

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാരെ വിമര്‍ശിച്ചും വിരാട് കോഹ്‌ലിക്ക് കൈയടിച്ചും ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. മികച്ച രീതിയില്‍ ബാറ്റിങ് തുടങ്ങുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. വേഗമുള്ള പിച്ചില്‍ എങ്ങനെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യണമെന്നു ടീമിലെ മറ്റു താരങ്ങള്‍ വിരാട് കോഹ്‌ലിയെ കണ്ട് പഠിക്കണമെന്നും ഗാവസ്‌കര്‍.
അവസാന ഏകദിനത്തില്‍ ഇന്ത്യ 41 റണ്‍സ് തോല്‍വി വഴങ്ങി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നു കൈവിട്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഫൈനല്‍ ഏകദിനത്തില്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതി നിന്നു. ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും അര്‍ധ സെഞ്ച്വറികളുമായി കോഹ്‌ലിയെ മികച്ച രീതിയില്‍ പിന്തുണച്ചു. എന്നാല്‍ മറ്റെല്ലാ ബാറ്റര്‍മാരും പരജായപ്പെട്ടത് ഇന്ത്യക്കു തിരിച്ചടിയായി. കോഹ്‌ലി 108 പന്തില്‍ 124 റണ്‍സെടുത്തു.
'വിരാട് കോഹ്‌ലിക്ക് കാര്യമായൊരു പിന്തുണയും കിട്ടിയില്ല. പരമ്പരയിലുടനീളം ഇന്ത്യക്ക് മികച്ച തുടക്കവും കിട്ടിയില്ല. മികച്ച തുടക്കം കിട്ടിയാല്‍ തന്നെ കാര്യങ്ങള്‍ പകുതി ശരിയാകും. ഇന്ത്യ ഒരിക്കല്‍ പോലും മികച്ച തുടക്കമിടാത്തതാണ് ഇത്തരത്തിലുള്ള വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ കാലിടറി വീഴുന്നതിന്റെ പ്രധാന കാരണം. 159 റണ്‍സ് എത്തുമ്പോഴേക്കും മുന്‍നിരയിലെ അഞ്ച് പേര്‍ പുറത്തായിക്കഴിഞ്ഞിരുന്നു.'
അവസാനം വരെ ജയത്തിനായി പൊരുതിയ കോഹ്‌ലിയുടെ ഇച്ഛാശക്തിയെ ഗാവസ്‌കര്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് ടീമിലെ മറ്റ് താരങ്ങളും അനുകരിക്കേണ്ടതെന്നും ഗാവസ്‌കര്‍ എടുത്തു പറയുന്നു.
'കോഹ്‌ലിയെക്കുറിച്ച് എന്താണ് പറയേണ്ടത്. വിശേഷങ്ങള്‍ക്കുള്ളിലൊന്നും ഒതുങ്ങാത്ത പ്രതിഭയാണ് അദ്ദേഹം. മറ്റ് പല സൂപ്പര്‍ താരങ്ങളും ഇമേജുകളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. എന്നാല്‍ കോഹ്‌ലി അങ്ങനെയല്ല. അദ്ദേഹം തന്റെ ബാറ്റിങ് റോളുമായി അഗാധമായി ബന്ധിക്കപ്പെട്ട താരമാണ്. റണ്‍സ് നേടുക എന്നതാണ് അദ്ദേഹത്തിന്റെ എല്ലായ്‌പ്പോഴുമുള്ള ലക്ഷ്യം. ചിലപ്പോള്‍ ജാഗ്രതയോടെ കളിച്ച് പിന്നീട് ആക്രമിച്ചു കളിക്കേണ്ടി വരും. ചിലപ്പോള്‍ തുടക്കം മുതല്‍ ആക്രമിച്ചും പിന്നീട് ഒന്നും രണ്ടും റണ്‍സ് ഓടിയെടുത്തും കളിക്കേണ്ടി വരും.'
'വലിയ പ്രതീക്ഷകളല്ല ക്രീസില്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലിയെ നിയന്ത്രിക്കുന്നത്. അതാണ് പ്രധാനം. ഉടന്‍ ഒരു സിക്‌സടിക്കണമെന്നല്ല ക്രീസില്‍ എത്തിയാല്‍ അദ്ദേഹം ചിന്തിക്കുന്നത്. മറിച്ച് സാഹചര്യം നോക്കിയാണ്. ആ ഏകാഗ്രത അദ്ദേഹം അവസാനം വരെ നിലനിര്‍ത്തുന്നു. അവസാന നിമിഷം വരെ ശ്രമം തുടരുന്നു. യുവ താരങ്ങള്‍ക്ക് അതൊരു വലിയ പാഠമാണ്. ഇമേജുകള്‍ക്ക് ചുറ്റും കറങ്ങാതെ സഹചര്യത്തിനനുസരിച്ച് കളിയെ വികസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പതിയെ സ്ഥിരതയുള്ളവരായി മാറാനുള്ള ആര്‍ജവം അവര്‍ക്ക് കിട്ടും.'
അവസരത്തിനൊത്തുയര്‍ന്ന ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ ഗാവസ്‌കര്‍ അഭിനന്ദിച്ചു. കെഎല്‍ രാഹുലിനെ പോലെ മിന്നും ഫോമില്‍ നില്‍ക്കുന്ന താരം പെട്ടെന്നു പുറത്തായപ്പോള്‍ ഇരുവരും അവസരത്തിനൊത്തുയര്‍ന്നു. ഇതുവരെ ബാറ്റിങില്‍ കാര്യമായ മികവ് പുറത്തെടുക്കാത്ത ഇരുവരും തിളങ്ങിയത് ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നതായി മാറിയെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
'മുന്‍ പരാജയങ്ങള്‍ ബാധിക്കാതെ മാനസിക കരുത്തോടെ ബാറ്റ് ചെയ്യാനുള്ള ഹര്‍ഷിതിന്റെ കഴിവ് എന്നെ ആകര്‍ഷിച്ചു. മികച്ച ഇന്നിങ്‌സാണ് ഹര്‍ഷിത് കളിച്ചത്. ഒരു ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ എന്താണ് ചെയ്യേണ്ടത് എന്നത് ഹര്‍ഷിത് ഇതാദ്യമായി കാണിച്ചു തന്നു. മറുവശത്ത് കോഹ്‌ലിയെപ്പോലെ ഒരു താരമുള്ളതിനാല്‍ ഹര്‍ഷിതിന് ആശങ്കയില്ലാതെ കളിക്കാനും സാധിച്ചു'- ഗാവസ്‌കര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates