ദുബായ്: പന്തെറിയും മുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റര്‍ ക്രീസ് വിട്ടാല്‍ റണ്ണൗട്ടാക്കാന്‍ ബൗളര്‍ക്ക് അവകാശമുണ്ട്. മങ്കാദിങ് എന്നറിയപ്പെടുന്ന ഈ രീതി പലപ്പോഴും വിവാദമായി മാറിയിരുന്നു. പിന്നാലെ ഇതിന് നിയമപരമായി അനുവാദം ഈയടുത്താണ് നല്‍കുന്നത്. പുതിയ കാലത്തെ ക്രിക്കറ്റില്‍ മങ്കാദിങും അനുവദനീയമെന്ന് ചുരുക്കം.
ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബാണ് (എംസിസി) മങ്കാദിങ് നിരന്തരം വിവാദമായതിന് പിന്നാലെ ബൗളര്‍ക്ക് നോണ്‍സ്‌ട്രൈക്കറായ ബാറ്ററെ റൗണ്ണൗട്ടാക്കാമെന്ന നിയമം അനുവദിച്ചത്. ഇപ്പോള്‍ എല്ലാ തലത്തിലുമുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കും ഈ നിയമം ബാധകമാക്കനുള്ള ആലോചനയിലാണ് എംസിസി. ഗ്രാസ് റൂട്ട് ലെവല്‍ മുതല്‍ നിയമം പ്രാബല്യത്തിലാക്കാനാണ് ആലോചന.
ബിഗ് ബാഷ് ലീഗില്‍ ആദം സാംപ നോണ്‍ സ്‌ട്രൈക്ക് ബാറ്ററായ ടോം റോജേഴ്‌സിനെ മങ്കാദിങ് ചെയ്യാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് ഇത്തരം ഔട്ടുകള്‍ക്ക് നിയമപരമായ സാധുത നല്‍കാന്‍ എംസിസി തീരുമാനിച്ചത്.
നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി എല്ലാ തരത്തിലുമുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കും ഇത് ബാധകമാക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ഇതു സമബന്ധിച്ച് എംസിസി- വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി) കൂടിക്കാഴ്ച കഴിഞ്ഞ ആഴ്ച ദുബായില്‍ അരങ്ങേറി. നിയമത്തിലെ തെറ്റിദ്ധാരണ നീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നു.
നോണ്‍- സ്‌ട്രൈക്കര്‍മാര്‍ നിയമം പാലിക്കുകയും ബൗളറുടെ കൈയില്‍ നിന്ന് പന്ത് വിടുന്നത് കാണുന്നതു വരെ അവരുടെ ഗ്രൗണ്ടില്‍ തുടരുകയും ചെയ്യണം. മങ്കാദിങ് രീതിയിലുള്ള പുറത്താകല്‍ സംബന്ധിച്ച എല്ലാ ആശയക്കുഴപ്പങ്ങളും വിവാദങ്ങളും ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ലളിതമായ മാര്‍ഗം അതാണെന്ന് എംസിസി പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങള്‍ ബൗളര്‍മാരെ വില്ലന്‍മാരായി ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ല. നോണ്‍സ്‌ട്രൈക്കറായ ബാറ്ററാണ് യഥാര്‍ഥത്തില്‍ നിയമം ലംഘിക്കുന്നത്. അതിനാല്‍ അവര്‍ ഔട്ട് അര്‍ഹിക്കുന്നതാണെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ബൗളര്‍ നോണ്‍സ്‌ട്രൈക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ട ആവശ്യമില്ല. ആദ്യ ഘട്ടത്തില്‍ തന്നെ ബൗളര്‍ക്ക് റണ്ണൗട്ടാക്കാമെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
ഇതിഹാസ താരങ്ങളായ കുമാര്‍ സംഗക്കാര, സൗരവ് ഗാംഗുലി, ജസ്റ്റിന്‍ ലാംഗര്‍, അലസ്റ്റയര്‍ കുക്ക്, മൈക് ഗാറ്റിങ് എന്നിവരാണ് വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയിലെ അംഗങ്ങള്‍. ഗാറ്റിങാണ് കമ്മിറ്റിയുടെ തലവന്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
