

മുംബൈ: സൂര്യകുമാർ യാദവിന്റെ പകരക്കാരനായി ശ്രേയസ് അയ്യർ തന്നെ നായകനായി വരുമെന്നു റിപ്പോർട്ടുകൾ. ടി20 ഫോർമാറ്റിൽ ശ്രേയസിനെ നായകനായി ശനിയാഴ്ച പ്രഖ്യാപിമിക്കുമെന്നാണ് വിവരം. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ഐപിഎല്ലിൽ വിസ്മയം പുറത്തെടുത്ത വണ്ടർ കിഡ് വൈഭവ് സൂര്യവംശിയ്ക്ക് സീനിയർ ടീമിലേക്ക് വാതിൽ തുറക്കുമെന്നും ഉപ്പായെന്നാണ് വിവരം.
ബിസിസിഐയുടെ അപെക്സ് കൗൺസിൽ ഇന്ന് യോഗം ചേർന്നിരുന്നു. ഓൺലൈനായി ചേരുന്ന യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നെന്നാണ് സൂചന. സമവായത്തെലെത്തിയതായാണ് വിവരം.
2028 ലൊസാഞ്ചലസ് ഒളിംപിക്‌സും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് ടി20 സ്‌ക്വാഡിനെ അഴിച്ചുപണിയാൻ ഒരുങ്ങുകയാണ് ബിസിസിഐ. വൈഭവ് സൂര്യവംശിയടക്കം ഐപിഎല്ലിൽ മിന്നും ഫോമിൽ കളിച്ച താരങ്ങൾക്ക് ടീമിൽ ഇടം കിട്ടിയേക്കും. അതേസമയം ക്യാപ്റ്റൻസി നഷ്ടപ്പെട്ട സൂര്യ ടീമിൽ പോലും ഉണ്ടാകാൻ സാധ്യതയില്ലെന്നും ഉറപ്പായെന്നാണ് വിവരം. സൂര്യകുമാർ യാദവിന്റെ മോശം പ്രകടനമാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചത്. സൂര്യകുമാർ യാദവിന്റെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയെങ്കിലും ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിൽ മാത്രം സൂര്യ ടീമിൽ തുടരേണ്ടതില്ലെന്ന നിലപാടാണ് ബിസിസിഐ കൈക്കൊണ്ടത്.
സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാൻ അതിനിടെ കോച്ച് ഗൗതം ഗംഭീർ താത്പര്യം എടുത്തതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം. ഇതാണ് ശ്രേയസിനു കാര്യങ്ങൾ സുഗമമാക്കിയത്.
ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യരെ നായക സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഈ സീസണിലടക്കം ഐപിഎല്ലിൽ താരം പുറത്തെടുക്കുന്ന നായക മികവാണ്. ക്യാപ്റ്റനായ എല്ലാ ടീമുകളേയും ശ്രേയസ് ഫൈനലിലെത്തിച്ചിട്ടുണ്ട്. മാത്രമല്ല കൊൽക്കത്തയെ കിരീട നേട്ടത്തിലുമെത്തിച്ചു. ഐപിഎൽ 2025ൽ പഞ്ചാബ് കിങ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ്, 2026 സീസണിലും മികച്ച ബാറ്റിങും പുറത്തെടുത്തു. 14 മത്സരങ്ങളിൽ നിന്ന് 498 റൺസ് നേടിയ താരം ഒരു സെഞ്ച്വറി അഞ്ച് അർധ സെഞ്ച്വകളും സ്വന്തമാക്കി. 168.81 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.
സൂര്യകുമാർ യാദവിന് പകരം ഇന്ത്യയുടെ ടി20 ടീമിൽ നാലാം നമ്പർ ബാറ്ററായും ശ്രേയസ് അയ്യരെ ഉൾപ്പെടുത്താം. ഇക്കാര്യങ്ങൾ പരിഗണിച്ച് താരത്തെ നായകനാക്കണം എന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ അഭിപ്രായം.
തുടരെ രണ്ടാം തവണയും ആർസിബിയെ കിരീട നേട്ടത്തിലേക്ക് നയിച്ച രജത് പടിദാർ, മലയാളി താരം സഞ്ജു സാംസൺ, തിലക് വർമ അടക്കമുള്ളവരുടെ സൂര്യയുടെ പകരക്കാരായി ഉയർന്നു കേട്ടിരുന്നു. എന്നാൽ ശ്രേയസാണ് യോഗ്യനെന്നു ബിസിസിഐ ഉറപ്പിച്ചു കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates