അവസാന 6 പന്തിൽ 17 റൺസ്, വനിതാ പ്രീമിയർ ലീ​ഗ് ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവർ! ബാറ്റിലും പന്തിലും 'സോഫി മാജിക്ക്' (വിഡിയോ)

സൂപ്പർ ഓവറിൽ സ്മൃതി മന്ധാനയുടെ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെ വീഴ്ത്തി ത്രില്ലർ ജയം പിടിച്ച് യുപി വാരിയേഴ്സ്
Sophie Ecclestone shines as UP Warriorz beat RCB in WPL's first-ever Super Over
സോഫി എക്ലെസ്റ്റൻ എക്സ്
Updated on
2 min read

ബം​ഗളൂരു: വനിതാ പ്രീമിയർ ലീ​ഗ് ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടം ജയിച്ചു കയറി യുപി വാരിയേഴ്സ്. സൂപ്പർ താരം സ്മൃതി മന്ധാന നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെയാണ് യുപി വീഴ്ത്തിയത്. സീസണിൽ നാല് കളിയിൽ അവർ നേടുന്ന രണ്ടാം ജയമാണിത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മാന്ത്രിക പ്രകടനം പുറത്തെടുത്ത സോഫി എക്ലെസ്റ്റൻ പുറത്തെടുത്ത ഐതിഹാസിക പ്രകടനമാണ് ത്രില്ലർ പോരാട്ടത്തിൽ യുപിയെ ജയത്തിലേക്ക് നയിച്ചത്.

മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് സൂപ്പർ ഓവർ ഫലം നിർണയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി വനിതകൾ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് കണ്ടെത്തി. യുപി വനിതകളുടെ മറുപടിയും 20 ഓവറിൽ 180 റൺസിൽ തന്നെ അവസാനിച്ചു. പിന്നാലെ സൂപ്പർ ഓവർ.

മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ അവസാന ഓവറിൽ കൂറ്റനടികളുമായി സോഫി ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നാലെ സൂപ്പർ ഓവറിൽ താരം പന്തു കൊണ്ടും മാജിക്ക് പുറത്തെടുത്തു. ഉറപ്പിച്ച ജയം കൈവിട്ടതിന്റെ അവിശ്വസനീയതയിൽ ആർസിബി മൈതാനത്തു നിന്നു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് യുപിയാണ്. അവർ 8 റൺസെടുത്തു. ആർസിബിയുടെ മറുപടി വെറും 4 റൺസിൽ ഒതുങ്ങി. സൂപ്പർ ഓവറിൽ സോഫി എക്ലസ്റ്റനാണ് യുപിക്കായി പന്തെറിഞ്ഞത്. ആർസിബിക്കായി ബാറ്റ് ചെയ്യാനിറങ്ങിയത് സ്മൃതി മന്ധാനയും റിച്ച ഘോഷും. കൂറ്റനടിക്കാരായ ഇരുവർക്കും പക്ഷേ സോഫി എക്ലസ്റ്റന്റെ പന്തുകളിൽ രണ്ട് വീതം റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

സ്കോർ പിന്തുടർന്നപ്പോൾ അവസാന ഓവറിൽ യുപിയ്ക്ക് ജയിക്കാൻ ഒരു വിക്കറ്റ് കൈയിലിരിക്കെ 18 റൺസ് കൂടി വേണമായിരുന്നു. 19 ഓവർ പൂർത്തിയാകുമ്പോൾ അവർ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലായിരുന്നു. അവസാന ഓവർ എറിയാനെത്തിയതാകട്ടെ ആർസിബിയുടെ കരുത്തുറ്റ പേസർ രേണുക സിങ്. ആ​ദ്യ മൂന്നോവറിൽ 19 റൺസ് മാത്രമാണ് രേണുക വഴങ്ങിയത്. 2 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ആർസിബിയുടെ ജയം ആരാധകർ ഉറപ്പിക്കുകയും ചെയ്തു.

എന്നാൽ കഥ അവിടെ തീർന്നിട്ടില്ലെന്നു സോഫി ഉറപ്പിച്ചിരുന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ സോഫി റൺസെടുത്തില്ല. ഇതോടെ ലക്ഷ്യം 5 പന്തിൽ 18. രണ്ടും മൂന്നും പന്തുകൾ താരം നിലം തൊടാതെ ​ഗാലറിയിലേക്ക് പറത്തിയതോടെ യുപിയുടെ ലക്ഷ്യം 3 പന്തിൽ 6. രേണുകയുടെ നാലാം പന്ത് സോഫി ഫോറിലേക്കും വഴി തിരിച്ചതോടെ യുപിയുടെ വിജയത്തിനരികിൽ. അവർക്ക് ജയിക്കാൻ 2 പന്തിൽ 2 റൺസ് എന്ന നില. അഞ്ചാം പന്തിൽ സോഫി സിം​ഗിൾ ഓടി. ജയത്തിലേക്ക് അപ്പോൾ 1 പന്തും 1 റൺസും ബാക്കി. എന്നാൽ അവസാന പന്തിൽ സോഫി റണ്ണൗട്ടായതോടെ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരം സൂപ്പർ ഓവറിലേക്കും നീണ്ടു.

മത്സരത്തിൽ 19 പന്തിൽ 4 സിക്‌സും ഒരു ഫോറും സഹിതം സോഫി എക്ലസ്റ്റോൻ 33 റൺസ് അടിച്ചെടുത്തു. താരമാണ് ടീമിന്റെ ടോപ് സ്‌കോററും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com