
ഇന്ത്യയുടെ മലയാളി ഗോൾ കീപ്പറും ഇതിഹാസ താരവുമായ പിആർ ശ്രീജേഷിന്റെ ഹോക്കി കരിയറിനു കാവ്യാത്മകമായി തന്നെ ഫുള്‍ സ്റ്റോപ്പിട്ടു. പാരിസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ അഭിമാനത്തോടെയുള്ള പടിയിറക്കം.
രണ്ട് ഒളിംപിക്സ് മെഡലുകൾ നേടുന്ന ആദ്യ മലയാളി താരമെന്ന അനുപമ നേട്ടവുമായാണ് മുൻ നായകന്റെ കരിയര്‍ അവസാനിപ്പിച്ചത്. 2020ലെ ടോക്യോ ഒളിംപിക്സ്, 2024ലെ പാരിസ് ഒളിംപിക്സ് പോരാട്ടങ്ങളിൽ വെങ്കല നേട്ടം.
പാരിസിൽ ഇന്ത്യ വെങ്കലം നേടിയതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നതും 36കാരനായ ശ്രീജേഷിനോടു തന്നെ. ഫൈനലില്‍ അവസാന നിമിഷങ്ങളില്‍ അടക്കം ഉജ്ജ്വലമായ ഒട്ടേറെ രക്ഷപ്പെടുത്തലുകള്‍. പോരാട്ടങ്ങളിലുടനീളം ശ്രീജേഷ് പോസ്റ്റിനു മുന്നില്‍ മഹാമേരുവായി നിന്നു. ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരെ ഷൂട്ടൗട്ടിലും ഒരു നിര്‍ണായക സേവ് നടത്തി കരിയറിന്‍റെ സായാഹ്നത്തിലും ശ്രീജേഷ് വെട്ടിത്തിളങ്ങിയാണ് കളമൊഴിയുന്നത്.
ഇന്ത്യ ലോകത്തിനും സമ്മാനിച്ച അസാമാന്യ പ്രതിഭാ ശാലിയായ ഹോക്കി താരം. ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ശ്രീജേഷിന്‍റെ പേരും തങ്ക ലിപികളാല്‍ ഇനി അലങ്കാരം. രണ്ട് ഒളിംപിക്സ് മെഡലുകള്‍ ഹോക്കിയില്‍ ഇന്ത്യ തുടരെ നേടുന്നത് 52 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ്. ആ നേട്ടത്തിലേക്കുള്ള യാത്രയില്‍ ശ്രീജേഷ് മുഖ്യ കണ്ണിയായത് കേരളത്തിനും അഭിമാനം.
18 വര്‍ഷം നീണ്ട അസാധ്യമായ കരിയര്‍. അതിനിടെ ദീര്‍ഘ കാലം ഇന്ത്യന്‍ നായകന്‍. ഇന്ത്യക്കായി 335 മത്സരങ്ങള്‍. നിരവധി നിരവധി ഐതിഹാസിക സേവുകളുടെ നീണ്ട ചരിത്രം.
രണ്ട് ഒളിംപിക്‌സ് വെങ്കല മെഡലുകള്‍. രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒരു വെങ്കലവും. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ വെങ്കലം. ഏഷ്യാ കപ്പില്‍ വെള്ളി. രണ്ട് ചാമ്പ്യന്‍സ് ട്രോഫി വെള്ളി നേട്ടങ്ങള്‍. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നാല് സ്വര്‍ണം, ഒരു വെള്ളി. ലോക ലീഗ് പോരില്‍ വെങ്കല നേട്ടം. രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി നേട്ടങ്ങള്‍.
രണ്ടാം വട്ടവും വെങ്കലം നേടി ടോക്യോ ആഘോഷം ശ്രീജേഷ് ബാറിനു മുകളില്‍ കയറിയിരുന്നു ആവര്‍ത്തിച്ചു. ഇന്ത്യന്‍ ടീം ഒന്നടങ്കം താരത്തെ പൊതിഞ്ഞു. താരങ്ങള്‍ ജയം ശ്രീജേഷിനു സമര്‍പ്പിച്ചു. ഇത്തവണ ഹോക്കി ഇന്ത്യയുടെ ഒരു ഹാഷ് ടാഗ് ഇങ്ങനെയാണ്- 'വിൻ ഇറ്റ് ഫോർ ശ്രീജേഷ്'- അതെ ആ വാക്കുകൾ ഇന്ത്യൻ സംഘം സാക്ഷാത്കരിച്ചു. ഇന്ത്യന്‍ ആധുനിക ഹോക്കിയുടെ ദൈവം (ഹോക്കി ഇന്ത്യ ആദരപൂര്‍വം നല്‍കിയ പേര്), ഇന്ത്യയുടെ കാവൽക്കാരന്‍ അങ്ങനെ തലയുയർത്തി മടങ്ങി....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
