

മുംബൈ: അന്തരിച്ച വിഖ്യാത ഗായിക ആശാ ഭോസ്‍ലെയെ അനുസ്മരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‍ലി, ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അടക്കമുള്ളവർ ഇതിഹാസ ഗായികയ്ക്ക് അക്ഷരങ്ങൾ കൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു.
സച്ചിൻ ടെണ്ടുൽക്കർ
'ഇന്ത്യയ്ക്കും ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കും ഇത് അങ്ങേയറ്റം ദുഃഖകരമായ ദിവസമാണ്. ഞങ്ങൾക്ക് ആശാ തായ് ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. ഇന്ന് അനുഭവപ്പെടുന്ന ഈ വലിയ നഷ്ടത്തിന് മുന്നിൽ വാക്കുകൾ നിസാരമായി തോന്നുന്നു. ഒരു നിമിഷം ഹൃദയം നിശബ്ദമാവുകയും, തൊട്ടടുത്ത നിമിഷം അവർ നമുക്ക് സമ്മാനിച്ച എണ്ണമറ്റ മനോഹരമായ ഈണങ്ങളിലൂടെ അത് സഞ്ചരിക്കുകയും ചെയ്യുന്നു. സമയം തന്നെ നിലച്ചുപോയതുപോലെ തോന്നുന്നു. എങ്കിലും, തന്റെ നിത്യഹരിത ഗാനങ്ങളിലൂടെ അവർ എന്നും അനശ്വരയായി നിലകൊള്ളും.'
വിരാട് കോഹ്‍ലി
'ആശാ ഭോസ്‌ലെ ജിക്ക് നിത്യശാന്തി നേരുന്നു. നിങ്ങളുടെ ശബ്ദം ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ചു. അത് ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും. ഓം ശാന്തി.'
ഗൗതം ഗംഭീർ
'ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നു.'
ഇന്ത്യന്‍ സംഗീത രംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ 92ാം വയസിലാണ് ലോകത്തോടു വിട ചൊല്ലിയത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു.
പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി ബർമൻ, ആർഡി ബർമൻ, നൗഷാദ്, ഇളയരാജ, എആർ റഹ്മാൻ, ജയ്‌ദേവ്, ശങ്കർ– ജയ്കിഷൻ, നനൌ അനുമാലിക്ക് തുടങ്ങി ബോളിവുഡ് ലോകത്തെ പ്രശസ്തരായ നിരവധി സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates