

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇറങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെ മലയാളി താരം സഞ്ജു സാംസൺ അതിന്റെ ഒരുക്കത്തിലാണ്. താരം ഇതിഹാസ ബാറ്റർ യുവരാജ് സിങിന്റെ കീഴിൽ ബാറ്റിങ് പരിശീലനത്തിലാണ്. സഞ്ജുവിന് യുവി ബാറ്റിങ് പാഠങ്ങൾ പകരുന്നതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും വലിയ താമസമുണ്ടായില്ല. ടി20 ഫോർമാറ്റിന്റെ തുടക്ക കാലത്തെ പവർ ഹിറ്റർമാരിൽ ഒരാളാണ് യുവി. താരം പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ ആറ് പന്തുകളും സിക്സർ പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരം കൂടിയാണ്. പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുന്നതിലും യുവി നിർണായകമായിരുന്നു.
യുവിയ്ക്കൊപ്പം സഞ്ജു ഒന്നിച്ചതോടെ ആരാധകരും ആ ചോദ്യം ഉന്നയിക്കുന്നുണ്ട്. ലോകകപ്പ് ടീമിലുള്ള സഞ്ജുവിന്റെ ബാറ്റിൽ നിന്നു ഒരോവറിൽ ആറ് സിക്സുകൾ പിറക്കുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സഞ്ജു ഒരോവറിൽ അഞ്ച് സിക്സുകൾ പറത്തിയിട്ടുണ്ട്. 2024ൽ ബംഗ്ലാദേശിനെതിരായ ടി20 പോരിലാണ് സഞ്ജു ഓരോവറിൽ അഞ്ച് സിക്സുകൾ തൂക്കിയത്.
ശുഭ്മാൻ ഗിൽ ടി20 ടീമിൽ നിന്നു പുറത്തായതോടെ ഓപ്പണർ റോളിലേക്ക് സഞ്ജു തിരിച്ചെത്തുകയായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററും പ്രഥാന വിക്കറ്റ് കീപ്പറും സഞ്ജു തന്നെയാണ്. സഞ്ജുവിന് യുവരാജിന്റെ കോച്ചിങ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സഞ്ജുവിന്റെ സഹ ഓപ്പണറായ അഭിഷേക് ശർമയും യുവരാജിന്റെ ശിഷ്യനാണ്. ടി20 ടീമിൽ നിന്നു പുറത്തായെങ്കിലും നിലവിൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലും യുവരാജിന്റെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി രണ്ട് മത്സരം കളിച്ച സഞ്ജു ഒരു സെഞ്ച്വറി ഉൾപ്പെടെ നേടി ഉജ്വല ഫോമിലാണ്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യ ന്യൂസിലൻഡിനെതിരെ ടി20 പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പ് കളിക്കുന്ന ടീമായിരിക്കും കിവികളെ നേരിടുക എന്നതിനാൽ വിജയ് ഹസാരെയിലെ ഫോം കിവീസിനെതിരായ പരമ്പരയിലും പിന്നീട് ലോകകപ്പിലും തുടരാൻ സാധിക്കുമെന്നു തന്നെയാണ് സഞ്ജു പ്രതീക്ഷിക്കുന്നത്. ഇഷാൻ കിഷനാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലുൾപ്പെടെ മികച്ച ഫോമിലായിരുന്ന ഇഷാനും ടീമിലുള്ളതിനാൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ ഓരോ മത്സരവും സഞ്ജുവിന് നിർണായകമാണ്. യുവരാജിനു കീഴിലുള്ള പരിശീലനം സഞ്ജുവിന് അതിനു സഹായകമാകുമെന്നു തന്നെയാണ് പ്രതീക്ഷ.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ് ഫെബ്രുവരി 7നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇന്ത്യ, യുഎസിനെ നേരിടും. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആഴ്ചകൾക്കു മുൻപു തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. നിർണായക ടൂർണമെന്റിനു മുൻപുള്ള ഒരുക്കമെന്ന നിലയിൽ കിവികൾക്കെതിരായ പരമ്പര ടീം ഇന്ത്യക്കു നിർണായകമാണ്. ഈ മാസം 21നാണ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates