സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസമാണ് രാജി വച്ചത്. ഓസ്ട്രേലിയയ്ക്ക് 2021ലെ ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനായ ലാംഗറിന്റെ രാജി ഓസ്ട്രേലിയൻ ക്രിക്കറ്റിൽ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് ഇപ്പോൾ വഴി തുറന്നിരിക്കുന്നത്.
ജസ്റ്റിൻ ലാംഗർ രാജി വച്ചിട്ടും അദ്ദേഹത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാതിരുന്ന ഓസീസ് താരങ്ങളുടെ നടപടിയെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്തെത്തി. ദേശീയ ടീമിൽ ജസ്റ്റിൻ ലാംഗറിന്റെ സഹ താരങ്ങളായിരുന്ന മാത്യു ഹെയ്ഡൻ, മിച്ചൽ ജോൺസൻ തുടങ്ങിയവരാണ് ഓസീസ് താരങ്ങളെ രൂക്ഷമായി വിമർശിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇക്കാര്യത്തിലെ നിലപാടും ഹെയ്ഡൻ ചോദ്യം ചെയ്തു.
ലാംഗറിന്റെ പരിശീലന ശൈലിയോട് ടീമിൽ താരങ്ങളിൽ ചിലർക്ക് വിയോജിപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി ഉയരുന്ന പരാതികളുടെ തുടർച്ചയാണ് ലാംഗറിന്റെ രാജിയെന്നാണ് റിപ്പോർട്ടുകൾ.
‘തന്റെ ടീമംഗങ്ങളിൽ നിന്ന് പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലായിരിക്കാം ലാംഗർ ഇത്രനാളും പിടിച്ചുനിന്നത്. പക്ഷേ, അവർ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നെ ഏറ്റവും വേദനിപ്പിച്ചതും അതുതന്നെ’- മാത്യു ഹെയ്ഡൻ പറഞ്ഞു.
ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകനായ പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ളവർ ലാംഗർ മാറണമെന്ന അഭിപ്രായക്കാരായിരുന്നു. ലാംഗറിനെ തള്ളിപ്പറഞ്ഞ കമ്മിൻസിനെയും ഹെയ്ഡൻ വിമർശിച്ചു.
‘ആഷസ് ജയിക്കാൻ ടീമിനെ സഹായിച്ച വ്യക്തിയാണ് അദ്ദേഹം. ടീമിനു വേണ്ടി അദ്ദേഹം മെൽബണിൽത്തന്നെ താമസിക്കുകയായിരുന്നു. എന്നിട്ടും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ വർഷം പകുതി മുതൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങളാണ് ഇപ്പോൾ രാജിയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്’ – ഹെയ്ഡൻ ചൂണ്ടിക്കാട്ടി.
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ആടിയുലഞ്ഞ ഓസീസ് ക്രിക്കറ്റിനെ ഈ വിധത്തിൽ രക്ഷിച്ചെടുത്തത് ലാംഗറിന്റെ മിടുക്കാണെന്ന് ഹെയ്ഡൻ അഭിപ്രായപ്പെട്ടു. എന്നിട്ടും ക്രിക്കറ്റ് ഓസ്ട്രേലിയ ലാംഗറിനോട് നന്ദി കാട്ടിയില്ലെന്ന് ഹെയ്ഡൻ കുറ്റപ്പെടുത്തി.
‘ജസ്റ്റിൻ ലാംഗറായിരുന്നില്ല പരിശീലകനെങ്കിൽ ഇപ്പോൾ ഡേവിഡ് വാർണർ എവിടെയുണ്ടാകുമായിരുന്നു? സ്റ്റീവ് സ്മിത്ത് എന്തു ചെയ്യുമായിരുന്നു? വിലക്കിനുശേഷം ഇരുവരും ടീമിൽ തിരിച്ചെത്തിയപ്പോൾ ജസ്റ്റിൻ ലാംഗറാണ് അവർക്കൊപ്പം നിന്ന് എല്ലാം ശരിയാക്കിയത്’– ഹെയ്ഡൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates