

മുംബൈ: ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ വിവാദ പരാമർശം നടത്തിയ ബോളിവുഡ് നടി ഖുഷി മുഖർജിക്കെതിരെ നിയമ നടപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസൻ അൻസാരി. 100 കോടി രൂപയുടെ അപകീർത്തി കേസാണ് ഖുഷിക്കെതിരെ ഫൈസൻ ഫയൽ ചെയ്തത്.
ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാദവ് ഒരുപാട് മെസേജുകൾ അയക്കാറുണ്ടെന്നു ഖുഷി അവകാശപ്പെട്ടത്. ഒരു ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാൻ താത്പര്യമില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ നടിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായതോടെ സൂര്യയുമായി ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമാണെന്നു പറഞ്ഞു ഖുഷി തടിയൂരി. ഇതിനെതിരെയാണ് ഇപ്പോൾ നിയമ നടപടി വന്നിരിക്കുന്നത്.
നടിയുടെ അവകാശവാദങ്ങൾ വ്യാജവും സൂര്യയെ അപകീർത്തിപ്പെടുത്തുക ലക്ഷ്യം വച്ചുള്ളതും മാത്രമാണെന്നു ഫൈസൻ അൻസാരി ഖാസിപുർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം ഖുഷിയുടെ വെളിപ്പെടുത്തലിൽ സൂര്യകുമാർ യാദവ് ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
ഖുഷി മുഖർജിക്കെതിരെ എത്രയും പെട്ടെന്നു എഫ്ഐആർ രജിസ്റ്റർ ചെയ്യണം. അതാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നു ഫൈസൻ പറഞ്ഞു. ഈ വിഷയം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തണം. അതാണ് തന്റെ ഉത്തരവാദിത്വം. നീതി ലഭിക്കണമെന്നാണ് ആവശ്യം. അതിനായി ഏതറ്റം വരേയും പോകും. ഫൈസൻ മാധ്യമങ്ങളോടു വ്യക്തമാക്കി.
ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സൂര്യകുമാർ യാദവ്. ലോകകപ്പിനു മുന്നോടിയായി ന്യൂസിലൻഡുമായി ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഈ മാസം 21 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates