ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വീകരിച്ച സമീപനത്തിനെതിരെ പാക് നായകന്‍ സല്‍മാന്‍ ആഗ. ഹസ്തദാനം ചെയ്യാത്തതിലൂടെ ക്രിക്കറ്റിനെയാണ് ഇന്ത്യന്‍ ടീം അപമാനിക്കുന്നതെന്നും നടപടി നിരാശാജനകമാണെന്നും ആഗ പറഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റാണ് കിരീടം സമ്മാനിക്കേണ്ടതെന്നും അത് സ്വീകരിക്കാതിരുന്നാല്‍ എങ്ങനെ കിരീടം ലഭിക്കുമെന്നും പാക് നായകന്‍ ചോദിച്ചു.
ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ചെയ്തത് വളരെ നിരാശാജനകമാണ്. ഹസ്തദാനം ചെയ്യാത്തതിലൂടെ അവര്‍ ഞങ്ങളെയല്ല, ക്രിക്കറ്റിനെയാണ് അപമാനിക്കുന്നത്. നല്ല ടീമുകളൊന്നും ഇങ്ങനെ ചെയ്യില്ല. ഞങ്ങളുടെ കടമകള്‍ നിറവേറ്റാനായി ഞങ്ങള്‍ തനിച്ചാണ് ട്രോഫിയുമായി പോസ് ചെയ്യാന്‍ പോയത്. ഞങ്ങള്‍ അവിടെ നിന്ന് മെഡലുകള്‍ വാങ്ങി. ഞാന്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അവര്‍ അനാദരവ് കാണിച്ചു, ആഗ പറഞ്ഞു.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് സ്വകാര്യമായി ഹസ്തദാനം നല്‍കിയിരുന്നതായും ആഗ വെളിപ്പെടുത്തി. ടൂര്‍ണമെന്റിന് മുമ്പുള്ള പത്രസമ്മേളനത്തിലും റഫറിയുടെ മീറ്റിങ്ങില്‍ വെച്ച് കണ്ടപ്പോഴും ഹസ്തദാനം നല്‍കി. എന്നാല്‍ കാമറകള്‍ക്കു മുന്നില്‍ ലോകം കാണ്‍കെ അവര്‍ ഞങ്ങള്‍ക്ക് ഹസ്തദാനം നല്‍കുന്നില്ല. അദ്ദേഹത്തിന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അത് അയാളുടെ തീരുമാനമായിരുന്നെങ്കില്‍ എനിക്ക് ഹസ്തദാനം നല്‍കുമായിരുന്നുവെന്നും ആഗ കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെയൊന്ന് സംഭവിക്കുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത്. ഈ ടൂര്‍ണമെന്റില്‍ സംഭവിച്ചതെല്ലാം വളരെ മോശമായിരുന്നു. അത് എവിടെയെങ്കിലും അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇത് ക്രിക്കറ്റിന് നല്ലതല്ല. ഇന്ന് നടന്നത് മുമ്പ് സംഭവിച്ച കാര്യങ്ങളുടെ അനന്തരഫലമാണ്. തീര്‍ച്ചയായും എസിസി പ്രസിഡന്റ് വിജയികള്‍ക്ക് ട്രോഫി നല്‍കും. നിങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങിയില്ലെങ്കില്‍, നിങ്ങള്‍ക്ക് അതെങ്ങനെ ലഭിക്കും? ആഗ ചോദിച്ചു.
ഏഷ്യാകപ്പിന്റെ തുടക്കം മുതലുള്ള വിവാദം സമ്മാനദാനചടങ്ങിലേക്കും നീണ്ടിരുന്നു. പാകിസ്ഥാന്‍കാരനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചു. കിരീടവും മെഡലും സ്വീകരിക്കാതെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ വിജയം ആഘോഷിച്ചത്. പാകിസ്ഥാനെതിരായ ആദ്യമത്സരത്തില്‍ ടോസ് സമയത്ത് സൂര്യകുമാര്‍ യാദവ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗക്ക് കൈകൊടുത്തിരുന്നില്ല. ഇത് മൂന്ന് മത്സരങ്ങളിലും ആവര്‍ത്തിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം ഈ നിലപാട് സ്വീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates