ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 1-1ന് സമനിലയില്‍ എത്തിച്ചു. ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് ന്യൂസിലന്‍ഡ് വിജയം പിടിച്ചത്.
സ്‌കോര്‍: ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് ആറിന് 521 ഡിക്ല. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് 126 (ഫോളോ ഓണ്‍) 278.
ക്യാപ്റ്റന്‍ ടോം ലാതം, ഡെവോണ്‍ കോണ്‍വെ എന്നിവരുടെ ഉജ്ജ്വല ബാറ്റിങ് കരുത്തില്‍ കിവികള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 521 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 126 റണ്‍സില്‍ അവസാനിപ്പിച്ച് 395 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് അവരെ ഫോളോ ഓണ്‍ ചെയ്യിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ പോരാട്ടം 278 റണ്‍സില്‍ അവസാനിപ്പിച്ചാണ് കിവികള്‍ ജയം സ്വന്തമാക്കിയത്.
വെറ്ററന്‍ താരം റോസ് ടെയ്‌ലര്‍ക്ക് വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയാനുള്ള അവസരവും ന്യൂസിലന്‍ഡ് ഒരുക്കി. താരത്തിന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് അവസരം ഒരുക്കാന്‍ കിവികള്‍ ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കില്ലെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പകരം ടെയ്‌ലര്‍ പന്തെറിഞ്ഞു.
ബംഗ്ലാദേശിന് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഘട്ടത്തിലാണ് ടെയ്‌ലര്‍ പന്തെറിഞ്ഞത്. മൂന്നാം പന്തില്‍ എബ്ദോത് ഹൊസൈനെ ടോം ലാതമിന്റെ കൈകളില്‍ എത്തിച്ച് ബംഗ്ലാദേശ് ഇന്നിങ്‌സിന് തിരശ്ശീലയിട്ട് ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ ഉജ്ജ്വല വിജയത്തോടെ അവസാനം കുറിക്കാനും താരത്തിന് സാധിച്ചു. ടെസ്റ്റ് കരിയറിൽ ഇതുവരെയായി താരം 16 ഓവറുകൾ മാത്രമാണ് പന്തെറിഞ്ഞിട്ടുള്ളത്. അവസാനമായി പന്തെറിഞ്ഞത് എട്ട് വർഷങ്ങൾ മുൻപായിരുന്നു. നേരത്തെ രണ്ട് വിക്കറ്റുകളായിരുന്നു സമ്പാദ്യം. ഇന്നത്തെ വിക്കറ്റ് നേട്ടത്തോടെ മൂന്ന് വിക്കറ്റുകളായി അത് മാറി.
ഒന്നാം ഇന്നിങ്‌സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ പൊരുതി. ലിറ്റന്‍ ദാസ് സെഞ്ച്വറി നേടി. താരം 114 പന്തുകള്‍ നേരിട്ട് 102 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ് (37), നൂറുല്‍ ഹസന്‍ (36) എന്നിവരും പിടിച്ചു നിന്നു.
ന്യൂസിലന്‍ഡിനായി കെയ്ല്‍ ജാമിസന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. നീല്‍ വാഗ്നര്‍ മൂന്ന് വിക്കറ്റുകളും സൗത്തി, ഡാരില്‍ മിച്ചല്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോം ലാതം ഇരട്ട സെഞ്ച്വറി (252)യും കോണ്‍വെ സെഞ്ച്വറി (109)യും നേടിയതോടെയാണ് ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 34 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കോണ്‍വെ ഒരു സിക്‌സും 12 ഫോറും നേടി. 175 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് അവരെ തകര്‍ത്തത്.
യാസിര്‍ അലി (55), നൂറുല്‍ ഹസന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ഷദ്മാന്‍ ഇസ്ലാം (7), മുഹമ്മദ് നയിം (0), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), മൊമിനുല്‍ ഹഖ് (0), ലിറ്റണ്‍ ദാസ് (8), മെഹിദി ഹസന്‍ (5), ടസ്‌കിന്‍ അഹമ്മദ് (2), ഷൊറിഫുള്‍ ഇസ്ലാം (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒരുഘട്ടത്തില്‍ അഞ്ചിന് 27 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ബോള്‍ട്ടിന് പുറമെ ടിം സൗത്തി മൂന്നും കെയ്ല്‍ ജാമിസന്‍ രണ്ടും വിക്കറ്റ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
