ഹിറ്റ്മാന്റെ ക്രിക്കറ്റ് കരിയറിന് തിരശ്ശീല വീഴുന്നു? ലോര്‍ഡ്‌സിലെ ഏകദിനം അവസാനത്തേതെന്ന് സൂചന

ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഏക താരമാണ് രോഹിത് ശര്‍മ
rohit sharma
രോഹിത് ശര്‍മBCCI
Updated on
2 min read

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനം പുരോഗമിക്കുന്നതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു യുഗത്തിന് സമാപ്തിയാകുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഏകദിന കരിയറിന് ഇംഗ്ലണ്ട് പരമ്പരയോടെ വിരാമമാകുമെന്നാണ് സൂചന. ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ഏകദിന മത്സരം ഹിറ്റ്മാന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായി മാറിയേക്കും.

ഭാവി മുന്നില്‍ക്കണ്ട് ടീം പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ഇക്കാര്യം രോഹിത്തിനെ അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ വാര്‍ത്തെടുക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. യശസ്വി ജയ്സ്വാളിനെപ്പോലെയുള്ള യുവതാരങ്ങളെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. കായികക്ഷമത നിലനിര്‍ത്തി ഏകദിനത്തില്‍ തുടരാന്‍ രോഹിത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, യുവതലമുറയ്ക്കായി വഴിമാറേണ്ട സമയമായെന്ന് സെലക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. അന്തിമ തീരുമാനം രോഹിതിന് വിട്ടിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും യഥാക്രമം 11, 26 എന്നിങ്ങനെയാണ് രോഹിതിന് നേടാനായത്. അവസാന എട്ട് ഏകദിനങ്ങളില്‍ നിന്ന് 30.1 ശരാശരിയില്‍ 241 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മെന്റല്‍ ക്ലാരിറ്റിയുടെ അഭാവവും ഫോമില്ലായ്മയും രോഹിതിന്റെ സമീപകാല ബാറ്റിങ്ങില്‍ പ്രകടമായിരുന്നു. രോഹിതും വിരാട് കോഹ്ലിയും ടീമിന്റെ നട്ടെല്ലാണെന്നും അവര്‍ ടീമില്‍ അവിഭാജ്യ ഘടകമാണെന്നും ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് രോഹിതിനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

rohit sharma
രോഹിത് ശര്‍മBCCI

2024 ജൂണില്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ശേഷം രോഹിത് ടി20യില്‍ നിന്നും, 2025 മേയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി. 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചതും 2025ല്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതും രോഹിതിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ലോര്‍ഡ്‌സിലെ മൂന്നാം ഏകദിനം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇതിഹാസങ്ങളില്‍ ഒരാളുടെ പടിയിറക്കത്തിന് വേദിയാകുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

പകരക്കാരില്ലാത്ത ഹിറ്റ്മാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലും ക്യാപ്റ്റന്‍മാരിലും ഒരാളായ രോഹിത് ശര്‍മ, ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഏക താരമാണ്. ശ്രീലങ്കയ്ക്കെതിരെ നേടിയ 264 റണ്‍സാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (7 എണ്ണം) നേടിയ താരം. കൂടാതെ 2019 ലോകകപ്പില്‍ മാത്രം 5 സെഞ്ചുറികള്‍ നേടി അദ്ദേഹം റെക്കോര്‍ഡിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ടി20) ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ റെക്കോര്‍ഡ് രോഹിത് ശര്‍മ്മയുടെ പേരിലാണ്.

ഒരു കളിക്കാരനെന്ന നിലയില്‍ 2007ലെ ടി20 ലോകകപ്പും, ക്യാപ്റ്റന്‍ എന്ന നിലയില്‍ 2024ലെ ടി20 ലോകകപ്പും ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ 5 സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്ററാണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച് 5 തവണ കിരീടം നേടിക്കൊടുത്തു. കായികരംഗത്തെ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന' പുരസ്‌കാരവും (2020), അര്‍ജുന അവാര്‍ഡും (2015) നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

rohit sharma
99 റണ്‍സെടുത്ത് ജോ റൂട്ട്; ഇന്ത്യക്ക് തോല്‍വി; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം
rohit sharma
അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ
rohit sharma
ആരാധകരേ, അറിയേണ്ടതെല്ലാം '5' മിനിറ്റിൽ; 'ലോകകപ്പ് ഫൈനൽ ​ഗൈഡ്!'
Summary

Rohit Sharma's ODI Career Nears End As BCCI Plans For Future

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com