

ലഖ്നൗ: ഇടവേളയ്ക്കു ശേഷം തുടങ്ങിയ ഐപില്ലിലെ നിർണായക പോരാട്ടത്തിലും ഋഷഭ് പന്തിന്റെ ബാറ്റിങ് പരാജയം കണ്ട് ദേഷ്യപ്പെട്ട് ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. പന്ത് പുറത്തായതിനു പിന്നാലെ ഗോയങ്ക ഗാലറിയിലെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ് തിരിഞ്ഞു നടക്കുന്നതിന്റെ വിഡിയോയും പുറത്തു വന്നു. അതേസമയം ഗോയങ്കയുടെ ഈ പ്രവൃത്തിയെ വിമർശിച്ചും ചിലർ രംഗത്തെത്തി.
നിർണായക പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് പന്ത് വെറും 7 റൺസെടുത്ത് മടങ്ങിയത്. ആറ് പന്തുകൾ നേരിട്ടാണ് താരം ശ്രീലങ്കൻ ബൗളർ ഇഷാൻ മലിംഗയ്ക്കു പിടി നൽകി മടങ്ങിയത്. പിന്നാലെയാണ് ഗോയങ്ക ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ് പോയത്. നേരത്തെയും പന്തുമായി ഗോയങ്ക തർക്കിച്ചിട്ടുണ്ട്. താരത്തിന്റെ മോശം പ്രകടനത്തിൽ ആരാധകരും അതൃപ്തരാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോർഡുമായി ഈ സീസണിൽ 27 കോടിയ്ക്കാണ് പന്ത് എൽഎസ്ജിയിൽ എത്തിയത്.
ഹൈദരാബാദിനെതിരെ പന്ത് പരാജയപ്പെട്ടെങ്കിലും ഓപ്പണർമാരായ എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ എന്നിവരുടെ മികവിൽ എൽഎസ്ജി മികച്ച സ്കോർ പടുത്തുയർത്തി. 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് അവർ നേടിയത്. പ്ലേ ഓഫിലെത്താൻ ലഖ്നൗവിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates