഹെറ്റ്‌മെയര്‍ നമ്മുടെ ഫിനിഷറാണ്. ഇത് എല്ലാവര്‍ക്കും അറിയാം, മുന്‍കാലങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ ഒരു റണ്ണില്‍ കളി സമനിലയിലാവുകയായിരുന്നു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ സംഭവിച്ചത് അതാണ്'- മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ റാണ പറഞ്ഞു.
സൂപ്പര്‍ ഓവറില്‍ ജോഫ്ര ആര്‍ച്ചറിന് പകരം സന്ദീപ് ശര്‍മ്മയെയാണ് രാജസ്ഥാന്‍ റോയല്‍സ് ബൗളിങ്ങിനായി നിയോഗിച്ചത്. എക്‌സപ്രസ് വേഗത്തില്‍ പന്തെറിഞ്ഞ് രാഹുലിനെയും സ്റ്റബ്‌സിനെയും ഭയപ്പെടുത്താന്‍ കഴിയുന്ന ആര്‍ച്ചറിന് പകരം സന്ദീപ് ശര്‍മ്മയെ നിയോഗിച്ച രാജസ്ഥാന്‍ റോയല്‍സ് തീരുമാനവും എല്ലാവരെയും അമ്പരപ്പിച്ചു.
അവസാന ഓവറുകളില്‍ 11 പന്തില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത സന്ദീപിന്റെ വേഗം കുറഞ്ഞ പന്തുകള്‍ പ്രവചനാതീതമാണ്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സൂപ്പര്‍ ഓവര്‍ എറിയാന്‍ സന്ദീപിനെ നിയോഗിച്ചത്. എന്നാല്‍ സന്ദീപിന് തടയിടാന്‍ കഴിയുന്ന തരത്തില്‍ സൂപ്പര്‍ ഓവറില്‍ മികച്ച ടോട്ടണ്‍ കണ്ടെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞില്ലെന്നും നിതീഷ് റാണ വിലയിരുത്തി.
''ഈ സാഹചര്യത്തില്‍, ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും മികച്ച ബൗളര്‍ സാന്‍ഡി ആയിരിക്കാനാണ് സാധ്യത. പക്ഷേ, ഞങ്ങള്‍ക്ക് വിജയലക്ഷ്യമായി മികച്ച സ്‌കോര്‍ മുന്നോട്ടുവെയ്ക്കാന്‍ കഴിഞ്ഞില്ല എന്ന് എനിക്ക് തോന്നുന്നു. സൂപ്പര്‍ ഓവറില്‍ ഞങ്ങള്‍ 15 റണ്‍സ് ലക്ഷ്യമിട്ടിരുന്നു. കാരണം ഞങ്ങള്‍ 15 റണ്‍സ് നേടിയാല്‍ ജയിക്കാന്‍ ഒരു അവസരമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. സൂപ്പര്‍ ഓവറില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായാല്‍ സമ്മര്‍ദ്ദത്തിലാവും. പക്ഷേ രാഹുല്‍ പോയിന്റിന് മുകളിലൂടെ സമര്‍ത്ഥമായി ഒരു ഫോര്‍ നേടി. എന്റെ അഭിപ്രായത്തില്‍ സന്ദീപിന് പന്ത് കൈമാറാനുള്ള തീരുമാനം ശരിയായിരുന്നു.'- നിതീഷ് റാണ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates