

ലണ്ടന്‍: ഇതിഹാസ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും ആര്‍ അശ്വിനും ഫ്രാഞ്ചൈസി ഉടമകളാകുന്നു. യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗില്‍ സ്‌കോട്‌ലന്‍ഡ് ടീം ഉടമകളായാണ് ദ്രാവിഡും അശ്വിനും വരുന്നത്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി ഗ്ലാസ്‌ഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കാന്‍ ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യം സമ്മതമറിയിച്ചിട്ടുണ്ട്.
ഈ ടീമിന്റെ ഉടമസ്ഥരായാണ് ദ്രാവിഡും അശ്വിനും വരുന്നത്. ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശവും ഇന്ത്യന്‍ കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലെസി, ഹെന്റിച് ക്ലാസന്‍, ജോണ്ടി റോഡ്‌സ് എന്നിവരുള്‍പ്പെട്ട ദക്ഷിണാഫ്രിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘവും മറ്റൊരു ഫ്രാഞ്ചൈസി സ്വന്തമാക്കാനായി രംഗത്തുണ്ട്. ഈ മാസം അവസാനം ടീമുകളെ പ്രഖ്യാപിക്കും.
2003ല്‍ ഇംഗ്ലീഷ് ഏകദിന ടൂര്‍ണമെന്റില്‍ സ്‌കോട്‌ലന്‍ഡ് ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ദ്രാവിഡ്. നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ രണ്ടാം ഡിവിഷനില്‍ 11 ഏകദിനങ്ങള്‍ ദ്രാവിഡ് കളിച്ചിട്ടുണ്ട്. 3 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളുമടക്കം 600 റണ്‍സും ദ്രാവിഡ് ആ സമയത്ത് നേടിയിട്ടുണ്ട്. ദ്രാവിഡിന്റെ സ്‌കോട്‌ലന്‍ഡ് ബന്ധം ആ അര്‍ഥത്തില്‍ പുതിയതല്ലെന്നു സാരം.
2024ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച അശ്വിന്‍ കഴിഞ്ഞ വര്‍ഷം ഐപിഎല്ലും മതിയാക്കിയിരുന്നു. ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള താത്പര്യവും നേരത്തെ 39കാരനായ അശ്വിന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ടീം ഉടമയാകുന്നതിനൊപ്പം കളിക്കാനുള്ള അവസരം കൂടിയാണ് അശ്വിന്‍ തേടുന്നത്. അശ്വിന്‍ യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗ് കളിക്കാനിറങ്ങിയാല്‍ അതു ലീഗിന്റെ വളര്‍ച്ചയ്ക്കും ഗുണകരമാകും.
ഈയടുത്ത് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ടീം സിഡ്‌നി തണ്ടറുമായി അശ്വിന്‍ കരാറില്‍ എത്തിയിരുന്നു. കരാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായിരുന്നു അശ്വിന്‍. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ പരിശീലനം നടത്തുന്നതിനിടെ കാല്‍മുട്ടിനു പരിക്കേറ്റതിനാല്‍ താരത്തിനു ബിബിഎല്‍ കളിക്കാന്‍ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates