കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സൂപ്പർ എട്ടിലെ പോരാട്ടത്തിൽ ന്യൂസിലൻഡ് 61 റൺസിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് 169 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഇന്നിങ്‌സ് 107 ൽ അവസാനിക്കുക ആയിരുന്നു. ജയത്തോടെ ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. ഇതോടെ ആതിഥേയരായ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി.
ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. തകർച്ചയോടെ തുടങ്ങിയ ന്യൂസിലൻഡിനെ ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിന്റെ ഇന്നിങ്‌സാണ് മികച്ച സ്കോറിലേക്ക് എത്താൻ സഹായിച്ചത്. 26 പന്തിൽ 47 റൺസ് ആണ് താരം നേടിയത്.
കിവീസിനായി ഫറിൻ അലൻ 13 പന്തിൽ നിന്ന് 23 റൺസെടുത്തപ്പോൾ രചിൻ രവീന്ദ്ര 22 പന്തിൽ നിന്ന് 32 റൺസെടുത്തു. 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്താണ് ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണയും ചമീരയും മൂന്ന് വീതം വിക്കറ്റെടുത്തു.
169 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ലങ്കയെ തുടക്കത്തിൽ തന്നെ കിവീസ് ബൗളർമാർ ഞെട്ടിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ പാത്തും നിസ്സാങ്കയെ ബൗൾഡ് ആക്കി മാറ്റ് ഹാരി കളി ന്യൂസിലൻഡിന്റെ വരുതിയിലാക്കി. 29 റൺസ് നേടുന്നതിനിടെ ടീമിന് നാലുവിക്കറ്റുകൾ ആണ് നഷ്ടമായത്.
കാമിന്ദു മെൻഡിസ് താരം 23 പന്തിൽ നിന്ന് 31 റൺസെടുത്തത് മാത്രമാണ് ടീമിലെ മികച്ച പ്രകടനം. 77-7 എന്ന നിലയിലേക്ക് വീണു ശ്രീലങ്കയെ പിന്നീട് ദുനിത് വെല്ലലഗയെ കൈപിടിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 20 ഓവറിൽ എട്ടുവിക്കറ്റിന് 107 റൺസിന് ശ്രീലങ്കൻ ഇന്നിങ്സ് അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates