

ചെന്നൈ: ടി20 ലോകകപ്പിനു മുൻപ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഫോം ഔട്ടായതും ലോകകപ്പിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ നിന്നു സ്ഥാനം നഷ്ടമായപ്പോൾ ഉണ്ടായ മാനസിക അവസ്ഥയെക്കുറിച്ചും തുറന്നു പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഫോം ഔട്ട് കാലത്തെക്കുറിച്ച് സഞ്ജു മുൻ താരം അഭിനവ് മുകുന്ദുമായി സംസാരിക്കുന്നത്.
ഇഷാൻ കിഷന്റെ വരവും താരം മിന്നും ഫോമിൽ ബാറ്റ് വീശുന്നതും ഡഗൗട്ടിലിരുന്നു കാണേണ്ടി വന്നതും തന്നെ വലിയ സമ്മർദ്ദത്തിലാക്കിയെന്നു സഞ്ജു പറയുന്നു. കരിയറിലുടനീളം ഒട്ടേറെ സമ്മർദ്ദങ്ങളെ അതിജീവിച്ചിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത സങ്കീർണത ഇഷാന്റെ വരവോടെ താൻ അനുഭവിച്ചെന്നു സഞ്ജു പറയുന്നു. ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന ഭയം വന്നതോടെ തിരിച്ചു വരവിനുള്ള പ്രതീക്ഷകൾ അസ്തമിച്ചെന്നും സഞ്ജു പറയുന്നു.
'ആദ്യ രണ്ട് മത്സരങ്ങളിലും ടീമിൽ അവസരം കിട്ടാതെ വന്നതോടെ ഞാൻ സമ്മർദ്ദത്തിലായി. എന്റെ ജീവിതത്തിൽ ഒരിക്കലും അത്തരമൊരു സമ്മർദ്ദം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. സത്യം പറഞ്ഞാൽ എനിക്ക് അതിൽ നിന്നു പുറത്തു കടക്കാൻ സാധിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തെ ഇടവേളകൾ, പരിശീലനം, മത്സരം അതു മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. മറുവശത്ത് ഇഷാൻ എവിടെ നിന്നോ പെട്ടെന്നു ടീമിലേക്ക് വന്നു. അവന് അർഹതയുണ്ടെന്നു എനിക്കറിയാമായിരുന്നു. അവന് മികച്ചൊരു മുഷ്താഖ് അലി ടൂർണമെന്റുണ്ടായിരുന്നു. ഝാർഖണ്ഡിനായി ചാംപ്യൻഷിപ്പ് നേടിയാണ് അവൻ ടീമിലേക്ക് വന്നത്.'
'പക്ഷേ നമ്മൾ നമ്മളെതന്നെയാണ് നോക്കുന്നത്. അല്ലേ? ഞാൻ കഠിനാധ്വാനം ഒരുപാട് ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്നാൽ ഇഷാനും കഴിഞ്ഞ രണ്ട് വർഷമായി അവനു സംഭവിച്ച കാര്യങ്ങളാൽ സിസ്റ്റത്തിനു പുറത്തായിരുന്നു. അവൻ ആഭ്യന്തര ക്രിക്കറ്റിൽ കഠിനാധ്വാനം ചെയ്തു. അവൻ എവിടെ എത്താൻ ആഗ്രഹിച്ചോ അവിടെ എത്തി. അവൻ റൺസ് സ്കോർ ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ, സത്യസന്ധമായി പറഞ്ഞാൽ അവൻ എന്റെ സ്ഥാനത്തേക്ക് വരികയാണെന്നു എനിക്ക് തോന്നി. നമ്മൾക്ക് അതു തോന്നും, അങ്ങനെ തോന്നിയിരിക്കണം. ഇക്കാര്യം ക്യാമറയ്ക്കു മുന്നിൽ എനിക്കു സമ്മതിക്കാൻ സാധിക്കും.'
'തിരുവനന്തപുരത്ത് അവൻ 100 റൺസ് നേടിയപ്പോൾ ഞാൻ സ്വയം പറഞ്ഞു, സഞ്ജു ഇനി കാര്യങ്ങളെല്ലാം അയാൾക്കു വിട്ടുകൊടുക്കു ബോസ്. നിങ്ങളേക്കാൾ അർഹത അവനുണ്ട്. നിങ്ങൾക്ക് അവസരങ്ങൾ കിട്ടി പക്ഷേ റൺസ് നേടിയില്ല. എന്നാൽ അതിശയിപ്പിക്കുന്ന ഫോമിൽ മറ്റൊരാൾ അവിടെയുണ്ട്. അവൻ മുഷ്താഖ് അലി ടൂർണമെന്റിൽ നിന്നു വന്നതാണ്. ഇവിടെയെത്താൻ അവൻ അധ്വാനിച്ചു. ലോകകപ്പിനു തൊട്ടു മുൻപ് സെഞ്ച്വറിയും നേടി. സഞ്ജു ഇനി നീ അതു വിട്ടേക്കു എന്നാണ് ഞാൻ കരുതിയത്.'
ന്യൂസിലൻഡിനതിരായ പരമ്പരയിലെ ഫോം ഔട്ട്
'സ്വപ്ന നേട്ടത്തിനു അടുത്തെത്തുമ്പോൾ നമ്മൾ സാധാരണ രീതികളിൽ നിന്നു പുറത്തു കടക്കും. അതാണ് തോന്നിയത്. ദക്ഷിണാഫ്രിക്കയിൽ ഞാൻ ഒരു മത്സരം കളിച്ചു ഞാൻ റൺസ് നേടി. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നു. എത്രയോ വർഷമായി ഞാൻ അതു ചെയ്യുന്നുണ്ട്. എന്നാൽ എന്റെ ഉള്ളിൽ നിന്നു മറ്റെന്തോ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. എനിക്ക് കുറെ വർഷമായി ഒരു സ്വപ്നമുണ്ട്. ആ സ്വപ്നം ഇപ്പോൾ വളരെ അടുത്താണ്. അതിനായി ഇപ്പോൾ കഠിനായി പരിശ്രമിക്കണം. ഇപ്പാഴാണ് സമയം. സവിശേഷമായി എന്തെങ്കിലും ഇപ്പോൾ ചെയ്യണം. ഇത്രയും വർഷമായി നിങ്ങൾ കാത്തിരുന്ന ആ നിമിഷം ഇതാണ്.'
'ആ സവിശേഷമായ ഒന്ന് എന്നെ സാധാരണ സഞ്ജു സാംസണിൽ നിന്നു പുറത്തെത്തിച്ചു. ന്യൂസിലൻഡ് പരമ്പരയിൽ മികവ് പുറത്തെടുക്കാനും ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാനും ഞാൻ ഇനിയും പരിശ്രമിക്കേണ്ടതുണ്ടെന്നു മനസിലായി. അതെന്നെ ശരിക്കും അൽപ്പം നിരാശനാക്കി. അതോടെ ഞാൻ ഒരു ദിവസം രണ്ട്, മൂന്ന് മണിക്കൂർ വരെ ബാറ്റിങ് പരിശീലനം നടത്തി. നമ്മൾ ഇത്രയധികം പരിശ്രമിക്കുന്നു. അപ്പോൾ വ്യക്തിപരമായി പ്രതീക്ഷകളും ഉയരുന്നു. എന്നാൽ എന്റെ പ്രതീക്ഷകൾ വ്യത്യസ്തമായിരുന്നു. സ്വന്തം ജീവിതത്തിൽ ഞാൻ നേടിയെടുക്കാൻ ആഗ്രഹിക്കുന്നതിന്റെ ഒപ്പമെത്താൻ മറ്റാർക്കും സാധിക്കില്ല. അപ്പോൾ പ്രതീക്ഷകൾ അൽപ്പം കൂടിപ്പോയോ എന്നൊരു ചിന്തയും ആ സമയത്ത് എനിക്കുണ്ടായി'- സഞ്ജു വ്യക്തമാക്കി.
ലോകകപ്പിനു മുന്നോടിയായി നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അഞ്ച് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ സ്ഥാനത്തു നിന്നു താരം അതോടെ പുറത്തായി. 10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ സഞ്ജുവിന്റെ സ്കോറുകൾ. മറുഭാഗത്ത് രണ്ടാം വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്തിയ ഇഷാൻ ഈ പരമ്പരയിൽ സെഞ്ച്വറിയടക്കം നേടി മിന്നും ഫോമിൽ കളിച്ചതോടെയാണ് സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ വഴിയടഞ്ഞത്.
ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ സഞ്ജു കാഴ്ചക്കാരൻ മാത്രമായിരുന്നു. പിന്നീട് അഭിഷേക് ശർമയ്ക്കു പരിക്കേറ്റതും ഓപ്പണിങ് സഖ്യം ക്ലച്ച് പിടിക്കാതെ വന്നതും സഞ്ജുവിനു വീണ്ടും അവസരമൊരുക്കി. അതിനു ശേഷമാണ് താരം ഐതിഹാസിക ഇന്നിങ്സുകൾ കളിച്ച് ഇന്ത്യയെ അവിശ്വസനീയമാം വിധം കിരീട നേട്ടത്തിലെത്തിച്ചത്. സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസെടുത്തു പുറത്താകാതെ നിന്നു സഞ്ജു ഇന്ത്യയെ സെമിയിലെത്തിച്ചു. സെമിയിലും ഫൈനലിലും 89 റൺസ് വീതവും നേടി ടീമിന്റെ ടോപ് സ്കോററായി. ലോകകപ്പിന്റെ താരമായി മാറിയതും മറ്റാരുമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates