മുംബൈ: ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കുളള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ടീമിലേക്ക് അവസരം പ്രതീക്ഷിച്ച് നിരവധി താരങ്ങൾ പുറത്തുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തഴയൽ പൃഥ്വി ഷായുടേതാണ്.
ഡൊമസ്റ്റിക്ക് ക്രിക്കറ്റിൽ അപാര ഫോമിൽ കളിക്കുന്ന ഷായെ ഇത്തവണയും പരിഗണിക്കാതിരുന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ബിസിസിഐ നടപടിയെ പരോക്ഷമായി തന്നെ ഷാ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ തഴയപ്പെട്ട ചില താരങ്ങളും സമാന രീതിയിൽ ബിസിസിഐക്കെതിരെ രംഗത്തെത്തി.
ഏകദിന, ടി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ രണ്ട് വിഭാഗത്തിലും സ്ഥാനം നേടി. ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ എന്നിവരാണ് ക്യാപ്റ്റൻമാർ.
പൃഥ്വി ഷായെ ഒരിക്കൽ കൂടി തഴഞ്ഞതാണ് അമ്പരപ്പിക്കുന്ന തീരുമാനം. നിലവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻറിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടും പൃഥ്വിയെ സെലക്ടർമാർ പരിഗിണിക്കാത്തതാണ് അമ്പരപ്പിക്കുന്നത്.
ഇതിനെതിരെ ഷിർദി സായ് ബാബയുടെ ചിത്രം പങ്കുവെച്ച് 'താങ്കൾ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു പൃഥ്വി പോസ്റ്റ് ചെയ്തത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്കായി പന്തറിഞ്ഞ ഉമേഷ് യാദവാണ് ഏറ്റവും രൂക്ഷമായ പ്രതികരണം നടത്തിയത്. 'നിങ്ങൾക്കെന്നെ വിഡ്ഢിയാക്കാൻ പറ്റും, പക്ഷെ ദൈവം എല്ലാം കാണുന്നുണ്ട്' ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഉമേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ദീപക് ചഹറിന് അപ്രതീക്ഷിതമായി പരിക്കേറ്റതോടെയാണ് ഉമേഷ് യാദവിന് വീണ്ടും അവസരം ലഭിച്ചത്. ഉമ്രാൻ മാലിക്കിനെപ്പോലുള്ള യുവ താരങ്ങളെ തഴഞ്ഞ് ഉമേഷിനെ ടീമിലേക്ക് തിരികെ വിളിച്ചതിനെതിരെ അന്ന് വിമർശനവുമുയർന്നിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ മാത്രം കളിപ്പിച്ച ശേഷം ഉമേഷിനെ ഒഴിവാക്കുകയും ചെയ്തു.
ന്യൂസിലൻഡ് പരമ്പരക്കുള്ള ടി20 ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രവി ബിഷ്ണോയിയും ടീം സെലക്ഷന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടു. തിരിച്ചടികളെക്കാൾ നല്ലത് തിരിച്ചു വരവാണ് എന്നായിരുന്നു ബിഷ്ണോയിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. കഴിഞ്ഞ വർഷം ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അരങ്ങേറിയ നിതീഷ് റാണയാകട്ടെ പിടിച്ചു നിൽക്കു, വേദനകൾ അവസാനിക്കുമെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates