

ജയ്പുർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് നാണംകെട്ട തോൽവി. റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 172 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം വെറും 59 റൺസിൽ അവസാനിച്ചു. 10.3 ഓവറിൽ രാജസ്ഥാൻ ആയുധം വച്ച് കീഴടങ്ങി. ആർസിബിക്ക് 112 റൺസിന്റെ കൂറ്റൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് അടിച്ചെടുത്തു.
ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഈ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങുകയും ചെയ്തു.
ഷിമ്രോൺ ഹെറ്റ്മെയർ ഒഴികെ മറ്റൊരു താരവും പൊരുതാനുള്ള ആർജവം കാണിച്ചില്ല. 19 പന്തിൽ നാല് സിക്സും ഒരു ഫോറും സഹിതം ഹെറ്റ്മെയർ 35 റൺസെടുത്തു. പത്ത് റൺസെടുത്ത ജോ റൂട്ടാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ഇരുവരും ചേർന്ന് ബോർഡിൽ ചേർത്ത 45 റൺസ് മാറ്റിയാൽ ബാക്കി എട്ട് താരങ്ങൾ ചേർന്ന് കണ്ടെത്തിയത് വെറും 14 റൺസ് മാത്രം.
യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ എന്നിവർ പൂജ്യത്തിന് പുറത്തായി. ആർ അശ്വിൻ, കെഎം ആസിഫ് എന്നിവർ സംപൂജ്യർ. ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസുമായി മടങ്ങി. ഇംപാക്ട് പ്ലെയറായി എത്തിയ ദേവ്ദത്ത് പടിക്കലും നാല് റൺസിൽ പുറത്ത്. ധ്രുവ് ജുറേൽ ഒരു റണ്ണുമായും ആദം സാംപ രണ്ട് റണ്ണും എടുത്തു മടങ്ങി. സന്ദീപ് ശർ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
മൂന്നോവറിൽ പത്ത് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വെയ്ൻ പാരനൽ ആർസിബിക്ക് ജീവശ്വാസം പകർന്നു. കരൺ ശർമ, മിച്ചൽ ബ്രെയ്സ്‌വെൽ എന്നിവർ രണ്ട് വീതം വിക്കറ്റുകളും മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. രാജസ്ഥാന്റെ അവസാന മൂന്ന് വിക്കറ്റുകളും 59 റൺസിൽ തന്നെ വീണു.
നേരത്തെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്വെൽ എന്നിവർ നേടിയ അർധ ശതകത്തിന്റെ പിൻബലത്തിലാണ് പൊരുതാവുന്ന സ്‌കോറിൽ ആർസിബി എത്തിയത്. ഏഴാമനായി ക്രീസിലെത്തിയ അനുജ് റാവുത്തിന്റെ വെടിക്കെട്ടും അവരുടെ സ്‌കോർ ഈ നിലയ്‌ക്കെത്തിക്കുന്നതിൽ നിർണായകമായി.
44 പന്തുകൾ നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം ഡുപ്ലെസി 55 റൺസെടുത്തു. 33 പന്തിൽ 54 റൺസായിരുന്നു മാക്‌സ്‌വെൽ നേടിയത്. താരം അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി.
അനുജ് വെറും 11 പന്തിൽ 29 റൺസ് വാരി. മൂന്ന് ഫോറും രണ്ട് സിക്‌സും താരം പറത്തി. മലയാളി പേസർ കെഎം ആസിഫ് എറിഞ്ഞ അവസാന മൂന്ന് പന്തുകളിൽ താരം രണ്ട് സിക്‌സും ഒരു ഫോറും അടിച്ചു.
ഈ ഓവറിൽ തല്ല് കിട്ടിയെങ്കിലും മത്സരത്തിൽ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത് ആസിഫായിരുന്നു. ആർസിബി സ്‌കോർ 50 പിന്നിട്ടപ്പോൾ ഓപ്പണർ വിരാട് കോഹ്‌ലിയെ പുറത്താക്കി ആസിഫാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. കോഹ്‌ലി 18 റൺസുമായി മടങ്ങി.
പിന്നീട് അർധ സെഞ്ച്വറിയുമായി കുതിച്ച ഡുപ്ലെസിയേയും ആസിഫ് മടക്കി. മത്സരത്തിൽ താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ആദം സാംപ രാജസ്ഥാനായി മികവോടെ പന്തെറിഞ്ഞു. താരവും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സന്ദീപ് ശർമ ഒരു വിക്കറ്റെടുത്തു.
ബാംഗ്ലൂർ നിരയിൽ മഹിപാൽ ലോറോർ (1), ദിനേഷ് കാർത്തിക് (0) എന്നിവർ നിരാശപ്പെടുത്തി. കളി അവസാനിക്കുമ്പോൾ അനുജിനൊപ്പം ഒൻപത് റൺസുമായി മിച്ചൽ ബ്രെയ്‌സ്‌വെലും പുറത്താകാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates