ജയ്പുർ: സർഫറാസ് ഖാന്റെ ബാറ്റ് സംഹാര രൂപം പൂണ്ടപ്പോൾ തലയിൽ കൈവച്ച് പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യയുടെ ടി20 ഓപ്പണറുമായ അഭിഷേക് ശർമ. വിജയ് ഹസാരെ ട്രോഫിയിൽ അഭിഷേകിന്റെ ഒറ്റ ഓവറിൽ മുംബൈയ്ക്കായി സർഫറാസ് അടിച്ചത് 30 റൺസ്! 6, 4, 6, 4, 6, 4 ഒന്നിടവിട്ട പന്തുകളെ സിക്സും ഫോറും പറത്തിയാണ് സ്കോറിങിന്റെ പോക്ക്.
അഭിഷേക് എറിഞ്ഞ പത്താം ഓവറിലെ ആറ് പന്തുകളും അതിർത്തി കടത്തിയ സർഫറാസ് വെറും 15 പന്തിൽ അർധ സെഞ്ച്വറി അടിച്ചു. 20 പന്തിൽ 62 റൺസടിച്ച് താരം മടങ്ങുകയും ചെയ്തു. ഇന്നിങ്സിൽ മൊത്തം 7 ഫോറും 5 സിക്സും താരം തൂക്കി.
വെടിക്കെട്ട് ബാറ്റിങിനൊപ്പം താരം ഒരു റെക്കോർഡും സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗതയാർന്ന അർധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്ററായി സർഫറാസ് മാറി. 2020- 21ൽ ഛത്തീസ്ഗഢിനെതിരെ 16 പന്തിൽ അർധ സെഞ്ച്വറി നേടിയ ബറോഡയുടെ അതിത് ഷെത്തിന്റെ റെക്കോർഡാണ് സർഫ്രാസ് തകർത്തത്.
സർഫറാസ് അതിവേഗം സ്കോർ ചെയ്തെങ്കിലും ത്രില്ലർ പോരാട്ടത്തിനൊടുവിൽ മത്സരം പഞ്ചാബ് ഒരു റൺസിന് വിജയിച്ചു. പഞ്ചാബ് 216 അടിച്ചപ്പോൾ മുംബൈയുടെ പോരാട്ടം 215ൽ അവസാനിച്ചു. പഞ്ചാബ് ഉയർത്തിയ 217 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 26.2 ഓവറിൽ 215 റൺസിനു പുറത്തായി.
സർഫ്രാസിനെ കൂടാതെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (34 പന്തിൽ 45) മാത്രമാണ് മുംബൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. സൂര്യകുമാർ യാദവ് (15), ശിവം ദുബെ (12) എന്നിവർ തിളങ്ങിയില്ല. പഞ്ചാബിനായി മയാങ്ക് മാർക്കണ്ഡെയും ഗുർനൂർ ബ്രാറും നാല് വിക്കറ്റു വീതം വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ അർധ സെഞ്ചറി നേടിയ രമൺദീപ് സിങ് (72), അൻമോൾപ്രീത് സിങ് (57) എന്നിവരാണ് വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ അഭിഷേക് ശർമ വെറും എട്ട് റൺസെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണർ പ്രഭ്സിമ്രാൻ സിങ് 11 റൺസെടുത്തും മടങ്ങി. മുംബൈയ്ക്കായി മുഷീർ ഖാൻ മൂന്ന് വിക്കറ്റും ശിവം ദുബെ രണ്ട് വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates