സ്പിന്നില്‍ തെറിച്ചത് ഒന്‍പത് വിക്കറ്റുകള്‍; ഇന്ത്യ 262ന് പുറത്ത്; ഓസീസിന്  ഒറ്റ റണ്‍ ലീഡ് 

വിരാട് കോഹ്‌ലി മികച്ച ബാറ്റിങുമായി കളം നിറയവെയാണ് അരങ്ങേറ്റക്കാരന്‍ മാത്യു കുന്നെമന്‍ ഇന്ത്യന്‍ മുന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്
അക്ഷർ- അശ്വിൻ സഖ്യം ബാറ്റിങിനിടെ/ പിടിഐ
അക്ഷർ- അശ്വിൻ സഖ്യം ബാറ്റിങിനിടെ/ പിടിഐ
Updated on: 
2 min read

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒറ്റ റണ്‍ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 262 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 263 റണ്‍സില്‍ തീര്‍ന്നിരുന്നു. ഓസീസ് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നതാന്‍ ലിയോണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ടോഡ് മര്‍ഫി, മാത്യു കുനെമന്‍ എന്നിവരും തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സ്വന്തമാക്കി. 

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസെന്ന നിലയിൽ. ആറ് റൺ‌സുമായി ഓപ്പണർ ഉസ്മാൻ ഖവാജ മടങ്ങി. ഖവാജയെ രവീന്ദ്ര ജഡേജയാണ് മടക്കിയത്. 23 റൺസുമായി ട്രാവിസ് ഹെഡ്ഡും ഒരു റണ്ണുമായി മർനെസ് ലബുഷെയ്നും ക്രീസിൽ. ഓസീസിന് ഇപ്പോൾ 31 റൺസ് ലീഡ്.

ഓസീസ് സ്പിന്നിന് മുന്നില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്ത് അക്ഷര്‍ പട്ടേല്‍- ആര്‍ അശ്വിന്‍ സഖ്യമാണ് ഇന്ത്യക്ക് തുണയായത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് അക്ഷര്‍- അശ്വിന്‍ സഖ്യം ക്രീസില്‍ ഒന്നിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടു. അശ്വിനെ മടക്കി കമ്മിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അധികം വൈകാതെ ഇന്ത്യന്‍ ഇന്നിങ്‌സിനും തിരശ്ശീല വീണു.

അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 74 റണ്‍സ് കണ്ടെത്തി. അശ്വിന്‍ 37 റണ്‍സുമായി മടങ്ങി.

മുഹമ്മദ് ഷമി രണ്ട് റണ്‍സില്‍ പുറത്തായി. മുഹമ്മദ് സിറാജ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

നേരത്തെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണിന്റെ സ്പിന്നിന് മുന്നിലാണ് പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് എന്നിവര്‍ നതാന്‍ ലിയോണിനു മുന്നില്‍ വീണു. 

വിരാട് കോഹ്‌ലി മികച്ച ബാറ്റിങുമായി കളം നിറയവെയാണ് അരങ്ങേറ്റക്കാരന്‍ മാത്യു കുന്നെമന്‍ ഇന്ത്യന്‍ മുന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. കോഹ്‌ലി 44 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 26 റണ്‍സുമായി മടങ്ങി. ശ്രീകര്‍ ഭരത് ഇത്തവണയും പരാജയമായി. താരം ആറ് റണ്‍സുമായി മടങ്ങി. 

സ്‌കോര്‍ 46 റണ്‍സ് നില്‍ക്കെ കെ എല്‍ രാഹുല്‍ 17 റണ്‍സില്‍ എല്‍ബിയില്‍ പുറത്തായി. തുടര്‍ന്ന് 32 റണ്‍സെടുത്ത് ക്യാപറ്റന്‍ രോഹിത് ശര്‍മയും പൂജ്യത്തിന് ചേതേശ്വര്‍ പൂജാരയും പുറത്തായി. 

ഇന്നലെ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സെടുത്ത് പുറത്തായ ഓസീസിനെതിരെ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലായിരുന്നു. നാല് വിക്കറ്റുകള്‍ നേടിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കുവച്ച സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുമാണ് ഓസീസിനെ ആദ്യ ദിനം എറിഞ്ഞിട്ടത്.  ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ ബാറ്റിങ്ങാണ് ഓസിട്രേലിയയ്ക്ക് തുണയായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 78.4 ഓവറില്‍ 263 റണ്‍സെടുത്ത് ഓള്‍ഔട്ട് ആയി. 125 പന്തില്‍ 81 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ ആണ് ടോപ് സ്‌റ്റോറര്‍. 168 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടമായ ഓസീസിനെ ഹാന്‍ഡ്‌കോംബ്കമ്മിന്‍സ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 15 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്തടുത്ത പന്തുകളില്‍ മാര്‍നസ് ലബുഷെയ്‌നിനെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കി അശ്വിന്‍ കംഗാരുക്കളെ ഞെട്ടിച്ചു. 

ലബുഷെയ്ന്‍ 18 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. ട്രാവിസ് ഹെഡ് 12 റണ്‍സെടുത്ത് പുറത്തായി. ഷമിക്കാണ് വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെയും അശ്വിന്‍ പുറത്താക്കി. ഓസീസ് ടോപ് സ്‌കോറര്‍ ഖവാജയെ രവീന്ദ്ര ജഡേജ രാഹുലിന്റെ കൈകളിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com