

മംബൈ: ഐപിഎല്ലിൽ മോശം ഫോമിൽ പന്തെറിയുന്ന പേസർമാരായ ശാർദുൽ ഠാക്കൂറിനേയും ദീപക് ചഹറിനേയും വീണ്ടും വീണ്ടും കളിപ്പിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമിന്റെ തീരുമാനത്തെ അതിനിശിതമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇരുവർക്കും ടീമിൽ കളിക്കാൻ ഒരർഹതയും ഇല്ലെന്നു ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. അവർക്ക് സീസണിലെ മുഴുവൻ പ്രതിഫലവും കൊടുത്തു വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും ശ്രീകാന്ത് വ്യക്തമാക്കി.
വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനോട് മുംബൈ തോറ്റതിനു പിന്നാലെയാണ് അദ്ദേഹം വെട്ടിത്തുറന്നു കാര്യങ്ങൾ പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 195 റൺസാണ് നേടിയത്. എന്നാൽ പഞ്ചാബ് കിങ്സ് വെറും 16.2 ഓവറിൽ ഈ ലക്ഷ്യം മറികടന്നു.
പഞ്ചാബ് ഓപ്പണർമാർ മികച്ച ഫോമിലായിട്ടും ജസ്പ്രിത് ബുംറയെക്കൊണ്ട് ബൗളിങ് ഓപ്പൺ ചെയ്യിക്കാത്തതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു. ആദ്യ ഓവർ എറിഞ്ഞ ദീപക് ചഹർ 21 റൺസാണ് വിട്ടുകൊടുത്തത്. ദീപക് ചഹറും ഷാർദുൽ ഠാക്കൂറും ചേർന്ന് 5.3 ഓവറിൽ 87 റൺസ് വഴങ്ങി. ഇരുവരുടേയും പന്തുകൾ ഗ്രൗണ്ടിന്റെ നാല് ഭാഗത്തേക്കും പറക്കുന്ന കാഴ്ചയായിരുന്നു.
'എന്തിന്റെ അടിസ്ഥാനത്തിലാണ് ദീപക് ചഹറിനെ മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തിനാണ് അവർ അദ്ദേഹത്തെ ടീമിൽ നിലനിർത്തിയത്? ആദ്യ ഓവറിൽ തന്നെ അദ്ദേഹം 21 റൺസ് വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരത്തിൽ ഇത് 22 റൺസായിരുന്നു. 2.3 ഓവറിൽ 45 റൺസ്. നമ്മുടെ സാർ, ശാർദുൽ ഠാക്കൂർ 3 ഓവറിൽ 42 റൺസ്. ഇരുവരും ചേർന്ന് ആകെ 5.3 ഓവറിൽ 87 റൺസാണ് വഴങ്ങിയത്.'
'നിങ്ങളുടെ രണ്ട് പ്രധാന ബൗളർമാർ 5.3 ഓവറിൽ 87 റൺസ് വഴങ്ങുകയാണെങ്കിൽ നിങ്ങൾക്ക് എങ്ങനെ ഒരു മത്സരം ജയിക്കാനാകും? എങ്ങനെയാണ് ഇവരെ രണ്ടുപേരെയും ഒരേസമയം ഇലവനിൽ ഉൾപ്പെടുത്തുന്നത്? മത്സരത്തിന് മുൻപുള്ള ഷോയിൽ ഞാൻ ഈ ചോദ്യം ചോദിച്ചിരുന്നു. നല്ല ബൗളിങ് ഓപ്ഷനുകൾ ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്? അവർക്ക് നൽകേണ്ട പണം നൽകിയിട്ട് അവരെ വീട്ടിലേക്ക് അയക്കൂ. ഈ സീസണിൽ ഇനി മടങ്ങിവരേണ്ടെന്ന് പറയൂ. ആവശ്യമെങ്കിൽ വിളിക്കാമെന്ന് അറിയിക്കുക. നിങ്ങൾക്ക് അതാണ് ചെയ്യേണ്ടത്. അതിൽ തെറ്റൊന്നുമില്ല.'
ടി20 ലോകകപ്പിന് ശേഷം വിശ്രമമില്ലാതെ കളിക്കുന്ന ജസ്പ്രിത് ബുംറ അമിത ഭാരം ചുമക്കുകയാണെന്നും കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അദ്ദേഹം വിക്കറ്റൊന്നും നേടിയിട്ടില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
'അഞ്ച് മത്സരങ്ങളിൽ വിക്കറ്റില്ല. അദ്ദേഹത്തിനു നന്നായി തല്ല് കിട്ടുകയും ചെയ്തു. ബുംറയ്ക്ക് മാനസികമായും ശാരീരികമായും ഒരു ഇടവേള ആവശ്യമാണ്. ടി20 ലോകകപ്പിൽ അദ്ദേഹം തന്റെ സർവസ്വവും നൽകി മികവിന്റെ അത്യുന്നതിയിലായിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. ഇപ്പോൾ മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ അമിതമായി കഷ്ടപ്പെടുത്തുകയാണ്. സീസണിന്റെ തുടക്കത്തിൽ ഈ ബൗളിങ് നിരയ്ക്ക് ഞാൻ എങ്ങനെ 9.5 റേറ്റിങ് നൽകിയത് എന്തിനാണെന്നു എനിക്കു തന്നെ മനസിലാകുന്നില്ല. അവർ 500 റൺസ് നേടിയാൽ പോലും എതിരാളികൾ അത് പിന്തുടർന്ന് ജയിക്കും. അത്രത്തോളം ദയനീയമാണ് അവരുടെ ബൗളിങ് നിര'- ശ്രീകാന്ത് അതിരൂക്ഷമായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates