വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്– എടികെ മോഹൻ ബഗാൻ മത്സരത്തിനു ശേഷം ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകൾക്കൊപ്പം’ എന്ന വിവാദ പരാമർശത്തിലൂടെ പുലിവാലു പിടിച്ച സന്ദേശ് ജിങ്കൻ മാപ്പ് പറഞ്ഞ് രംഗത്ത്. അഭിപ്രായ പ്രകടനം സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത വിമർശനം ജിങ്കന് നേരിടേണ്ടി വന്നത്. സംഭവത്തിൽ തെറ്റുപറ്റിയെന്ന് അംഗീകരിച്ചപ്പോഴും താരം ക്ഷമാപണം നടത്തിയിരുന്നില്ല.
പിന്നാലെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ജിങ്കനെ അൺഫോളോ ചെയ്തടക്കം പ്രതിഷേധിച്ചു. പ്രതിഷേധം ഒരു ദിവസം കഴിഞ്ഞതിനു പിന്നാലെ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. 20,000ൽ അധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടാണ് അപ്രത്യക്ഷമായത്.
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് താരം മാപ്പ് പറഞ്ഞുള്ള വീഡിയോയുമായി രംഗത്തെത്തിയത്. ഞായറാഴ്ച ട്വിറ്ററിലൂടെ ഒന്നിലധികം ട്വീറ്റുകളിലൂടെ മാപ്പ് പറഞ്ഞ ജിങ്കൻ തിങ്കളാഴ്ച രാത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ സന്ദേശത്തിലാണ് തെറ്റു പറ്റിയെന്നും മാപ്പ് പറയുന്നുവെന്നും വീണ്ടും വ്യക്തമാക്കിയത്.
'കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചുവെന്ന് എനിക്കറിയാം. എൻറെ ഭാഗത്തു നിന്നു വന്ന ഒരു പിഴവായിരുന്നു ആ പരാമർശം. പിന്നീട് ഇരുന്ന് ആലോചിച്ചപ്പോഴാണ് എൻറെ ഭാഗത്തു നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പിഴവാണ് അതെന്ന് തിരിച്ചറിഞ്ഞത്. മത്സരച്ചൂടിൻറെ ഭാഗമായാണ് അത്തരമൊരു പരാമർശം നടത്തിയത്. അത് തെറ്റാണെന്ന് ഇപ്പോൾ ഉൾക്കൊള്ളുന്നു.'
'വിഷയത്തിൽ ആത്മാർത്ഥമായി മാപ്പ് പറയുന്നു. അത്തരമൊരു പരാമർശത്തിലൂടെ എന്നെ പിന്തുണക്കുന്നവരെയും എൻറെ കുടുംബാംഗങ്ങളെയും ഞാൻ നിരാശരാക്കി. അതിൽ എനിക്ക് ഖേദമുണ്ട്. സംഭവിച്ച കാര്യം ഇനി ഒരിക്കലും മായ്ച്ചു കളയാനാവില്ല. പക്ഷെ ഇതിൽ നിന്ന് ഞാനൊരു പാഠം പഠിക്കുന്നു. നല്ലൊരു മനുഷ്യനാവാനും മികച്ച പ്രൊഫഷണലാവാനും മറ്റുള്ളവർക്ക് മാതൃകയാകാനുമായിരിക്കും ഇനി എൻറെ ശ്രമം.'
'എന്റെ നാക്കു പിഴയുടെ പേരിൽ കുടുംബാഗങ്ങൾക്ക് നേരെയും പ്രത്യേകിച്ച് ഭാര്യക്കു നേരെയും വിദ്വേഷ പ്രചാരണങ്ങൾ വരെ നടന്നു. എൻറെ പരാമർശം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കാം. പക്ഷെ അതിൻറെ പേരിൽ എന്നെയും എൻറെ കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിർത്താൻ നിങ്ങളോട് ഞാൻ അപേക്ഷിക്കുകയാണ്.'
'അവസാനമായി ഒരിക്കൽ കൂടി ആത്മാർത്ഥമായി മാപ്പ് പറയുന്നു. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് നല്ലൊരു മനുഷ്യനാണ് ഇനി എൻറെ ശ്രമം'- ജിങ്കൻ വീഡിയോയിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates