

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയത് വലിയ സര്‍പ്രൈസുണ്ടാക്കിയിരുന്നു. താരത്തിന്റെ ഫോമാണ് ബിസിസിഐ കാര്യമായി പരിഗണിച്ചതെന്നു വ്യക്തം. മാത്രമല്ല ഇത്രയും അവസരങ്ങള്‍ കിട്ടിയിട്ടും ടി20 ഫോര്‍മാറ്റിനു വേണ്ട തുടക്കം നല്‍കാന്‍ ഗില്ലിനു സാധിക്കാത്തത് കടുത്ത തീരുമാനത്തില്‍ നിര്‍ണായകമായി. ലോകകപ്പ് പോരാട്ടങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അരങ്ങേറുന്നത്. ടൂര്‍ണമെന്റ് പുരോഗമിക്കും തോറും പിച്ചുകള്‍ സ്ലോ ആകുമെന്നതിനാല്‍ ആദ്യ പവര്‍ പ്ലേയില്‍ കളിക്കുന്ന ഓപ്പണര്‍മാരുടെ റോള്‍ നിര്‍ണായകമാണ്.
താളം കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന, റണ്‍സ് നേടാന്‍ കഷ്ടപ്പെടുന്ന ഗില്ലിനെയാണ് ഓപ്പണിങ് സ്ഥാനത്തെത്തിച്ച ശേഷം കണ്ടത്. ഒരു ഭാഗത്ത് അഭിഷേക് ശര്‍മ സ്‌ഫോടനാത്മക ബാറ്റിങുമായി സ്ഥിരത പുലര്‍ത്തുമ്പോഴാണ് പിച്ചിന്റെ മറുവശത്ത് ഗില്‍ നിരന്തരം വിയര്‍ത്തത്. പലപ്പോഴും അഭിഷേകിന്റെ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ആദ്യ പവര്‍പ്ലേയില്‍ പിടിച്ചു നിന്നത്.
9 കളികള്‍ക്ക് അവസാനം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 പോരാട്ടത്തില്‍ ഇന്ത്യ വീണ്ടും ഓപ്പണറായി ഇറക്കി. ഗില്ലിനു പരിക്കേറ്റപ്പോഴാണ് മലയാളി താരത്തിനു അവസരം വീണ്ടും കിട്ടിയത്. ആ കളി ടീമിന്റെ ബാറ്റിങ് തുടക്കത്തെ തന്നെ മാറ്റി. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കു ടി20യില്‍ വിസ്‌ഫോടനാത്മകമായ തുടക്കവും കിട്ടി. ആ മത്സരത്തിന്റെ താളം തന്നെ മാറിയതു കണ്ടതോടെയാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ പരാജയപ്പെട്ടവന്റേതായിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറക്കി ഗില്ലിനെ നിര്‍ത്താനുള്ള ശ്രമം തെറ്റായെന്നു ബോധ്യപ്പെട്ടുവെന്നു പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു ടീം പ്രഖ്യാപനം.
ലോകകപ്പില്‍ അഭിഷേകിനൊപ്പം സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ കെല്‍പ്പ് സഞ്ജു സാംസണാണെന്നു അതോടെ അഗാര്‍ക്കര്‍ക്കു ബോധ്യം വന്നു. ഒപ്പം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇഷാന്‍ കിഷനും ടീമിലെത്തി. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിനെ മുന്നില്‍ നിന്നു നയിച്ച് താരം സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു. ഹരിയാനെയ്‌ക്കെതിരായ ഫൈനലില്‍ ഓപ്പണറായി ഇറങ്ങി അതിവേഗ സെഞ്ച്വറിയടിച്ചാണ് ഇഷാന്‍ തിളങ്ങിയത്. പിന്നാലെയാണ് ലോകകപ്പ് ടീമിലേക്കുള്ള വിളി വന്നതും. സഞ്ജുവിനൊപ്പം ബേക്ക് അപ്പ് ഓപ്പണറും വിക്കറ്റ് കീപ്പറുമായാണ് ഇഷാന്റെ ടീമിലേക്കുള്ള തിരിച്ചു വരവ്.
കോമ്പിനേഷന്‍ നോക്കിയാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് എന്നാണ് അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. '15 പേര്‍ക്കാണ് ടീമിലിടം നല്‍കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഗില്ലിനെയാണ് ഒഴിവാക്കുന്നത്. അതിനര്‍ഥം അദ്ദേഹം നല്ലൊരു കളിക്കാരനല്ല എന്നല്ല'- അഗാര്‍ക്കറുടെ വിശദീകരണം.
ടെസ്റ്റ്, ഏകദിന നായക സ്ഥാനങ്ങള്‍ നല്‍കി ടി20 ടീമിന്റെ ക്യാപ്റ്റനായും ഗില്ലിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബിസിസിഐ ശ്രമം അമ്പേ പാളിയെന്നു വ്യക്തമാക്കുന്നതായി ടീം പ്രഖ്യാപനം. ടി20യില്‍ ഓപ്പണറായി 3 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണെ അവിടെ നിന്നു മാറ്റിയായിരുന്നു ഗില്ലിനെ പ്രതിഷ്ഠിച്ചത്. സഞ്ജുവിനെ 5, 6 സ്ഥാനങ്ങള്‍ നല്‍കി താഴോട്ടിറക്കിയായിരുന്നു പരീക്ഷണം. പിന്നാലെ ജിതേഷ് ശര്‍മയെ കളിപ്പിച്ച് സഞ്ജുവിനെ 9 കളികളില്‍ ബഞ്ചിലിരുത്തി ബിസിസിഐ മറ്റൊരു പദ്ധതിയും നടപ്പാക്കി. ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ ലോകകപ്പിനുള്ള 15 അംഗ സംഘത്തിലേക്ക് ജിതേഷ് ശര്‍മയേയും പരിഗണിച്ചില്ല എന്നതുകൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates