രാജസ്ഥാന്‍ റോയല്‍സുമായി ഭിന്നത?, സഞ്ജു ഇന്ന് കളിക്കുമോ?; പ്രതികരിച്ച് രാഹുല്‍ ദ്രാവിഡ്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഫ്രാഞ്ചൈസിയും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്
Sanju Samson- rahul dravid
സഞ്ജു സാംസൺ രാഹുൽ ദ്രാവിഡിനൊപ്പംഎഎൻ‌ഐ
Updated on
1 min read

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഫ്രാഞ്ചൈസിയും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരത്തിന് മുന്നോടിയായാണ് ദ്രാവിഡിന്റെ പ്രതികരണം. പ്ലേഓഫിലെത്താനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ടീമിലെ അംഗങ്ങള്‍ ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും ദ്രാവിഡ് ഉറപ്പുനല്‍കി.

ദ്രാവിഡ് മറ്റ് കളിക്കാരുമായും സപ്പോര്‍ട്ട് സ്റ്റാഫുമായും ആശയവിനിമയം നടത്തുമ്പോള്‍ സഞ്ജു സാംസണ്‍ വിട്ടുനില്‍ക്കുന്നതായി ഓണ്‍ലൈനില്‍ വിഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഭിന്നത ഉണ്ട് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉടലെടുത്തത്. ഇത് സാംസണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും കാരണമായി. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ തള്ളി ദ്രാവിഡ് രംഗത്ത് വന്നത്.

'ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. സഞ്ജുവും ഞാനും ഒത്തൊരുമയോടെയാണ് മുന്നോട്ടുപോകുന്നത്. അദ്ദേഹം ഞങ്ങളുടെ ടീമിന്റെ വളരെ അവിഭാജ്യ ഘടകമാണ്. ഓരോ തീരുമാനത്തിലും ചര്‍ച്ചയിലും അദ്ദേഹം പങ്കാളിയാണ്.'-ദ്രാവിഡ് പറഞ്ഞു.

സമീപകാല തിരിച്ചടികള്‍ക്കിടയിലും ടീമിന്റെ മനോവീര്യവും കളിക്കാര്‍ നടത്തുന്ന പരിശ്രമവും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ എടുത്തുപറഞ്ഞു. 'ചിലപ്പോള്‍, മത്സരം തോല്‍ക്കുകയും കാര്യങ്ങള്‍ ശരിയായി നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍, വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. പ്രകടനം മെച്ചപ്പെടുത്തുന്നതിനെ ഗൗരവമായി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ ഈ അടിസ്ഥാനരഹിതമായ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല,' - ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

'ടീമിന്റെ ആവേശം ശരിക്കും നല്ലതാണ്. കളിക്കാര്‍ കഠിനാധ്വാനം ചെയ്യുന്നതില്‍ ഞാന്‍ തൃപ്തനാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് എത്രമാത്രം വേദന അനുഭവപ്പെടുന്നു എന്നത് ആളുകള്‍ക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ്.' - ദ്രാവിഡ് ഓര്‍മ്മിപ്പിച്ചു.

അതേസമയം ലഖ്‌നൗവിനെതിരായി ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സാംസണിന് പരിക്ക് പറ്റിയിരുന്നു. 19 പന്തില്‍ 31 റണ്‍സുമായി നില്‍ക്കുമ്പോള്‍ പരിക്കിനെ തുടര്‍ന്ന് താരം കളം വിടുകയായിരുന്നു.

''സഞ്ജുവിന് വയറുവേദന അനുഭവപ്പെട്ടു. അതിനാല്‍ ഞങ്ങള്‍ സ്‌കാനിംഗിന് പോയി, അദ്ദേഹം ഇന്ന് ചില സ്‌കാനുകള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കൂടുതല്‍ വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ അതിനനസരിച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോകും'- ദ്രാവിഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com