

സിങ്കപ്പുർ: നേപ്പാൾ ബാറ്റർ കുശാൽ ഭൂർടൽ അപൂർവ റെക്കോർഡ് പട്ടികയിൽ. അന്താരാഷ്ട്ര ടി20യിൽ തടരെ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ കുശാലും ഇടംപിടിച്ചു. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് യോഗ്യതാ പോരാട്ടത്തിലാണ് താരം ചൈനയ്ക്കു പിന്നാലെ മലേഷ്യക്കെതിരേയും സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര ടി20യിൽ തുടരെ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ലോകത്തെ പത്താമത്തെ താരമായും കുശാൽ മാറി.
ചൈനക്കെതിരായ പോരാട്ടത്തിൽ ഒരോവറിലെ ആറ് പന്തും സിക്സർ തൂക്കി കുശാൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. പിന്നാലെയാണ് തുടരെ രണ്ടാം ശതകം. മത്സരത്തിൽ 25 പന്തിൽ അർധ സെഞ്ച്വറിയടിച്ച താരം അടുത്ത 19 പന്തിൽ ശതകം തൊട്ടു. ആകെ 54 പന്തിൽ 14 ഫോറും 8 സിക്സും സഹിതം 126 റൺസ് താരം അടിച്ചെടുത്തു.
ചൈനക്കെതിരെ എട്ടാം ഓവറിൽ അർധ സെഞ്ച്വറി നേടിയ കുശാൽ ചൈനീസ് ലെഫ്റ്റ് സ്പിന്നർ ചെൻ ഷൗ യുവിനെയാണ് തുടരെ ആറ് പന്തുകൾ അതിർത്തി കടത്തി ശിക്ഷിച്ചത്. മത്സരത്തിൽ മൊത്തം 16 സിക്സുകളാണ് താരം തൂക്കിയത്. ഒപ്പം 5 ഫോറുകളും. 43 പന്തിൽ 129 അടിച്ചാണ് താരം മടങ്ങിയത്.
മലയാളി താരം സഞ്ജു സാംസൺ, റെലി റൂസോ, തിലക് വർമ, ഫിൽ സാൾട്ട് അടക്കമുള്ള താരങ്ങൾ നേരത്തെ തുടരെ രണ്ട് അന്താരാഷ്ട്ര ടി20 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഈ ഏലീറ്റ് പട്ടികയിലേക്കാണ് കുശാലും തന്റെ പേര് എഴുതി ചേർത്തത്. പട്ടികയിൽ പത്താമനായാണ് കുശാലും ഇടം പിടിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് അടിച്ചുകൂട്ടി. കുശാലിനൊപ്പം സഹ ഓപ്പണര്‍ ആസിഫ് ഷെയ്ഖും തകര്‍ത്തടിച്ചു. താരം 24 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതം 68 റണ്‍സ് വാരി. മലേഷ്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സില്‍ അവസാനിച്ചു. നേപ്പാള്‍ 167 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കി. ജയത്തോടെ നേപ്പാൾ ഏഷ്യൻ പോരാട്ടത്തിനു യോഗ്യത നേടി. തോറ്റെങ്കിലും മലേഷ്യ നേരത്തെ സീറ്റുറപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates