'ഭാര്യ കരയുകയായിരുന്നു; പിന്തുണയുമായി ആദ്യം എത്തിയത് ഗംഭീര്‍'; ഡ്രസിങ് റൂം വിവാദത്തില്‍ മനസ്സ് തുറന്ന് സര്‍ഫറാസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരത്തിനുള്ള ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് സര്‍ഫറാസിനെതിരെ ഉയര്‍ന്നത്.
Sarfaraz Khan batting
Sarfaraz Khanx
Edited By:
Updated on: 
2 min read

ന്യഡല്‍ഹി: ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും കുടുംബത്തെ ഒന്നാകെ അത് ബാധിച്ചുവെന്നും ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍. അന്ന് തന്നെ ആദ്യം വിളിച്ച് പിന്തുണച്ചത് കോച്ച് ഗൗതം ഗംഭീറാണെന്നും സര്‍ഫറാസ് പറഞ്ഞു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരത്തിനുള്ള ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് സര്‍ഫറാസിനെതിരെ ഉയര്‍ന്നത്. ആരോപണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും എന്നാല്‍ അതിലേറെ വിഷമിപ്പിച്ചത് തന്റെ മാതാപിതാക്കളെയും ഭാര്യയെയും ഇത് എങ്ങനെ ബാധിച്ചു എന്നതാണെന്നും 29കാരനായ താരം പറഞ്ഞു. ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

'എനിക്കെന്റെ ഫോണ്‍ സ്വിച്ച് ഓഫ് വരെ ചെയ്യേണ്ടി വന്നു. ജിജി സര്‍ (ഗൗതം ഗംഭീര്‍) രണ്ട് വട്ടം എന്നെ വിളിച്ചു. പുറത്തു നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കരുതെന്നും ക്രിക്കറ്റില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും പറഞ്ഞു. എനിക്ക് അത് മനസിലാകുമെന്നും എന്നാല്‍ പിതാവ് ആകെ സങ്കടത്തിലാണെന്നും ഞാന്‍ ജിജി സാറോട് പറഞ്ഞു. ഭാര്യ ഇപ്പോഴും കരയുകയാണെന്നും അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം എന്റെ പിതാവിനെ വിളിച്ച് സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുതെന്നും സര്‍ഫറാസ് മികച്ച താരമാണ്, അവന്‍ ക്രിക്കറ്റ് കളിക്കട്ടെ എന്നും പിതാവിനോട് പറഞ്ഞു. എന്താവശ്യമുണ്ടെങ്കിലും വിളിക്കൂവെന്നും അറിയിച്ചു.'-സര്‍ഫറാസ് വ്യക്തമാക്കി.

ഓസിസ് പര്യടനത്തിനിടെ ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്. ടീമിന്റെ പ്രകടനത്തില്‍ ഗംഭീര്‍ അതൃപ്തനായിരുന്നുവെന്നും മെല്‍ബണിലെ നാലാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം അദ്ദേഹം താരങ്ങളെ ശകാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സര്‍ഫറാസ് കളിച്ചിരുന്നില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഈ ആരോപണങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

'എനിക്ക് വലിയ വിഷമമായി. എന്റെ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ കോളുകളും സന്ദേശങ്ങളും വരാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതപ്പെട്ടു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കഴിഞ്ഞിട്ട് 25-30 ദിവസമായിരുന്നു. പര്യടനത്തിനിടയില്‍ പരിക്കേറ്റതിനാല്‍ ഞാന്‍ എന്‍സിഎയില്‍ റീഹാബിന് പോയി. പെട്ടെന്നാണ് ഡ്രസ്സിങ് റൂം വിവരങ്ങള്‍ ഞാന്‍ ചോര്‍ത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ആരോടാണ് ഇതേക്കുറിച്ച് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു,' സര്‍ഫറാസ് പറഞ്ഞു. വിവാദത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ സര്‍ഫറാസ്, തുടര്‍ന്നും ഇന്ത്യന്‍ ടീമിനൊപ്പം തനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

'ഞാന്‍ ആരോടാണ് പറയുക? അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, അങ്ങനെയായിരുന്നെങ്കില്‍ എന്നെ ഇന്ത്യ എ ടീമിലേക്കും പിന്നീട് ശ്രീലങ്കന്‍ പരമ്പരയിലേക്കും തെരഞ്ഞെടുക്കില്ലായിരുന്നു. ആരാണ് ഇതൊക്കെ പറഞ്ഞതെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു, ഞാന്‍ ഒരാളെ വിളിച്ചപ്പോള്‍ കോള്‍ എടുത്തില്ല. എന്റെ കുടുംബത്തിന് അതൊരു മോശം സമയമായിരുന്നു. എന്റെ ജീവിതം എപ്പോഴും പോരാട്ടങ്ങള്‍ നിറഞ്ഞതായിരുന്നു, അത് നേരിടാന്‍ ഞാന്‍ തയ്യാറുമായിരുന്നു. എന്നാല്‍ എന്റെ അച്ഛന്‍, അമ്മ, ഭാര്യ, സഹോദരന്‍ എന്നിവരെ ഓര്‍ത്താണ് സങ്കടം തോന്നിയത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചെറിയ കാര്യം പോലും വലുതാക്കപ്പെടുന്നു. ഒരാളുടെ ജോലി നശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളുടെ പേര് നശിപ്പിക്കുക, അപ്പോള്‍ ജോലി താനേ നശിച്ചുകൊള്ളും എന്നൊരു ചൊല്ല് ഞാന്‍ പണ്ട് കേട്ടിട്ടുണ്ട്,' സര്‍ഫറാസ് പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രതിനിധീകരിക്കുന്ന സര്‍ഫറാസ് ഇന്ത്യക്കായി ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 37.10 ശരാശരിയില്‍ 371 റണ്‍സാണ് താരം നേടിയത്. 2024 നവംബറില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെയാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.

Summary

My wife was crying, Gambhir was first to back me: Sarfaraz recalls dressing-room leak row .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER