ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചു പണി നടത്തുമെന്ന് റിപ്പോർട്ടുകൾ. ടോപ് ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വലം കയ്യൻ ബാറ്ററെ ടീം ഉൾപ്പെടുത്തിയേക്കും. മോശം ഫോം തുടരുന്ന റിങ്കു സിങ്ങിനെയും ടീം ബെഞ്ചിലിരുത്താനാണ് ആലോചിക്കുന്നത്.
ടോപ് ഓർഡറിൽ മാറ്റം വരുത്തിയാൽ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ തിരികെ കൊണ്ട് വരും. ഓപ്പണറായി സഞ്ജു വരുന്നതോടെ റൈറ്റ് ഹാൻഡ് ബാറ്റർ എന്ന നിലയിലുള്ള ആനുകൂല്യം താരത്തിന് ലഭിക്കുമെന്നാണ് ടീം വിലിരുത്തുന്നത്. അഭിഷേക് ശർമയ്ക്ക് ഫോം കണ്ടെത്താൻ കഴിയാതെ പോകുന്നതും തിലക് വർമയുടെ മെല്ലെപ്പോക്കും ടീമിനെ വല്ലാതെ വലക്കുന്നുണ്ട്. ഈ അവസരത്തിലാണ് ടോപ് ഓർഡറിൽ മാറ്റം വരുത്തുമെന്നുള്ള സൂചന അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെ നൽകുന്നത്.
റിങ്കു സിങ്ങിനെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ ഈ പ്രശ്‌നം വളരെയെളുപ്പം പരിഹരിക്കാൻ കഴിയും. ഓപ്പണിങിൽ സഞ്ജു എത്തുമ്പോൾ ഇഷാൻ കിഷനോ അല്ലെങ്കിൽ അഭിഷേകോ മൂന്നാം നമ്പറിൽ കളത്തിലിറങ്ങണം.
അത് അനുസരിച്ചു ബാക്കിയുള്ളവരുടെയും ബാറ്റിങ് ഓർഡറിൽ മാറ്റം വരും. ഇതിലൂടെ ഇടം കയ്യൻ ബാറ്റർമാരെ അതിവേഗം പുറത്താക്കാൻ സഹായിക്കുന്ന സ്പിൻ തന്ത്രത്തിന് തടയിടാൻ ഇന്ത്യക്ക് കഴിയും. ഈ മാസം 26ന് സിംബാബ്‌വെക്കെതിരെ ചെന്നൈയിലാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates