

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് പോരാട്ടത്തിന്റെ സെമിയിയില്‍ ബംഗ്ലാദേശിനെതിരെ കത്തും സെഞ്ച്വറി തൂക്കി ഇന്ത്യയുടെ ഷെഫാലി വര്‍മ. കാത്തുകാത്തിരുന്ന വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സെഞ്ച്വറിയിലേക്ക് താരം എത്തി.
ഓപ്പണിങ് ഇറങ്ങി 9 കൂറ്റന്‍ സിക്‌സുകളുടേയും 3 ഫോറുകളുടേയും ബലത്തില്‍ താരം 49 പന്തില്‍ പുറത്താകാതെ നിന്ന് അടിച്ചുകൂട്ടിയത് 100 റണ്‍സ്. ഏകദിന, ടി20 പോരാട്ടങ്ങളില്‍ താരം നേടുന്ന കന്നി ശതകമാണിത്. 32 ഏകദിന ഇന്നിങ്‌സുകളും 116 ടി20 ഇന്നിങ്‌സുകളും കാത്തിരുന്നാണ് താരം നേട്ടത്തിലെത്തിയത്. 118ാം പോരാട്ടത്തില്‍ 117ാം ഇന്നിങ്‌സ് കളിച്ച് ഷെഫാലി കന്നി ടി20, വൈറ്റ് ബോള്‍ സെഞ്ച്വറി സ്വന്തമാക്കി. 24 പന്തില്‍ താരം അര്‍ധ സെഞ്ച്വറിയിലുമെത്തിയിരുന്നു.
ഇന്നിങ്‌സിന്റെ അവസാന പന്ത് വരെ നീണ്ട എന്ന് ഷെഫാലിയുടെ നഗോയയിലെ ബാറ്റിങിനെ വിശേഷിപ്പിക്കാം. ഇന്നിങ്‌സിന്റെ മൂന്നാം പന്ത് നേരിട്ട് തുടങ്ങിയ താരത്തിന്റെ ഇന്നിങ്‌സ് 19.6ല്‍ 100 റണ്‍സ് എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയപ്പോഴാണ്!
സിക്‌സില്‍ റെക്കോര്‍ഡ്!
റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഷെഫാലിയുടെ കിടിലന്‍ ഇന്നിങ്‌സ്. ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരമായി ഷെഫാലി മാറി. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരങ്ങളുടെ അന്താരാഷ്ട്ര റെക്കോര്‍ഡില്‍ ഷെഫാലിയുടെ 9 സിക്‌സ് പ്രകടനം രണ്ടാം സ്ഥാനത്തും എത്തി.
36 പന്തില്‍ തൂക്കിയത് 72 റണ്‍സ്
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 195 റണ്‍സ് നേടി. ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്നു 36 പന്തില്‍ തൂക്കിയത് 72 റണ്‍സ്. സ്‌കോര്‍ 72ല്‍ നില്‍ക്കെ സ്മൃതി മടങ്ങി. 19 പന്തില്‍ 2 സിക്‌സും 5 ഫോറും നേടിയാണ് സ്മൃതി പുറത്തായത്. പിന്നാലെ എത്തിയ ഗുണാളന്‍ കമാലിനിക്ക് തിളങ്ങാനായില്ല. താരം 3 റണ്‍സുമായി മടങ്ങി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 6 ഫോറുകള്‍ സഹിതം 33 പന്തില്‍ 40 റണ്‍സുമായി മടങ്ങി. റിച്ച ഘോഷിന് ഇത്തവണയും കാര്യമായൊന്നും ചെയ്യാനായില്ല. താരം 2 റണ്‍സുമായി പുറത്ത്.
പിന്നാലെ വന്ന ഭാരതി ഫൂല്‍മാലി ഒരു സിക്‌സടക്കം 5 പന്തില്‍ 9 റണ്‍സുമായി ഷെഫാലിക്ക് പിന്തുണ നല്‍കി. 44 പന്തില്‍ 95 റണ്‍സിലെത്തിയ ഷെഫാലി 5 പന്തുകള്‍ ചെലവിട്ട് 5 സിംഗിളുകള്‍ ഓടിയെടുത്ത് കരുതലോടെയാണ് സെഞ്ച്വറിയിലേക്ക് എത്തിയത്. 86 മിനിറ്റുകള്‍ നീണ്ട ഇന്നിങ്‌സ്.
'സ്മൃതി മന്ധാന'
19 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 37 റണ്‍സ് വാരി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതിയ ഇന്നിങ്‌സുമായി കളം വാണു. വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്മൃതി മന്ധാന നഗോയയില്‍ എഴുതി വച്ചു. 19 പന്തില്‍ 37 റണ്‍സുമായി സ്മൃതി അറാം ഓവറിലെ അവസാന പന്തില്‍ മടങ്ങിയെങ്കിലും ഷെഫാലിക്കൊപ്പം ചേര്‍ന്ന് മിന്നല്‍ തുടക്കം നല്‍കിയാണ് താരം മടങ്ങിയത്. ഒപ്പം റെക്കോര്‍ഡ് നേട്ടവും. സ്മൃതി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 72ല്‍ എത്തിയിരുന്നു.
വനിതാ ടി20യില്‍ ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റ്‌സിനെ മറികടന്നാണ് സ്മൃതി പുതു ചരിത്രം എഴുതിയത്. മത്സരത്തിനിറങ്ങും മുന്‍പ് റെക്കോര്‍ഡിലേക്ക് ഏഴ് റണ്‍സ് മാത്രാമായിരുന്നു സ്മൃതിക്ക് വേണ്ടിയിരുന്നത്. ഏഷ്യന്‍ ഗെയിംസ് സെമിയില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 4788 റണ്‍സുമായി സ്മൃതിയാണ് വനിതാ ടി20 ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം. സുസി ബെയ്റ്റ്‌സിന് 4758 റണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. താരത്തിന് 4287 റണ്‍സ്.
ഏഷ്യന്‍ ഗെയിംസിന് എത്തും മുന്‍പ് സ്മൃതി ഇന്ത്യക്ക് റെക്കോര്‍ഡ് ഏഷ്യാ കപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാം താരമെന്ന മികവിലാണ് സ്മൃതി നഗോയയിലേക്ക് വരുന്നത്. താരം ഏഷ്യാ കപ്പില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്. ഹോങ്കോങ് ചൈനയ്‌ക്കെതിരെ സ്മൃതി സെഞ്ച്വറിയും നേടിയിരുന്നു. പിന്നാലെയാണ് ചരിത്ര നേട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates