'മെസിയെ പുകഴ്ത്തി, അതിനെന്താ തകരാറ്; മസ്റ്റന്റുവാനോ അര്‍ജന്റീനക്കാരനാണ്'
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പുതിയ കൗമാര വിസ്മയം അര്‍ജന്റീന മധ്യനിര താരം ഫ്രാങ്കോ മസ്റ്റന്റുവാനോയെ പ്രശംസിച്ച് പരിശീലകന്‍ ഷാബി അലോണ്‍സോ. താരം വളരെ പക്വതയുള്ള ആളാണെന്നു പരിശീലകന്‍ പറയുന്നു. അര്‍ജന്റീന ഇതിഹാസ താരവും റയലിന്റെ ബദ്ധ വൈരികളായ ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍ ദീര്‍ഘ നാള്‍ കളിക്കുകയും ചെയ്ത ലയണല്‍ മെസിയെ പുകഴ്ത്തി മസ്റ്റന്റുവാനോ സംസാരിച്ചത് പല റയല്‍ ആരാധകരേയും ചൊടിപ്പിച്ചിരുന്നു. അതിനിടെയാണ് പരിശീലകന്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
'ലയണല്‍ മെസി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കളിക്കാരനാകുന്നതില്‍ എന്താണ് തകരാറ്. അദ്ദേഹം അര്‍ജന്റീനയില്‍ നിന്നു വരുന്ന ആളാണ്. ഇടങ്കാല്‍ ഷോട്ടുകള്‍ എടുക്കുന്നതില്‍ മിടുക്കനുമാണ്. അതിനാല്‍ തന്നെ മസ്റ്റന്റുവാനോയുടെ മെസി ആരാധനയില്‍ വലിയ അതിശയം തോന്നേണ്ട കാര്യമൊന്നുമില്ല;- റയല്‍ ആരാധകരുടെ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഷാബി അലോണ്‍സോ വ്യക്തമാക്കി.
'ഞാന്‍ ആദ്യമായി മാസ്റ്റന്റുവാനോയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് 17 വയസായിരുന്നു. നല്ല ആത്മവിശ്വാസമുള്ള താരം. റയലിലേക്ക് വരുന്നതിന്റെ അങ്കലാപ്പൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇപ്പോള്‍ ടീമിലെത്തിയപ്പോഴും നല്ല പക്വത കാണിക്കുന്നു. പിച്ചിലും ഡ്രസിങ് റൂമിലും അദ്ദേഹം വേഗം തന്നെ ഇഴുകി ചേരുമെന്നു പ്രതീക്ഷിക്കാം.'
ഒസാസുനയ്‌ക്കെതിരായ ലാ ലിഗ സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ തന്നെ മസ്റ്റന്റുവാനോ ഇറങ്ങുമെന്നു ഷാബി അലോണ്‍സോ വ്യക്തമാക്കി. ടീമിനു താരം വലിയ മുതല്‍ക്കൂട്ടായിരിക്കും. പ്രതിബദ്ധതയുള്ള താരമാണ്. സാങ്കേതിക മികവും സമര്‍ഥമായി കളി വ്യഖ്യാനിക്കാനുള്ള വൈഭവവുമുണ്ട്. അദ്ദേഹത്തെ ശരിയായ പാതയില്‍ നയിക്കേണ്ട ബാധ്യത മാത്രമേ തനിക്കുള്ളുവെന്നും ഷാബി അലോണ്‍സോ വ്യക്തമാക്കി.
18 കാരനായ മസ്റ്റന്റുവാനോ റയലുമായി ആറ് വര്‍ഷത്തെ കരാറിലാണ് ഒപ്പ് വച്ചത്. റയലിലേക്ക് എത്തിയ ശേഷം നടത്തിയ അഭിമുഖത്തിലാണ് താരം നാട്ടുകാരനും ഇതിഹാസവുമായ മെസിയ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നു താരം വിശേഷിപ്പിച്ചത്. റിവര്‍പ്ലേറ്റില്‍ നിന്നാണ് മസ്റ്റന്റുവാനോ റയല്‍ ജേഴ്‌സിയിലേക്ക് എത്തുന്നത്.
Franco Mastantuono: Real Madrid coach Xabi Alonso has praised the maturity of teenager newcomer Franco Mastantuono and downplayed the player's choice of former Barcelona superstar Lionel Messi as the world's best player.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


