വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍/ഫോട്ടോ: ഐപില്‍, ട്വിറ്റര്‍
വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍/ഫോട്ടോ: ഐപില്‍, ട്വിറ്റര്‍

പഞ്ചാബിൽ നിന്ന് ഷോക്ക് ട്രീറ്റ്മെന്റ്‌; പിഴച്ചത് എവിടെ? കോഹ് ലി ചൂണ്ടിക്കാണിക്കുന്നു

ആറ് കളിയിൽ അഞ്ചും ജയിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയിട്ടും പഞ്ചാബിന് മുൻപിൽ ബാം​ഗ്ലൂർ വീണു
Published on

അഹമ്മദാബാദ്: ആറ് കളിയിൽ അഞ്ചും ജയിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയിട്ടും പഞ്ചാബിന് മുൻപിൽ ബാം​ഗ്ലൂർ വീണു. താളം കണ്ടെത്താൻ വിഷമിച്ചിരുന്ന പഞ്ചാബിനെതിരെ നേരിട്ട തോൽവിയിൽ ബാറ്റിങ്, ബൗളിങ് വിഭാ​ഗങ്ങളെ പഴിക്കുകയാണ് ബാം​ഗ്ലൂർ നായകൻ വിരാട് കോഹ് ലി. 

20-25 റൺസ് ബൗളർമാർ അധികം നൽകിയെന്നാണ് കോഹ് ലി പറയുന്നത്. അവർക്ക് മാന്യമായ തുടക്കമാണ് ലഭിച്ചത്. എന്നാൽ അവരെ പിന്നിലേക്ക് വലിക്കാൻ ഞങ്ങൾക്കായി. പക്ഷേ അവസാന ഓവറുകളിൽ 25 റൺസോളം വഴങ്ങിയത് വളരെ കൂടുതലായി പോയി. 160 ആയിരുന്നു വിജയ ലക്ഷ്യം എങ്കിൽ ഉറപ്പായും മറികടക്കാൻ സാധിക്കുമായിരുന്നു എന്നും കോഹ് ലി പറഞ്ഞു. 

180 റൺസ് ആണ് പഞ്ചാബ് ബാം​ഗ്ലൂരിന് മുൻപിൽ വെച്ചത്. 91 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ ഇന്നിങ്സ് ആണ് ഇവിടെ പഞ്ചാബിനെ തുണച്ചത്. ചെയ്സ് ചെയ്തിറങ്ങിയ ബാം​ഗ്ലൂരിന് 34 റൺസിന്റെ തോൽവി സമ്മതിക്കേണ്ടതായി വന്നു. കഴിഞ്ഞ കളികളിലെല്ലാം ബാം​ഗ്ലൂരിനെ താങ്ങിയ ഡിവില്ലിയേഴ്സ് മൂന്ന് റൺസിനും മാക്സ് വെൽ പൂജ്യത്തിനും പുറത്തായി. 

ബാറ്റിങ്ങിലും ഞങ്ങളുടെ ​ഗതി ശരിയായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ അവർ നന്നായി പന്തെറിഞ്ഞു. സമ്മർദം ഞങ്ങൾക്ക് മേൽ നിലനിർത്താൻ അവർക്ക് കഴിഞ്ഞു. എന്നാൽ ബാറ്റ്സ്മാൻ എന്ന നിലയിൽ തുടക്കത്തിൽ മറ്റ് പല വഴിയും ഞങ്ങൾക്ക് പരീക്ഷിക്കാമായിരുന്നു. കൂട്ടുകെട്ട് സൃഷ്ടിക്കുകയും 110ൽ എങ്കിലും സ്ട്രൈക്ക് റേറ്റ് കണ്ടെത്തി കളിക്കുകയുമാണ് വേണ്ടിയിരുന്നത്. എന്നാൽ അങ്ങനെ ചെയ്യാനായില്ല. 

സീസണിലെ ആദ്യ നാല് കളിയിലും ബാം​ഗ്ലൂർ തുടരെ ജയം പിടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 3 കളിയിൽ രണ്ടിലും കോഹ് ലിയും കൂട്ടരും തോറ്റു. ഏഴ് കളിയിൽ നിന്ന് 10 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അവരിപ്പോൾ. മെയ് മൂന്നിന് കൊൽക്കത്തക്കെതിരെയാണ് അടുത്ത കളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com