

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്തക്കായി പന്തെറിയാൻ തയ്യാറാകാതെ വന്നതോടെ വലിയ വിമർശനമാണ് ഓസ്‌ട്രേലിയൻ താരം കാമറൂണ്‍ ഗ്രീനിന് നേരെ ഉയരുന്നത്. ഈ സീസണിൽ 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരം മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിലും പരാജയമായി മാറിയിരുന്നു. മത്സരത്തിൽ 10 പന്തിൽ 18 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇതോടെയാണ് വിമർശനങ്ങൾ ശക്തമായത്.
മത്സരത്തിന് ശേഷം എന്തുകൊണ്ടാണ് താരം പന്തെറിയാത്തത് എന്ന കമന്റേറ്ററുടെ ചോദ്യത്തിന് അതിന്റെ കാരണം ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു കൊൽക്കത്തയുടെ നായകൻ രഹാനെയുടെ മറുപടി. സംഭവത്തിൽ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ ഗ്രീനിനെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തി. ' ഗ്രീനിനെ ബാറ്റർ ആയി മാത്രമാണ് കൊൽക്കത്ത വാങ്ങിയതെങ്കിൽ പ്രശ്നമില്ല. എന്നാൽ ഓൾറൗണ്ടറായി ആണ് ടീമിൽ എത്തിച്ചതെങ്കിൽ ബൗളിങ് ചെയ്യാതിരിക്കുന്നത് ശരിയല്ല' അദ്ദേഹം പറഞ്ഞു.
നേരത്തെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും താരത്തിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. “നിങ്ങൾ ഓൾ-റൗണ്ടറിന് പണം ചെലവഴിച്ചത്. എന്നാൽ നിങ്ങൾക്ക് ലഭിച്ചത് ഒരു ബാറ്ററെ മാത്രമാണ്. അങ്ങനെ ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടാകണം'' എന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടെ വിമർശനം.
സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. “ഗ്രീനിന് ലോവർ ബാക്കിൽ പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും കുറച്ചുകാലത്തേക്ക് ബൗളിങ് ഒഴിവാക്കേണ്ട സാഹചര്യമുണ്ട്, ഇപ്പോൾ ഇന്ത്യയിൽ തുടരുന്ന ഗ്രീൻ, ബൗളിങ് വർക്ക്‌ലോഡ് ക്രമേണ വർധിപ്പിക്കുന്ന പരിശീലനത്തിലാണ്. ഏകദേശം 10 മുതൽ 12 ദിവസത്തിനുള്ളിൽ അദ്ദേഹം വീണ്ടും ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ വിവരങ്ങൾ കൊൽക്കത്തയെ മുൻപേ അറിയിച്ചിരുന്നു'' ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വക്താവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates