

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂസിലൻഡ് 61 റൺസിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചത്.
മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചതോടെ പോയിന്റ് ടേബിളിൽ അവർ രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങളിലെ ഫലം അനുസരിച്ചാകും പാക് ടീമിന്റെ സെമി പ്രവേശനം. പാകിസ്ഥാന്റെ സാധ്യതകൾ ഓരോന്നായി പരിശോധിക്കാം.
നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ഇംഗ്ലണ്ട് തോൽപ്പിക്കുകയും അതിന് ശേഷം നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും മൂന്ന് പോയിന്റുകൾ വീതമാകും. തുടർന്ന് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
ഉദാഹരണത്തിന്, ആദ്യ ഇന്നിങ്സിൽ ഏകദേശം 170 റൺസ് ആണ് പാകിസ്ഥാനും ഇംഗ്ലണ്ട് സ്കോർ ചെയ്യുന്നത് എന്ന് കരുതുക. ഇംഗ്ലണ്ട് ന്യൂസിലൻഡിനെ 50 റൺസിന് തോൽപ്പിക്കുകയും പാകിസ്ഥാൻ ശ്രീലങ്കയെ ഏകദേശം 20 റൺസിന് തോൽപ്പിക്കുകയും ചെയ്താൽ റൺ റേറ്റിൽ വലിയ വ്യത്യാസം വരും. ഇതോടെ പാകിസ്ഥാൻ സെമിയിലേക്ക് പ്രവേശിക്കും.
ഇനി 170 റൺസ് എന്ന ലക്ഷ്യം പാകിസ്ഥാൻ പിന്തുടരുക ആണെങ്കിൽ സംഗതി കൂടുതൽ കടുപ്പമാകും. ഏകദേശം 17.5 ഓവറിനുള്ളിൽ പാകിസ്ഥാന് വിജയലക്ഷ്യം കണ്ടെത്തിയാൽ മാത്രമേ ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ സാധിക്കൂ.
അതേ സമയം, ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ശ്രീലങ്കക്കെതിരായ മത്സരം കളിക്കും മുൻപ് തന്നെ പാകിസ്ഥാൻ സെമി പോരാട്ടത്തിൽ നിന്ന് പുറത്താകും. ന്യൂസിലൻഡ്–ഇംഗ്ലണ്ട് മത്സരം മഴമൂലം റദ്ദായാൽ പോലും, പാകിസ്ഥാൻ അവസാന മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചാലും സെമി പ്രവേശനം നേടാൻ സാധിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates