

സിഡ്നി: അലൻ ബോർഡർ ഫീൽഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ചരിത്ര നേട്ടവുമായി ബംഗ്ലാദേശ് വനിതാ താരം ശോഭന മോസ്താരി. തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേട്ടത്തിനൊപ്പം ഓസ്ട്രേലിയക്കെതിരെ അന്താരാഷ്ട്ര പോരാട്ടത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് വനിതാ താരമെന്ന അനുപമ റെക്കോർഡും താരം സ്വന്തം പേരിൽ എഴുതി ചേർത്ത് കന്നി ശതകം അവിസ്മരണീയമാക്കി.
134 പന്തുകൾ നേരിട്ട് താരം 118 റൺസുകൾ അടിച്ചെടുത്തു. 18 ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. താരത്തിന്റെ കരുത്തിൽ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ഓസ്ട്രലിയൻ വനിതകൾ പക്ഷേ മത്സരം വിജയിച്ചു. ജോർജിയ നേടിയ 97 പന്തിൽ 131 റൺസ് ശതക ബാറ്റിങ് ബലത്തിൽ ഓസീസ് വനിതകൾ ഒറ്റ വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എടുത്ത് മത്സരം 9 വിക്കറ്റിന് സ്വന്തമാക്കി.
ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 8 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായി തകർന്ന ബംഗ്ലാ വനിതകളെ ക്യാപ്റ്റൻ നിഗർ സുൽത്താനയ്ക്കൊപ്പം ഉറച്ചു നിന്ന് ശോഭന ഉയർത്തിക്കൊണ്ടു വന്നു. ഇരുവരും ചേർന്നു നാലാം വിക്കറ്റിൽ 195 റൺസിന്റെ നിർണായക സ്കോർ ബോർഡിൽ ചേർത്തു. 114 പന്തിൽ 74 റൺസാണ് നിഗർ സുൽത്താന അടിച്ചത്.
ശോഭന- നിഗർ കൂട്ടുകെട്ടും ഒരു റെക്കോർഡ് നേട്ടത്തിലെത്തി. ഏകദിന ക്രിക്കറ്റിൽ ഏതൊരു വിക്കറ്റിലേയും ബംഗ്ലാദേശിന്റെ ഉയർന്ന കൂട്ടുകെട്ടു കൂടിയാണ് ഈ 195 റൺസ്. 2025ൽ തായ്ലൻഡിനെതിരെ മൂന്നാം വിക്കറ്റിൽ നിഗർ സുൽത്തനയും ശർമിൻ അക്തറും ചേർന്നു നേടിയ 152 റൺസായിരുന്നു നേരത്തെയുള്ള റെക്കോർഡ്.
ഇന്നിങ്സിലുടനീളം സംയമനവും ദൃഢനിശ്ചയവും പ്രകടിപ്പിച്ച കിടിലൻ ബാറ്റിങാണ് 24കാരിയായ ശോഭന പുറത്തെടുത്തത്. അവിസ്മരണീയ പോരാട്ടമാണ് ശോഭനയും നിഗറും ചേർന്ന് നടത്തിയത്. നിഗറിന്റെ പേരിലായിരുന്നു ഇതുവരെ ഓസ്ട്രേലിയക്കെതിരെ ഒരു ബംഗ്ലാദേശ് വനിതാ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറിന്റെ (63 റൺസ്) റെക്കോർഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates