ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി; ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലോക റെക്കോര്‍ഡോടെ ഉത്തരകൊറിയയുടെ റി സോങ്-ഗം ആണ് സ്വര്‍ണം നേടിയത്
mirabai chanu
Mirabai ChanuGetty
Updated on
1 min read

നഗോയ: ഒളിംപിക്‌സ് വെള്ളി മെഡല്‍, ലോക ചാംപ്യന്‍ഷിപ്പ് വിജയം, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണങ്ങള്‍... ഇന്ത്യയുടെ വെയ്റ്റ്ലിഫ്റ്റിങ് ഇതിഹാസം മീരാഭായ് ചാനുവിന്റെ കരിയറില്‍ ഇതുവരെ ഒരു കുറവുണ്ടായിരുന്നു - ഏഷ്യന്‍ ഗെയിംസ് മെഡല്‍. വര്‍ഷങ്ങളായി ബാക്കിയായിരുന്ന ആ അപൂര്‍ണ്ണതയ്ക്ക് ഒടുവില്‍ ജപ്പാനിലെ നഗോയയില്‍ വിരാമമായിരിക്കുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയാണ് ചാനു തന്റെ മേജര്‍ മെഡല്‍ ശേഖരണം പൂര്‍ത്തിയാക്കിയത്. അതോടൊപ്പം, 1998ല്‍ ബാങ്കോക്കില്‍ കര്‍ണം മല്ലേശ്വരി വെള്ളി നേടിയ ശേഷം ഏഷ്യന്‍ ഗെയിംസില്‍ വെയ്റ്റ്ലിഫ്റ്റിങ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും ഈ മുപ്പത്തിരണ്ടുകാരി സ്വന്തമാക്കി.

മത്സരരംഗത്തുണ്ടായിരുന്ന ഏഴ് വെയ്റ്റ്ലിഫ്റ്റര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ താരമായ മീരാഭായ് ചാനു, ബുധനാഴ്ച നടന്ന മത്സരത്തില്‍ ആകെ 198 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 111 കിലോഗ്രാമും ആണ് താരം വിജയകരമായി ഉയര്‍ത്തിയത്. ആകെ 215 കിലോ ഭാരമുയര്‍ത്തി, ലോക റെക്കോര്‍ഡോടെ ഉത്തരകൊറിയയുടെ റി സോങ്-ഗം ആണ് ഈ വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടിയത്. ഇന്തോനേഷ്യയുടെ വിജയാന ലുലുക് ദിയാനി ട്രി ആകെ 191 കിലോഗ്രാം (സ്‌നാച്ച് 87, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് 103) ഉയര്‍ത്തി വെങ്കല മെഡലും സ്വന്തമാക്കി.

പൂര്‍ണ്ണതയില്ലാത്ത കരിയറിലും മീരാഭായ് ചാനുവിനെ എക്കാലത്തും അടയാളപ്പെടുത്തിയത് പതറാത്ത പോരാട്ടവീര്യമാണ്. 2016 റിയോ ഒളിമ്പിക്‌സില്‍ ഒരു ലിഫ്റ്റ് പോലും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കണ്ണീരോടെ മടങ്ങേണ്ടി വന്ന താരമാണ് ചാനു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ടോക്യോയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി വെള്ളി മെഡല്‍ സ്വന്തമാക്കി. തുടര്‍ന്ന് ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ പ്രതീക്ഷയോടെയെത്തിയെങ്കിലും നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്ന് വര്‍ഷത്തിന് ശേഷം നഗോയയില്‍ തിരിച്ചെത്തിയപ്പോള്‍ ചാനു തന്റെ ലക്ഷ്യം പിടിച്ചടക്കുക തന്നെ ചെയ്തു.

mirabai chanu
ഏഷ്യന്‍ ഗെയിംസ്: മനു ഭാക്കറിന് മെഡലില്ല, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അഞ്ചാം സ്ഥാനത്ത്
mirabai chanu
അഞ്ച് തവണ ഗോള്‍ഡന്‍ ഡക്ക്; പൂജ്യത്തിന് പുറത്തായത് പത്തുതവണ; അഭിഷേക് ശര്‍മ@ 2026
mirabai chanu
ഇന്ത്യ-പാക് ഹാന്‍ഡ്‌ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം? ഏഷ്യന്‍ ഗെയിംസില്‍ കൈകൊടുത്ത് ടേബിള്‍ ടെന്നീസ് താരങ്ങള്‍
Summary

Mirabai Chanu wins silver to give India an Asian Games weightlifting medal after 28 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com